കാറ്ററിയില്ല, കടലറിയില്ല-അലയും തിരയുടെ വേദന- ഉദയായുടെ ജയില്‍ @58.

            എക്‌സല്‍ പ്രൊഡക്ഷന്‍സിന് വേണ്ടി എം.കുഞ്ചാക്കോ നിര്‍മ്മാണവും സംവിധാനവും നിര്‍വ്വഹിച്ച സിനിമയാണ് ജയില്‍. സത്യന്‍, അടൂര്‍ഭവാനി, ശാരദ, കൊട്ടാരക്കര, മണവാളന്‍ ജോസഫ്, കെ.എസ്.ഗോപിനാത്, രാജശ്രീ, അടൂര്‍ പങ്കജം, ജോസഫ് ചാക്കോ എന്നിവരാണ് പ്രധാന താരങ്ങള്‍. തോപ്പില്‍ഭാസി കഥയും തിരക്കഥയും സംഭാഷണവും രചിച്ച സിനിമയുടെ ക്യാമറ-ബാലകൃഷ്ണന്‍, എഡിറ്റര്‍-പി.ആര്‍ പാപ്പ. വയലാര്‍ എഴുതിയ വരികള്‍ക്ക് സംഗീതം പകര്‍ന്നത് ദേവരാജന്‍. 1900 മെയ്-14 നാണ് 58 വര്‍ഷം മുമ്പ് സിനിമ റിലീസ് ചെയ്തത്.

കഥാസംഗ്രഹം

വിശ്വനും വത്സലയും കാര്‍ത്ത്യായനിയമ്മയുടെ മക്കളാണ്. സ്‌ക്കൂള്‍ഫൈനല്‍ പാസായ വിശ്വന്‍ ജോലി തേടി നാടുവിട്ടു. വത്സലയെ വിദ്യാഭ്യാസം ചെയ്യിക്കുന്നതിനും ഒരു അദ്ധ്യാപികയാക്കുന്നതിനുമായി കാര്‍ത്ത്യായനിയമ്മക്ക് വീടും പുരയിടവും പണയപ്പെടുത്തേണ്ടിവന്നു. വത്സലയുടെ സഹാദ്ധ്യാപകനായ വേണു അവളെ വിവാഹം ചെയ്യുവാന്‍ ആഗ്രഹിച്ചു. അമ്മ ആ ബന്ധത്തിനു് അനുമതിയും നല്‍കി.

ജോലി തേടിനടന്ന വിശ്വന്‍ നിരാശനായി നാട്ടിലേക്ക് മടങ്ങുന്ന വഴി മോഷണക്കുറ്റം ചുമത്തപ്പെട്ട് ജയിലിലാക്കപ്പെട്ടു. പോക്കറ്റടിക്കാരനെന്നു വിധിയെഴുതപ്പെട്ട വിശ്വന്‍ ജയിലിലായ വാര്‍ത്ത നാട്ടില്‍ എത്തി. മോഹനസ്വപ്നം കണ്ടുകഴിഞ്ഞ വത്സലയുടെ മേല്‍ വിധിയുടെ ക്രൂരഹസ്തം വന്നു പതിച്ചു. പോക്കറ്റടിക്കാരന്റെ സഹോദരിക്ക് താലി കെട്ടാന്‍ വേണു ഇഷ്ടപ്പെട്ടില്ല. അയാള്‍ ഒഴിഞ്ഞുമാറി. മാനേജുമെന്റ് അവളെ ജോലിയില്‍ നിന്നും നീക്കുകയും ചെയ്തു.

ശിക്ഷകഴിഞ്ഞ് വിശ്വന്‍ നാട്ടിലെത്തി. പക്ഷെ ആക്ഷേപവും വെറുപ്പും മാത്രം നാട്ടില്‍ നിന്നു് ലഭിച്ച അവന്‍ വീണ്ടും നാടുവിട്ടു. കടക്കാരുടെ ഉപദ്രവം സഹിക്കാനാവാതെ കാര്‍ത്ത്യായനിയമ്മ വീടും സ്ഥലവും വിറ്റ് കടം വീട്ടി ബാക്കിയുള്ള പണവുമായി നാടുവിട്ടു.

