കണ്ണൂര്‍ ഗവ. മെഡിക്കല്‍ കോളേജില്‍ ലിഫ്റ്റുകളുടെ പ്രവര്‍ത്തനം നിലച്ചു; പ്രതിഷേധവുമായി യൂത്ത് കോണ്‍ഗ്രസ്

പരിയാരം: പരിയാരം കണ്ണൂര്‍ ഗവ. മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ലിഫ്റ്റുകളുടെ പ്രവര്‍ത്തനം നിലച്ചതില്‍ വ്യാപക പ്രതിഷേധം.

രോഗികളനുഭവിക്കുന്ന ദുരിതത്തില്‍ പ്രതിഷേധിച്ച് യൂത്ത് കോണ്‍ഗ്രസ് പരിയാരം മണ്ഡലം കമ്മിറ്റി പ്രിന്‍സിപ്പാള്‍ ഓഫീസ് ഉപരോധിച്ചു.

മണ്ഡലം പ്രസിഡന്റ് സുരാഗ് പരിയാരത്തിന്റെ നേതൃത്വത്തില്‍ ഇന്ന് രാവിലെയാണ് പ്രവര്‍ത്തകര്‍ പ്രിന്‍സിപ്പല്‍ ഓഫീസ് ഉപരോധിച്ചത്.

ഒരു മാസത്തിലേറെ കഴിഞ്ഞിട്ടും ലിഫ്റ്റ് തകരാര്‍ പരിഹരിക്കാത്ത അധികൃതരുടെ നടപടിയില്‍ പ്രതിഷേധിച്ചായിരുന്നു ഉപരോധം.

കഴിഞ്ഞ മാസമാണ് ആശുപത്രിയിലെ ഏഴ് ലിഫ്റ്റുകളുടെയും പ്രവര്‍ത്തനം നിലച്ചത്.

ഇടിമിന്നല്‍ ആഘാതത്തില്‍ ഉപകരണങ്ങള്‍ കത്തിപ്പോയത് കാരണമാണ് ലിഫ്റ്റുകള്‍ നിലച്ചതെന്നാണ് അധികൃതരുടെ വിശദീകരണം.

മാസങ്ങള്‍ക്കു മുമ്പ് പുതുതായി സ്ഥാപിച്ച് കൊട്ടിഘോഷിച്ച് ഉദ്ഘാടനം ചെയ്ത പുതിയ ലിഫ്റ്റുകളിലൊന്നിന്റെ പ്രവര്‍ത്തനവും നിലച്ചിരിക്കുകയാണ്.

പുതിയ ലിഫ്റ്റുകള്‍ പണിയാന്‍ ഉപയോഗിച്ച സാധനങ്ങള്‍ തീരെ നിലവാരം കുറഞ്ഞതായതിനാലാണ് പെട്ടെന്ന് തന്നെ ഇത് തകരാറിലായതെന്നാണ് ആരോപണം.

പുതിയ ലിഫ്റ്റിന്റെ മറവില്‍ അഴിമതി നടന്നിട്ടുണ്ടെന്ന് യൂത്ത് കോണ്‍ഗ്രസ് ആരോപിക്കുന്നു.

എട്ട് നിലകളുള്ള ആശുപത്രിയില്‍ രോഗികള്‍ ഏറെ പ്രയാസപ്പെട്ടാണ് മുകളിലെ നിലയിലേക്ക് ഡോക്ടറെ കാണാനും മറ്റും പോകുന്നത്.

അതുപോലെതന്നെ അത്യാഹിത വിഭാഗം, ഓപ്പറേഷന്‍ തീയേറ്റര്‍, ലേബര്‍ റൂം എന്നിവിടങ്ങളിലേക്ക് പോകുന്ന ലിഫ്റ്റുകള്‍ പ്രവര്‍ത്തിക്കാത്തത് വലിയ പ്രതിസന്ധി സൃഷ്ടിച്ചിരിക്കുകയാണ്.

തൊട്ടടുത്ത ദന്തല്‍ കോളേജിലെ ലിഫ്റ്റ് നാലു മാസമായി അടച്ച് പൂട്ടിയ നിലയിലാണ്.

രോഗികളെയും കൂട്ടിരിപ്പുകാരെയും ദുരിതത്തിലാക്കിയ പ്രശ്‌നം അടിയന്തിരമായി പരിഹരിക്കാത്തപക്ഷം ശക്തമായ പ്രതിഷേധവുമായി യൂത്ത് കോണ്‍ഗ്രസ് മുന്നോട്ടു വരുമെന്ന് സംസ്ഥാന ജനറല്‍ സെക്രട്ടറി രാഹുല്‍ വെച്ചിയോട്ട് അറിയിച്ചു.

ഉപരോധത്തിനെത്തിയ പ്രവര്‍ത്തകരെ കോളേജ് ഓഫീസിന് മുന്നില്‍ പോലീസ് തടഞ്ഞു.

സാന്‍ജോ ജോസ്, ദൃശ്യ ദിനേശന്‍, വിജിഷ പ്രശാന്ത്, പി.വി.സൂരജ്, കെ.അഭിജിത്ത്, സജിന്‍ വണ്ണാറത്ത് എന്നിവര്‍ ഉപരോധ സമരത്തിന് നേതൃത്വം നല്‍കി.