അനാഥ ശവസംസ്‌ക്കാര രംഗത്തേക്ക് സി.പിഎമ്മും, പ്രേരണയായത് സി.എച്ച്.സെന്റര്‍.

കരിമ്പം.കെ.പി.രാജീവന്‍

തളിപ്പറമ്പ് : സമാനതകളില്ലാത്ത സേവനദൗത്യവുായി രംഗത്തുള്ള സി.എച്ച്.സെന്ററിന്റെ പ്രവൃത്തികളുടെ ചുവടുപിടിച്ച് സി.പി.എമ്മും അനാഥ മൃതദേഹങ്ങളുടെ സംസ്‌ക്കാരത്തിന് രംഗത്തിറങ്ങി.

ജാതി-മത-വര്‍ഗ രാഷ്ട്രീയ വ്യത്യാസമില്ലാതെ ഏതൊരാളുടെ മൃതദേഹവും ഏറ്റെടുത്ത് അവരുടെ മതകര്‍മ്മങ്ങള്‍ പ്രകാരം സംസ്‌ക്കരിക്കാന്‍ സജീവമായി രംഗത്തുള്ള പരിയാരത്തെ സി.എച്ച്.സെന്റര്‍ എല്ലാ വിഭാഗങ്ങളുടെയും ആദരവ് പിടിച്ചുപറ്റിയിരുന്നു.

മുസ്ലിംലീഗിന് മറ്റ് ജനവിഭാഗങ്ങള്‍ക്കിടയില്‍ ഇതിന്റെ പേരില്‍ ഉണ്ടായ വമ്പിച്ച സ്വീകാര്യതയാണ് ഈ ദൗത്യം കൂടി ഏറ്റെടുക്കാന്‍ സി.പി.എമ്മിനെ പ്രേരിപ്പിച്ചതെന്നാണ് സൂചന.

ഒരു മൃതദേഹവും സംസ്‌ക്കരിക്കാന്‍ ആളില്ലാതെ അവശേഷിക്കില്ലെന്നും, ഇത്തരം കാര്യങ്ങളില്‍ ഇടുങ്ങിയ രാഷ്ട്രീയചിന്തകള്‍ തങ്ങള്‍ക്കില്ലെന്നും സി.എച്ച്.സെന്ററിന്റെ പ്രവൃത്തികള്‍ക്ക് ഇതൊന്നും തടസമാണെന്ന് കരുതുന്നില്ലെന്നും സി.എച്ച്.സെന്റര്‍ ചെയര്‍മാനും മുസ്ലിം ലീഗ് കണ്ണൂര്‍ ജില്ലാ പ്രസിഡന്റുമായ അഡ്വ.അബ്ദുള്‍കരീം ചേലേരി പറഞ്ഞു.

കോവിഡ് കാലത്തുള്‍പ്പെടെ അറുന്നൂറില്‍പരം മൃതദേഹങ്ങളാണ് പരിയാരം സി.എച്ച്.സെന്റര്‍ സംസ്‌ക്കരിച്ചത്.

മെഡിക്കല്‍ കോളേജില്‍ മരണപ്പെടുന്ന ഹിന്ദു-ക്രിസ്ത്യന്‍ വിഭാഗത്തില്‍ പെട്ടവരുടെ സംസ്‌ക്കാരവും സി.എച്ച്.സെന്റര്‍ ഏറ്റെടുത്തിരുന്നു.

ഇക്കഴിഞ്ഞ സി.പി.എം ബ്രാഞ്ച്-ലോക്കല്‍ സമ്മേളനങ്ങളിലും മാടായി ഏരിയാ സമ്മേളനത്തിലും സി.എച്ച്.സെന്ററിന്റെ പ്രവര്‍ത്തികള്‍ ചര്‍ച്ചയായതായി ഒരു സി.പി.എം നേതാവ് കണ്ണൂര്‍ ഓണ്‍ലൈന്‍ന്യൂസിനോട് പ്രതികരിച്ചു. സി.എച്ച്.സെന്റര്‍ പ്രവര്‍ത്തകര്‍ മെഡിക്കല്‍ കോളേജ് കേന്ദ്രീകരിച്ച് നടത്തുന്ന സേവനപ്രവര്‍ത്തനങ്ങളുടെ പകുതിപോലും എത്താന്‍ വലിയ സംഘടനാ സംവിധാനവും ഐ.ആര്‍.പി.സി എന്ന സേവന പ്രസ്ഥാനവും ഉണ്ടായിട്ടും സി.പി.എമ്മിന് കഴിഞ്ഞിട്ടില്ലെന്ന് പ്രവര്‍ത്തകര്‍ കുറ്റപ്പെടുത്തിതാണ് നേതൃത്വത്തിന്റെ കണ്ണ് തുറപ്പിച്ചത്.

