പരിയാരം: മഞ്ഞപ്പിത്തത്തിനെതിരായ വാക്സിനേഷന് പോളിയോതുള്ളിമരുന്ന് പോലെ നിര്‍ബന്ധിതമാക്കേണ്ടുന്ന കാലഘട്ടത്തിലൂടെയാണ് നാം കടന്നുപോകുന്നതെന്ന് കണ്ണൂര്‍ ഗവ.മെഡിക്കല്‍ കോളേജ് ഗ്യാസ്ട്രോ എന്‍ട്രോളജി വിഭാഗം തലവന്‍ ഡോ.വൈ.പ്രവീണ്‍കുമാര്‍.
ലോക ഹെപ്പൈറ്ററ്റിസ് ദിനാഘോഷത്തിന്റെ ഭാഗമായി ജനറല്‍ മെഡിസിന് വിഭാഗവും ഗ്യാസ്ട്രോ വിഭാഗവും സംയുക്തമായി സംഘടിപ്പിച്ച ബോധവല്‍ക്കരണ ക്ലാസില്‍ മുഖ്യപ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം.
ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ മഞ്ഞപ്പിത്ത രോഗികള്‍ കേരളത്തിലാണെന്നും, മരണനിരക്ക് രണ്ടര ശതമാനമാണെന്നും അദ്ദേഹം പറഞ്ഞു.
ആളകള്‍ പരമ്പരാഗത ഭക്ഷണങ്ങള്‍ ഉപേക്ഷിച്ച് രുചികൂടുതലുള്ള ഭക്ഷണം തേടിപ്പോകുന്നതാണ് മഞ്ഞപ്പിത്തത്തിന്റെ പ്രധാന കാരണങ്ങളിലൊന്ന്.
ഫാസ്റ്റ്ഫുഡിന്റെ അമിതമായ ഉപയോഗം,
വ്യക്തിശുചിത്വമില്ലായ്മ, കെട്ടിക്കിടക്കുന്ന മലിനജലം എന്നിവയും മഞ്ഞപ്പിത്ത വ്യാപനത്തിന് കാരണമാകുന്നുണ്ട്.
എ.ബി.സി.ഡി തുടങ്ങി നാല് ടൈപ്പ് മഞ്ഞപ്പിത്ത രോഗങ്ങളില്‍ സി ഒഴികെ മൂന്ന് ടൈപ്പ് രോഗങ്ങളെയും പ്രതിരോധകുത്തിവെപ്പിലൂടെ തടയാന്‍ കഴിയും,
എന്നാല്‍ ഭൂരിഭാഗം ആളുകളും ഈ വാക്സിന് എടുക്കാന്‍ തയ്യാറാവുന്നില്ല.
നിര്‍ബന്ധപൂര്‍വ്വമായ ഹെപ്പറ്റൈറ്റിസ് വാക്സില്‍ ഉപയോഗത്തിലൂടെ മഞ്ഞപ്പിത്തവ്യാപനം പൂര്‍ണമായി തടയാന്‍ സാധിക്കുമെന്നും അദ്ദേഹം പറഞ്ഞു.
പ്രിന്‍സിപ്പല്‍ ഇന്‍-ചാര്‍ജ് ഡോ.ഷീബ ദാമോദര്‍ പരിപാടി ഉദ്ഘാടനം ചെയ്തു.
മെഡിക്കല്‍ സൂപ്രണ്ട് ഡോ.കെ.ടി.മാധവന് അധ്യക്ഷത വഹിച്ചു.