പടപ്പേങ്ങാട് മഞ്ഞപിത്ത പ്രതിരോധ പ്രവര്‍ത്തനം ഊര്‍ജ്ജിതമാക്കി

പടപ്പേങ്ങാട്: മഞ്ഞപ്പിത്ത രോഗം റിപ്പോര്‍ട്ട് ചെയ്തതിനെ തുടര്‍ന്ന് ആരോഗ്യ വകുപ്പിന്റെയും ചപ്പാരപ്പടവ് ഗ്രാമപഞ്ചായത്തിന്റെയും സംയുക്ത ആഭിമുഖ്യത്തില്‍ പ്രതിരോധ പ്രവര്‍ത്തനം ഊര്‍ജ്ജിതമാക്കി.

ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സുനിജ ബാലകൃഷ്ണന്‍ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കി.

മഞ്ഞപിത്തം റിപ്പോര്‍ട്ട് ചെയ്ത പ്രദേശത്തെ വീടുകള്‍ കേന്ദ്രീകരിച്ച് ആരോഗ്യ പ്രവര്‍ത്തകരുടെ നേതൃത്വത്തില്‍ ആരോഗ്യ ബോധവല്‍ക്കരണ പ്രവര്‍ത്തനവും സൂപ്പര്‍ ക്ലോറിനേഷനും നടത്തി.

പ്രദേശത്തെ വീടുകളില്‍ രോഗത്തെ സംബന്ധിച്ചുള്ള ലഘുലേഖന വിതരണം നടത്തി.

കുടിവെള്ള സാമ്പിളുകളുടെ ഗുണനിലവാര പരിശോധന, ഭക്ഷ്യ സുരക്ഷ ഉറപ്പുവരുത്തുന്നതിനാവശ്യമായ പരിശോധനകള്‍, രക്ത സാമ്പിളുകളുടേ പരിശോധനയടക്കമുള്ള നടപടികള്‍ സ്വീകരിച്ചു. പനി, ശരീരവേദന, ക്ഷീണം, ഛര്‍ദ്ദി ഉള്‍പ്പെടെയുള്ള രോഗലക്ഷണങ്ങള്‍ ഉണ്ടായാലുടന്‍ ആരോഗ്യ വകുപ്പിനെ അറിയിക്കകയും ചികിത്സ തേടുകയും വേണമെന്ന് ആരോഗ്യ വകുപ്പ് അറിയിച്ചു.

പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ ഏകോപനത്തിന് ഒടുവള്ളിത്തട്ട് സാമൂഹിക ആരോഗ്യ കേന്ദ്രം ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍ എം.അഭയകുമാര്‍ നേതൃത്വം നല്‍കി.

ജൂനിയര്‍ ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍ രഞ്ജിത്ത് കുമാര്‍, സജി കൊന്നക്കല്‍, പബ്ലിക് ഹെല്‍ത്ത് നേഴ്‌സ് അജിത കുമാരി, ജൂനിയര്‍ പബ്ലിക് ഹെല്‍ത്ത് നേഴ്‌സ്, മിഡില്‍ ലെവല്‍ സര്‍വീസ് പ്രോവൈഡര്‍, ആശ പ്രവര്‍ത്തകര്‍ എന്നിവര്‍ വിവിധ പ്രദേശങ്ങളില്‍ നടന്ന പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കി.