ജോസ് ചെമ്പേരി കേരളാ കോണ്‍ഗ്രസ്(ബി)വിട്ടു, ഇനി മാണി ഗ്രൂപ്പില്‍ ചേര്‍ന്ന് പ്രവര്‍ത്തിക്കും.

കണ്ണൂര്‍: ജോസ് ചെമ്പേരി കേരളാ കോണ്‍ഗ്രസ്(എം)ലേക്ക്. നിലവില്‍ കേരളാ കോണ്‍ഗ്രസ്(ബി)സംസ്ഥാന ജന.സെക്രട്ടെറിയാണ്.

കേരളത്തില്‍ വളര്‍ന്നു പന്തലിച്ചു നില്‍ക്കേണ്ട പാര്‍ട്ടി ആയിരുന്നു കേരള കോണ്‍ഗ്രസെന്നും എന്നാല്‍ പാര്‍ട്ടിയിലുണ്ടായ ചില പിളര്‍പ്പുകള്‍ കേരള കോണ്‍ഗ്രസിന്റെ ശക്തിയെ ക്ഷയിപ്പിച്ചു.

ഇന്ന് ഈ പേരില്‍ 6 പാര്‍ട്ടികള്‍ ഉണ്ട്. 4 എണ്ണം എല്‍.ഡി.എഫിലും 2 എണ്ണം യു.ഡി.എഫിലും.

കൃഷിക്കാര്‍ ഇന്ന് ആര്‍ക്കും വേണ്ടാത്ത ഒരു പാഴ്വസ്തുവായി മാറി. ഒരേ ലക്ഷ്യത്തിനുവേണ്ടി ഒരേ ആശയത്തില്‍ 6 വിഭാഗങ്ങള്‍ നില്‍ക്കേണ്ടതുണ്ടോ എന്ന് ചിന്തിക്കേണ്ട സമയം അതിക്രമിച്ചിരിക്കുന്നുവെന്ന് അദ്ദേഹം കണ്ണൂര്‍ പ്രസ്‌ക്ലബ്ബില്‍ നടത്തിയ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.

കര്‍ഷകരക്ഷയെ മുന്നില്‍ കണ്ടുകൊണ്ട് എല്‍.ഡി.എഫില്‍ നില്‍ക്കുന്ന വിഭാഗങ്ങളെങ്കിലും ഒന്നാകാന്‍ ശ്രമിക്കണം.

ഈ ആശയത്തിനു വേണ്ടി പ്രവര്‍ത്തിക്കുക എന്ന ലക്ഷ്യത്തോടെയാണ് താനും സഹപ്രവര്‍ത്തകരും ജില്ലാ ഭാരവാഹികളുമായ മുന്‍ ജില്ലാ പ്രസിഡണ്ട് പി.എസ്.ജോസഫ്, വൈസ് പ്രസിഡന്റ് കെ.കെ.രമേശന്‍ (തലശ്ശേരി), ജില്ലാ ജനറല്‍ സെക്രട്ടറി ജോസഫ് കോക്കാട്ട് (പേരാവൂര്‍), ജനറല്‍ സെക്രട്ടറി ഷോണി അറക്കല്‍ (ഇരിക്കൂര്‍), ട്രഷറര്‍ ജോയിച്ചന്‍ വേലിക്കകത്ത് (ഇരിക്കൂര്‍), മുന്‍ ജില്ലാ പ്രസിഡന്റ് രതീഷ് ചിറക്കല്‍ (കണ്ണൂര്‍), നിയോജക മണ്ഡലം പ്രസിഡണ്ടുമാരായ അഡ്വ. ബിനോയ് തോമസ് (തലശ്ശേരി), വി. ശശിധരന്‍ (കണ്ണൂര്‍), പി.വി.തോമസ്(തളിപ്പറമ്പ്), ജോയിച്ചന്‍ മണിമല (ഇരിക്കൂര്‍), കര്‍ഷക യൂണിയന്‍ ജില്ലാ പ്രസിഡന്റ് പി.വി.ജോര്‍ജ്, യൂത്ത് ഫ്രണ്ട് ജില്ലാ ജനറല്‍ സെക്രട്ടറി സായൂജ് പാട്ടത്തില്‍ എന്നിവര്‍ കേരള കോണ്‍ഗ്രസ്സ് (ബി) യില്‍ നിന്നും രാജിവെച്ച് മാണിഗ്രൂപ്പില്‍ ചേരുന്നതെന്ന് ജോസ് ചെമ്പേരി പറഞ്ഞു.

