കൂവോട് വാര്‍ഡ്‌സഭയില്‍ ഭരണസമിതിക്കെതിരെ രൂക്ഷ വിമര്‍ശനം; ഡെപ്യൂട്ടി ചെയര്‍പേഴ്‌സന്‍ നേരത്തെ മടങ്ങിയതും ചര്‍ച്ചയായി

തളിപ്പറമ്പ്: തളിപ്പറമ്പ് നഗരസഭയുടെ 27-ാം വാര്‍ഡ് (കൂവോട്) വാര്‍ഡ്‌സഭയില്‍ ഭരണസമിതിക്കെതിരെ രൂക്ഷ വിമര്‍ശനം ഉയര്‍ന്നു.

ജനങ്ങളുടെ ചോദ്യങ്ങള്‍ക്കും പരാതികള്‍ക്കും മറുപടി ലഭിക്കുമെന്ന പ്രതീക്ഷയിലിരിക്കെ വാര്‍ഡ്‌സഭ അവസാനിക്കും മുമ്പേ ഡെപ്യൂട്ടി ചെയര്‍പേഴ്‌സന്‍ ദീപരഞ്ജിത് മടങ്ങിയതും ചര്‍ച്ചയ്ക്ക് ഇടയായി.

ജനങ്ങളുടെ ചോദ്യങ്ങള്‍ കേള്‍ക്കാതെയും ഉയര്‍ന്ന വിഷയങ്ങളില്‍ വിശദീകരണം നല്‍കാതെയും മടങ്ങിയത് ജനാധിപത്യത്തോടുള്ള അവഗണനയാണെന്ന് നിരവധി പേര്‍ അഭിപ്രായപ്പെട്ടു.

വാര്‍ഡിന്റെ വികസനവുമായി ബന്ധപ്പെട്ട് വികസനരേഖയുടെ അഭാവം, ഫണ്ട് വെട്ടിക്കുറച്ചത്, അശാസ്ത്രീയമായ പദ്ധതികള്‍, സ്ഥാപിച്ച് ദിവസങ്ങള്‍ക്കകം തകരാറിലാകുന്ന തെരുവുവിളക്കുകള്‍, അലഞ്ഞുനടക്കുന്ന തെരുവുനായ്ക്കളുടെ ശല്യം, തകര്‍ന്നുകിടക്കുന്ന റോഡുകള്‍ തുടങ്ങിയ വിഷയങ്ങളില്‍ ഭരണസമിതിക്കെതിരെ അംഗങ്ങള്‍ ശക്തമായ വിമര്‍ശനം ഉന്നയിച്ചു.

തൊണ്ടന്‍ചിറത്തോട് വഴി കീഴാറ്റൂര്‍കൂവോട് മേഖലയിലേക്ക് തളിപ്പറമ്പ് ഭാഗത്ത് നിന്ന് ഒഴുകിയെത്തുന്ന മാലിന്യം കിണറുകളെയും കൃഷിയിടങ്ങളെയും ജനങ്ങളുടെ ആരോഗ്യത്തെയും ഗുരുതരമായി ബാധിക്കുന്നതായി വാര്‍ഡ്‌സഭ ചൂണ്ടിക്കാട്ടി. ഈ പ്രശ്‌നത്തിന് അടിയന്തര പരിഹാരം കാണണമെന്ന് യോഗം ആവശ്യപ്പെട്ടു. 

തളിപ്പറമ്പ് മുതല്‍ പത്തായച്ചിറ അണക്കെട്ട് വരെ തോടിന്റെ ഇരുവശങ്ങളിലും കോണ്‍ക്രീറ്റ് പാര്‍ശ്വഭിത്തി, നടപ്പാത, സൈക്കിള്‍ പാത എന്നിവ നിര്‍മ്മിച്ച് പ്രദേശത്തെ ടൂറിസം സാധ്യതകള്‍ പ്രയോജനപ്പെടുത്തുന്ന സമഗ്ര പദ്ധതി നടപ്പാക്കണമെന്നും യോഗത്തില്‍ നിര്‍ദേശമുയര്‍ന്നു.

വാര്‍ഡ്‌സഭയില്‍ ഉയര്‍ന്ന ചോദ്യങ്ങള്‍ക്ക് വ്യക്തമായ മറുപടി ലഭിക്കാത്തതും ഭരണസമിതി പ്രതിനിധികള്‍ യോഗം അവസാനിക്കും മുമ്പ് മടങ്ങിയതും ജനങ്ങളില്‍ വ്യാപക പ്രതിഷേധത്തിന് കാരണമായി. 

വാര്‍ഡ് കണ്‍വീനര്‍ സി.പി.ഗംഗാധരന്‍ സ്വാഗതം പറഞ്ഞു.

ഡെപ്യൂട്ടി ചെയര്‍പേഴ്‌സന്‍ ദീപരഞ്ജിത് ഉദ്ഘാടനം ചെയ്തു.

കോഡിനേറ്റര്‍ അര്‍ജുന്‍ പദ്ധതി വിശദീകരണം നടത്തി.

വാര്‍ഡ് കൗണ്‍സിലര്‍ പി.കെ.ഷീബ അധ്യക്ഷത വഹിച്ചു.

 

ഡെപ്യൂട്ടി ചെയര്‍പേഴ്‌സന്റെ വിശദീകരണം-

കൂവോട് വാര്‍ഡ്‌സഭയുടെ ഉദ്ഘാടകനായി നിശ്ചയിച്ചിരുന്നത് ആരോഗ്യ സ്ഥിരംസമിതി അധ്യക്ഷന്‍ പുല്ലായിക്കൊടി ചന്ദ്രനെ ആയിരുന്നുവെന്ന് ഡെപ്യൂട്ടി ചെയര്‍പേഴ്‌സന്‍ ദീപ രഞ്ജിത്ത് പറഞ്ഞു.

ജൂലൈ-26 ഉച്ചകഴിഞ്ഞ് രണ്ട് മണിക്ക് നിശ്ചയിച്ച വാര്‍ഡ്‌സഭയില്‍ അദ്ദേഹം വരാതിരുന്നതിനെ തുടര്‍ന്നാണ് മൂന്ന് മണിയോടെ അവിടെ എത്തിയത്.

നേരത്തെ നിശ്ചയിച്ച മറ്റൊരു പരിപാടിയില്‍ മൂന്ന് മണിക്ക് പങ്കെടുക്കേണ്ടതുണ്ടായിരുന്നു.

വാര്‍ഡ് സഭയില്‍ ഉന്നയിക്കപ്പെട്ട എല്ലാ കാര്യങ്ങള്‍ക്കും വ്യക്തമായി മറുപടി നല്‍കിയിരുന്നുവെന്നും വിമര്‍ശനത്തില്‍ കഴമ്പില്ലെന്നും അവര്‍ പറഞ്ഞു.