എരിപുരത്ത് കണ്ടെയ്‌നര്‍ ലോറിയും ഗ്യാസ് ലോറിയും കൂട്ടിയിടിച്ചു; കാബിനില്‍ കുടുങ്ങിയ ഡ്രൈവറെ അഗ്‌നിരക്ഷാസേന രക്ഷപ്പെടുത്തി

പഴയങ്ങാടി: പിലാത്തറ-പാപ്പിനിശ്ശേരി കെ.എസ്.ടി.പി. റോഡിലെ എരിപുരം ഭാഗത്ത് ഇന്ന് പുലര്‍ച്ചെ 5.30 നുണ്ടായ വാഹനാപകടത്തില്‍ കാബിനില്‍ കുടുങ്ങിയ കണ്ടെയ്‌നര്‍ ലോറി ഡ്രൈവറെ പയ്യന്നൂര്‍ അഗ്‌നിരക്ഷാസേന ഹൈഡ്രോളിക് സ്‌പ്രെഡര്‍ ഉപയോഗിച്ച് രക്ഷപ്പെടുത്തി.
കണ്ണൂരില്‍ നിന്ന് പയ്യന്നൂര്‍ ഭാഗത്തേക്ക് സഞ്ചരിക്കുകയായിരുന്ന ആര്‍.ജെ-14 ജി.കെ. 7126 കണ്ടയിനര്‍ ലോറിയാണ് നിയന്ത്രണം വിട്ട് എതിര്‍ദിശയില്‍ കണ്ണൂര്‍ ഭാഗത്തേക്ക് പോവുകയായിരുന്ന കെ.എല്‍-09 എ.ഡബ്ല്യു 5353 നമ്പര്‍ ഗ്യാസ് വിതരണ ലോറിയില്‍ ഇടിച്ചത്.
ശക്തമായ ഇടിയുടെ ആഘാതത്തില്‍ കണ്ടെയ്‌നര്‍ ലോറിയുടെ കാബിന്‍ തകര്‍ന്നതോടെ ഡ്രൈവര്‍ സ്റ്റിയറിങ് വീലിനും ഡാഷ്‌ബോര്‍ഡിനുമിടയില്‍ കുടുങ്ങി. 
അപകടവിവരം ലഭിച്ചതിനെ തുടര്‍ന്ന് സ്ഥലത്തെത്തിയ പയ്യന്നൂര്‍ അഗ്‌നിരക്ഷാസേന ഹൈഡ്രോളിക് സ്‌പ്രെഡര്‍ ഉപയോഗിച്ച് കാബിന്‍ തുറന്ന് ഡ്രൈവറെ സുരക്ഷിതമായി പുറത്തെടുത്തു.
ഹരിയാന സ്വദേശിയായ ആക്രം (30) ആണ് അപകടത്തില്‍പ്പെട്ടത്. ചെറിയ പരിക്കേറ്റ ഇയാളെ അഗ്‌നിരക്ഷാസേനയുടെ ആംബുലന്‍സില്‍ കണ്ണൂര്‍ ഗവ. മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
സീനിയര്‍ ഫയര്‍ ആന്‍ഡ് റെസ്‌ക്യൂ ഓഫീസര്‍ പി.വി.ദയാലിന്റെ നേതൃത്വത്തില്‍ ഫയര്‍ ആന്‍ഡ് റെസ്‌ക്യൂ ഓഫീസര്‍മാരായ പി.സത്യന്‍, പി.പി.രാഹുല്‍, സി.കെ.ഇര്‍ഷാദ്, എസ്.ജോബി, എം.അര്‍ജുന്‍, ജിനോ ജോണ്‍, ജോബി ജോര്‍ജ് എന്നിവരും ഹോംഗാര്‍ഡുമാരായ വി.എന്‍.രവീന്ദ്രന്‍, കെ.ദിനേശന്‍ എന്നിവരും രക്ഷാപ്രവര്‍ത്തനത്തില്‍ പങ്കെടുത്തു.