കൈക്കൂലിക്കാരന്‍ എഞ്ചിനീയര്‍ വിജിലന്‍സ് പിടിയില്‍-

കണ്ണൂര്‍: കണ്ണൂര്‍ കോര്‍പ്പറേഷനിലെ അസിസ്റ്റന്റ് എഞ്ചിനീയര്‍ 15,000/ രൂപ കൈക്കൂലി പണവുമായി വിജിലന്‍സ് പിടിയില്‍. 

ബില്‍ഡിംഗ് പെര്‍മിറ്റിനുള്ള അപേക്ഷ പത്തുമാസത്തിലധികമായി വെച്ച് താമസിക്കുകയും തുടര്‍ന്ന് പെര്‍മിറ്റ് അനുവദിക്കാന്‍ 20,000/- രൂപ കൈക്കൂലി ആവശ്യപ്പെടുകയും ചെയ്യുകയായിരുന്നു.

ആദ്യ ഗഡുവായ 15,000/ രൂപ കൈക്കൂലി വാങ്ങുകയും ചെയ്ത കണ്ണൂര്‍ കോര്‍പ്പറേഷന്‍ എടക്കാട് സോണല്‍ ഓഫീസിലെ അസിസ്റ്റന്റ് എഞ്ചിനീയര്‍ പി.മുഹമ്മദ് അസ്ലം

എന്നയാളെ കണ്ണൂര്‍ വിജിലന്‍സ് ഡിവൈ.എസ്.പി ബാബു പെരിങ്ങേത്തിന്റെ നേതൃത്വത്തിലുള്ള വിജിലന്‍സ് സംഘം കൈക്കൂലിപ്പണവുമായി കൈയ്യോടെ പിടികൂടി.

ഇന്ന് വൈകുന്നേരം പ്രതി പരാതിക്കാരനോട് കണ്ണൂര്‍ ടൗണ്‍ കാള്‍ടെക്‌സ് എന്ന സ്ഥലത്ത് പണവുമായി എത്താന്‍ ആവശ്യപ്പെടുകയും തുടര്‍ന്ന് വിജിലന്‍സ് ഡിവൈ.എസ്.പിയുടെ നേതൃത്വത്തില്‍ കെണിയൊരുക്കി പ്രതിയെ പിടികൂടുകയാണ് ചെയ്തത്.

പ്രതിയെ വൈദ്യ പരിശോധനയ്ക്ക് ശേഷം തലശ്ശേരി വിജിലന്‍സ് കോടതിയില്‍ ഹാജരാക്കും.