നഗരസഭാ ലൈബ്രറിക്കകത്തെ ടൈലുകള്‍ പൊട്ടിത്തെറിക്കുന്നു-
തളിപ്പറമ്പ്: ടൈലുകള്‍ പൊട്ടിത്തെറിക്കുന്ന പ്രതിഭാസം തുടരുന്നു, തളിപ്പറമ്പ് നഗരസഭാ ലൈബ്രറിയില്‍ എത്തുന്നവര്‍ ഭീതിയില്‍.
17,000 ത്തിലധികം പുസ്തകങ്ങളും ആയിരത്തിലേറെ മെമ്പര്‍മാരും ഉള്ള തളിപ്പറമ്പ് നഗരസഭാ ലൈബ്രറിക്കകത്ത് കയറാനും പുസ്തകമെടുക്കാനും ഭയപ്പെടുകയാണ്.
നിലത്ത് പതിച്ച ടൈലുകള്‍ പൊങ്ങിനില്‍ക്കുന്നത് ചവിട്ടുമ്പോള്‍ പൊട്ടിത്തകര്‍ന്ന് കാലിലേക്ക് കയറുമെന്ന നിലയിലാണ്.
ചിലപ്പോള്‍ തറയില്‍ നിന്ന് പൊങ്ങുന്ന ടൈലുകള്‍ സ്വയം പൊട്ടിത്തെറിക്കുന്നുമുണ്ട്.
ലൈബ്രറുയുടെ ഏതാണ്ട് പകുതിയോളം സ്ഥലം ഇത്തരത്തില്‍ അപകടാവസ്ഥയിലായിട്ട് വര്‍ഷം ഒന്നുകഴിഞ്ഞുവെങ്കിലും ഉത്തരവാദപ്പെട്ടവര്‍ക്ക് കുലുക്കമൊന്നുമില്ല.
അപകടാവസ്ഥയിലുള്ള സ്ഥലത്തേക്ക് വായനക്കാര്‍ കടക്കാതിരിക്കാനായി കസേരകളിട്ട് തടസം വെച്ചിരിക്കയാണ് ലൈബ്രറി ജീവനക്കാര്‍.
നിര്‍മ്മാത്തിലെ അപാകതയാണ് ഇതിന് കാരണമെന്നാണ് പരാതി.
2015 ല്‍ നവീകരിച്ച് ഉദ്ഘാടനം ചെയ്ത ലൈബ്രറികെട്ടിടത്തിന്റെ രണ്ടാംനില മിനി ഓഡിറ്റോറിയമാക്കാനാണ് ഉദ്ദേശിച്ചിരുന്നതെങ്കിലും ടൈലുകള്‍ അപകടാവസ്ഥയിലായത് കാരണം അടച്ചിടുകയായിരുന്നു.
ഇപ്പോള്‍ ലൈബ്രറി പ്രവര്‍ത്തിക്കുന്ന ഒന്നാംനിലയും സമാന അവസ്ഥയിലാണ്. ഇത് അടിയന്തിരമായി നവീകരിക്കണമെന്നാണ് വായനക്കാരുടെ ആവശ്യം.