ചീമേനി ബാങ്കിലും വ്യാജസ്വര്‍ണം പണയതട്ടിപ്പ്-

ചീമേനി: തിമിരി ബാങ്കില്‍ മുക്കുപണ്ടം പണയം വെച്ച കേസില്‍ പിടിയിലായ പ്രതികള്‍ ചീമേനി സര്‍വീസ് സഹകരണ ബാങ്കിലും സമാനമായ തട്ടിപ്പ് നടത്തി.

10 വളകള്‍ പണയം വെച്ച് 3,92,000 രൂപയാണ് തട്ടിയെടുത്തത്. ചീമേനി പെട്ടിക്കുണ്ടിലെ കണ്ടോത്തുംപുറത്ത് വീട്ടില്‍ കെ.രാജേഷ്, ആമത്തലയിലെ എ.പി.കെ.അഷറഫ് എന്നിവരാണ് തട്ടിപ്പ് നടത്തിയത്.

ഈ വര്‍ഷം ആഗസ്ത്-29 ന് രാത്രി 7.45 ന് രാജേഷ് ചീമേനി സര്‍വീസ് സഹകരണബാങ്ക് സായാഹ്നശാഖയില്‍ 39.800 ഗ്രാമിന്റെ 5 വളകളും എ.പി.കെ.അഷറഫ് 22-ാം തീയതി രാത്രി 7 ന് 40.300 ഗ്രാമിന്റെ 5 വളകളുമാണ് പണയം വെച്ചത്.

1,99,000 രൂപയും 1,93,000 രൂപയുമാണ് ഇവര്‍ വാങ്ങിയത്.

തിമിരി ബാങ്കില്‍ പ്രതികള്‍ അറസ്റ്റിലായതോടെയാണ് ചീമേനി ബാങ്കില്‍ പരിശോധന നടത്തിയത്.

സാധാരണഗതില്‍ അപ്രൈസര്‍മാര്‍ ഉരച്ചുനോക്കിയാല്‍ മനസിലാവാത്ത രീതിയിലായിരുന്നു മുക്കുപണ്ടം സ്വര്‍ണമാക്കി
മാറ്റിയത്.

ബാങ്ക് മാനേജര്‍ പിലാന്തോയിയിലെ തൈവളപ്പില്‍ വീട്ടില്‍ ടി.വി. രഞ്ജിത്ത് കുമാറിന്റെ പരാതിയില്‍ ചീമേനി പൊലീസ് രണ്ട് കേസുകള്‍ റജിസ്റ്റര്‍ ചെയ്തു.