പിലാത്തറ: കേരളത്തിലെ സര്‍ക്കാര്‍ യു.പി. വിദ്യാലയങ്ങളിലെ രണ്ടാമത്തെ എ.ഐ.റോബോട്ടിക് ലാബ് കുഞ്ഞിമംഗലം ഗവ. സെന്‍ട്രല്‍ യു.പി. സ്‌കൂളില്‍ ഒരുങ്ങി.
ലാബിന്റെ ഉദ്ഘാടനം ജൂണ്‍ 16 ന് രാവിലെ 11-ന് എം.വിജിന്‍ എം.എല്‍.എ നിര്‍വഹിക്കും.
എം.എല്‍.എയുടെ ആസ്തിവികസന ഫണ്ടും നോര്‍ത്ത് അമേരിക്കന്‍ മലയാളി അസോസിയേഷന്‍ നന്മയുടെ സഹായത്തോടെയുമാണ് പദ്ധതി നടപ്പിലാക്കുന്നത്.
തിരൂര്‍ ആസ്ഥാനമായ കൊക്കോസ് എന്ന സ്റ്റാര്‍ട്ടപ്പ് കമ്പനിയാണ് ഇതിനുള്ള സാങ്കേതിക സഹായം നല്‍കുന്നത്.
വിദ്യാര്‍ഥികള്‍ക്ക് എ.ഐ, റോബോട്ടിക്‌സ് എന്നിവയില്‍ പ്രായോഗിക പരിശീലനവും ആഴത്തിലുള്ള അറിവും നേടാന്‍ സാധിക്കുന്ന നിലയിലാണ് പദ്ധതി മണ്ഡലത്തില്‍ ആരംഭിക്കുന്നത്.
നഗര, ഗ്രാമീണ മേഖലകളിലെ സാങ്കേതിക വിദ്യാവിടവ് കുറച്ച്, എല്ലാ കുട്ടികള്‍ക്കും നൂതന സാങ്കേതികവിദ്യകള്‍ ലഭ്യമാക്കുക എന്നതാണ് പ്രധാന ലക്ഷ്യം.
സാങ്കേതികവിദ്യകളെക്കുറിച്ച് മനസ്സിലാക്കുന്നതിലൂടെ കുട്ടികള്‍ക്ക് പുതിയ ലോകത്ത് അതിജീവിക്കാനുള്ള കഴിവുകള്‍ നേടാനാകുമെന്ന് പ്രതീക്ഷിക്കുന്നതായി എം.വിജിന്‍ എം.എല്‍.എ വാര്‍ത്തസമ്മേളനത്തില്‍ അറിയിച്ചു.
പ്രത്യേകം രൂപകല്‍പന ചെയ്ത എ.ഐ. പഠന പ്ലാറ്റ്‌ഫോമും ലോകോത്തര നിലവാരമുള്ള പാഠപുസ്തകങ്ങളും ഈ പദ്ധതിയുടെ ഭാഗമാണ്.
പാഠ്യപദ്ധതി, ഗണിതം, ശാസ്ത്രം തുടങ്ങിയ വിഷയങ്ങളെ ബന്ധിപ്പിച്ച് കുട്ടികളില്‍ യുക്തിപരമായ ചിന്തയും ശാസ്ത്രീയ മനോഭാവവും വളര്‍ത്താന്‍ സഹായിക്കുന്നതോടൊപ്പം എ.ഐയെക്കുറിച്ച് അറിവുള്ളവര്‍ക്ക് തൊഴില്‍ മേഖലകളില്‍ ശോഭിക്കാനും സാധിക്കും.
റോബോട്ടിക്‌സ് ലാബുകളിലൂടെ ലഭിക്കുന്ന പ്രായോഗിക പരിശീലനം കുട്ടികളെ അവരുടെ ആശയങ്ങള്‍ യാഥാര്‍ത്ഥ്യമാക്കാന്‍ സഹായിക്കും.
മാത്രമല്ല, ഈ പഠനം വിദ്യാര്‍ഥികളെ ഭാവിയിലേക്ക് ഒരുക്കുകയും മികച്ച ഒരു ലോകം സൃഷ്ടിക്കാന്‍ പ്രാപ്തരാക്കുകയും ചെയ്യുമെന്നും എം.എല്‍.എ പറഞ്ഞു.
കൊക്കോസ് ചീഫ് പ്രോഡക്റ്റ് ഓഫിസര്‍ സൂരജ് രാജന്‍, പ്രധാനാധ്യാപകന്‍ എം. വി. വിനോദ് കുമാര്‍, പി. ടി. എ പ്രസിഡന്റ് യു. സത്യന്‍ എന്നിവരും വാര്‍ത്ത സമ്മേളനത്തില്‍ പങ്കെടുത്തു.