ലീഗിന്റെ ഇത്തരം പ്രവൃത്തികള്‍ അവരുടെ ബഹുജനപിന്തുണ കൂട്ടുന്നതായി തിരിച്ചറിഞ്ഞാണ് പാര്‍ട്ടിയുടെ നിയന്ത്രണത്തിലുള്ള ദയ ചാരിറ്റബിള്‍ സൊസൈറ്റി ഈ ഉത്തരവാദിത്വം ഏറ്റെടുത്തിരിക്കുന്നത്.

ആദ്യത്തെ മൃതദേഹ സംസ്‌ക്കാരവും ഇന്നലെ നടന്നു.

കണ്ണൂര്‍ റൂറല്‍ പോലീസ് മേധാവിയുടെ അനുവാദത്തോടെ മെഡിക്കല്‍ കോളേജ് അധികൃതര്‍ ദയ ചാരിറ്റബിള്‍ സൊസൈറ്റിയോട് അഭ്യര്‍ത്ഥിച്ചത് പ്രകാരമാണ് പുതിയ ദൗത്യം ഏറ്റെടുത്തതെന്ന് ദയയുടെ വൈസ് ചെയര്‍മാനും സി.പി.എം നേതാവുമായ എം.വി.രാജീവന്‍ പറഞ്ഞു.

ജീവകാരുണ്യ പ്രവര്‍ത്തനങ്ങളില്‍ ശ്രദ്ധയൂന്നിക്കൊണ്ട് പ്രവര്‍ത്തിക്കുന്ന ദയ പരിയാരം മഹത്തായ പ്രവര്‍ത്തനമായിട്ടാണ് മരണശേഷമുള്ള ഒരു മനുഷ്യന്റെ അന്തസ്സാര്‍ന്ന ശവ സംസ്‌കാരവുമെന്ന് വിശ്വസിക്കുന്നതായും, ഇതോടെ ദയ ചാരിറ്റബിള്‍ സൊസൈറ്റി കണ്ണൂര്‍ ഗവ: മെഡിക്കല്‍ കോളേജില്‍ ബന്ധുക്കള്‍ ഏറ്റെടുക്കാത്ത മൃതശരീരങ്ങള്‍ സംസ്‌കരിക്കുന്ന മുഴുവന്‍ ഉത്തരവാദിത്വവും ഏറ്റെടുക്കുകയാണെന്നും ഭാരവാഹികള്‍ പറഞ്ഞു.

2025 മാര്‍ച്ച് 6 ന് മരണപ്പെട്ട തമിഴ്‌നാട് രാമേശ്വരം സ്വദേശി ശിവസ്വാമിയുടെ ശവസംസ്‌കാരം മണ്ടൂര്‍ പൊതുശ്മാശനത്തിലാണ് ദയയുടെ വളണ്ടിയര്‍മാര്‍ നടത്തിയത്.

ഒരുമാസത്തിലേറെയായി ഈ മൃതദേഹം മോര്‍ച്ചറിയിലായിരുന്നു.

ദയയുടെ വൈസ് ചെയര്‍മാന്‍ എം വി രാജീവന്‍, എക്‌സികുട്ടീവ് അംഗം പി.ദാമോദരന്‍, ശ്മശാന കമ്മിറ്റി ഭാരവാഹികളായ എം.വി.ഗോവിന്ദന്‍, എന്‍.എം.ഗോപാലകൃഷ്ണന്‍, ദയ ഡ്രൈവര്‍ എം. മീറേഷ് എന്നിവര്‍ നേതൃത്വം നല്‍കുകയും ചെയ്തു.