വിശ്വന് ജയിലില്‍ വച്ചു് പരിചയപ്പെടുവാന്‍ കഴിഞ്ഞ തൊരപ്പന്‍ കേളുവിനെ തിരുവന്തപുരത്ത് വെച്ച് കൂട്ടുകിട്ടി. ചിത്രമെഴുത്തില്‍ കഴിവുറ്റ വിശ്വനെ കേളു കള്ളനോട്ടടിക്കുന്ന ഒരു സംഘത്തില്‍ ചേര്‍ത്തു. കാര്‍ത്ത്യായനിയമ്മയും മകളും അലഞ്ഞുതിരിഞ്ഞ് തിരുവനന്തപുരത്ത് എത്തി. കേളുവിന്റെ മകള്‍ പാട്ടുകാരി മാളുവിന്റെ സഹായത്താല്‍ അവിടെ കഴിഞ്ഞുവന്നു.

വിശ്വന്‍ പണക്കാരുടെ രൂപഭാവങ്ങളോടെ അവിടെ കഴിഞ്ഞു. മധുവും മങ്കയും അവന്റെ ജീവിതത്തില്‍ ഒഴിച്ചുകൂടാനാവാത്ത ഘടകങ്ങളായി. ഒരു ദിവസം അവന്റെ കൂട്ടുകാര്‍ ജോലി നല്‍കാമെന്നുപറഞ്ഞു ഒരു പെണ്‍കുട്ടിയെ വശീകരിച്ച് അവരുടെ സങ്കേതത്തില്‍ എത്തിച്ചു. കാമവിവശനായ വിശ്വന്‍ അവളെ സമീപിച്ചു. വിശ്വന്‍ ആ പെണ്ണിനക്കണ്ട് ഞെട്ടി. വത്സലയായിരുന്നു അത്. ബോധരഹിതനായ അവന്‍ അനുജത്തിയെ കഠാരകൊണ്ട് കുത്തി. അവള്‍ പിടഞ്ഞു മരിച്ചു. ശബ്ദം കേട്ട് ഓടിയെത്തിയ കാര്‍ത്ത്യായനിയമ്മ പിടഞ്ഞു മരിക്കുന്ന മകളേയും അവളുടെ ഘാതകനായ മകനേയും കണ്ടു. വിശ്വന്‍ പിന്‍വാതിലില്‍ കൂടി ഓടി രക്ഷപെട്ടു. അനുധാവനം ചെയ്ത പോലീസിന് അവനെ പിടിക്കുവാന്‍ കഴിഞ്ഞില്ല.

വിശ്വന്‍ മൈസൂറിലെത്തി. മദാലസയായ ലതയെന്ന ഒരു മലയാളിപ്പെണ്ണുമായി പിരചയപ്പെട്ടു. വിശ്വനില്‍ പ്രേമവിവശയായ അവള്‍ അവനുമൊത്തു് ആരാമങ്ങളില്‍ ആടിപ്പാടി നടന്നു. വിശ്വനെ തേടിവന്ന പോലീസ് ലതയെ അറസ്റ്റു ചെയ്തു. കാമുകനെ രക്ഷിക്കുവാന്‍ അവള്‍ മൗനം ദീക്ഷിച്ചു. തനിക്കുവേണ്ടി യാതന അനുഭവിക്കേണ്ടിവന്നവളെ രക്ഷിക്കാന്‍ അവന്‍ സ്വയം ഹാജരായി. വിചാരണക്കുശേഷം കൊലക്കുറ്റത്തിനായി വിശ്വനെ തൂക്കിക്കൊല്ലുവാന്‍ കോടതി വിധിച്ചു. കാര്‍ത്ത്യായനിയമ്മ ദയാഹര്‍ജ്ജി സമര്‍പ്പിച്ചു. അതനുവദിച്ചുകിട്ടിയ സന്തോഷവാര്‍ത്ത അറിയിക്കുവാന്‍ ആ മാതാവും ലതയും ജയിലിലേക്കു് പാഞ്ഞു ചെന്നു. പക്ഷെ അപ്പോഴേക്കും വിശ്വന്റെ ജീവന്‍ ആ അഴിക്കുള്ളില്‍ അവന്റെ ശരീരം ഉപേക്ഷിച്ച് പോയിരുന്നു.