ഈ പാര്‍ലമെന്റ് തെരഞ്ഞെടുപ്പില്‍ ഉണ്ടായ വലിയൊരു മാറ്റം പ്രാദേശിക കക്ഷികളുടെ ശക്തമായ തിരിച്ചുവരവാണ്.

കേന്ദ്രസര്‍ക്കാരിനെ നിയന്ത്രിക്കാനും താഴെയിറക്കാനും പ്രാദേശിക കക്ഷികള്‍ക്ക് ഇന്ന് കഴിയും.

ഇന്ത്യയുടെ ചരിത്രത്തില്‍ ആദ്യമായി രൂപംകൊണ്ട പ്രാദേശികകക്ഷി 1964 ല്‍ ജന്മംകൊണ്ട കേരള കോണ്‍ഗ്രസ്സാണ്. ഇതിനു സമാനമായി ഉത്തരേന്ത്യയില്‍ പല സംസ്ഥാനങ്ങളിലും കോണ്‍ഗ്രസിനോട് വിഘടിച്ച് നിന്നവര്‍ പ്രാദേശിക കക്ഷികള്‍ രൂപീകരിച്ചു.

എന്നാല്‍ ഉഗ്രപ്രതാപിയായ പ്രധാനമന്ത്രി പണ്ഡിറ്റ് ജവഹര്‍ലാല്‍ നെഹ്രുവിന് മുന്‍പില്‍ പിടിച്ചു നില്‍ക്കാന്‍ കഴിയാതെ അത്തരം കക്ഷികളെല്ലാം ഇല്ലാതായി.

എന്നാല്‍ കേരള കോണ്‍ഗ്രസ് ശക്തമായി മുന്നോട്ട് തന്നെ പോയി. അതിന്റെ പ്രധാന കാരണം അന്ന് പാര്‍ട്ടി ഉയര്‍ത്തിയ ആശയങ്ങളും മുദ്രാവാക്യവുമാണ്.

കേന്ദ്രസംസ്ഥാന ബന്ധങ്ങള്‍ പൊളിച്ചെഴുതണം, സംസ്ഥാനങ്ങള്‍ക്ക് കൂടുതല്‍ അധികാരവും വരുമാന മാര്‍ഗ്ഗങ്ങളും ലഭ്യമാക്കണം, സംതൃപ്തമായ സംസ്ഥാനങ്ങളും സുശക്തവുമായ കേന്ദ്രവുമാണ് കേരള കോണ്‍ഗ്രസിന്റെ ലക്ഷ്യമെന്ന് പാര്‍ട്ടി പ്രഖ്യാപിച്ചു.

ഇതോടെ ദേശീയ വീക്ഷണമുള്ള ഒരു പ്രാദേശിക കക്ഷിയാണ് കേരള കോണ്‍ഗ്രസ് എന്ന് എല്ലാവരും അംഗീകരിച്ചു.

കേരള കോണ്‍ഗ്രസ് അന്ന് കേരളത്തിലെ കൃഷിക്കാരുടെ ശബ്ദവും ശക്തിയുമായിരുന്നു.

ക്രിസ്ത്യന്‍ സമുദായവും നായര്‍ സമുദായവും ഈ പാര്‍ട്ടിയില്‍ അഭിമാനം കൊണ്ടു.

പാര്‍ട്ടി രൂപീകരിച്ച് 6 മാസത്തിനിടയില്‍ നടന്ന അസംബ്ലി തെരഞ്ഞെടുപ്പില്‍ 25 സീറ്റുകള്‍ നേടി പാര്‍ട്ടിയുടെ ശക്തി തെളിയിച്ചു.

ദ്രാവിഡ സംസ്‌കാരം ഉള്‍ക്കൊണ്ടുകൊണ്ട് അണ്ണാദുരൈ തമിഴ്നാട്ടില്‍ ഇതേ കാലയളവില്‍ ദ്രാവിഡ മുന്നേറ്റ കഴകം രൂപീകരിച്ചു.

ആ പാര്‍ട്ടിയെ ഇന്ന് അതിശക്തമായി സ്റ്റാലിന്‍ നയിക്കുന്നു. ഇതുപോലെ നിര്‍ണായകശക്തിയാവാന്‍ കേരളാ കോണ്‍ഗ്രസിന് കഴിയുമെന്നും ജോസ് ചെമ്പേരി പറഞ്ഞു.