സംവിധായകന്റെ പേര് പ്രദര്‍ശിപ്പിക്കാതെ റിലീസ് ചെയ്ത ആദ്യസിനിമ-കലിക@44.
മലയാളത്തിലെ ആദ്യത്തെ മാന്ത്രികനോവലായ കലികയുടെ അതേ പേരിലുള്ള സിനിമാ ആവിഷ്‌ക്കാരമാണ് കലിക. 1980 ജൂണ്‍-12 നാണ് സിനിമ റിലീസ് ചെയ്തത്. 1978-79 കാലഘട്ടത്തിലാണ് കുങ്കുമം വാരികയില്‍ ഈ നോവല്‍ പ്രസിദ്ധീകരിച്ചത്. മോഹനചന്ദ്രന്‍ എന്ന പേരില്‍ ഈ നോവലെഴുതിയത് ബി.എം.സി നായര്‍ എന്ന ഇന്ത്യന്‍ വിദേശകാര്യ സര്‍വീസിലെ ഉദ്യോഗസ്ഥനാണ്. കുവൈത്തിലെ ഇന്ത്യന്‍ അംബാസിഡര്‍ ആയാണ് അദ്ദേഹം വിരമിച്ചത്. ഒരു അസാധാരണ വായനാനുഭവമാണ് കലിക. ബാലചന്ദ്രമേനോന്‍ സംവിധാനം ചെയ്ത മൂന്നാമത്തെ സിനിമയാണിത്. സിനിമ പൂര്‍ത്തീകരിച്ച ശേഷം നിര്‍മ്മാതാക്കളായ നാനാ സിനിമാ വാരികയുടെ ഡോ.ബി.എ.രാജാകൃഷ്ണനുമായി പിണങ്ങിയതിനാല്‍ സംവിധായകന്റെ പേര് പോസ്റ്ററിലോ പത്ര പരസ്യങ്ങളിലോ പ്രസിദ്ധീകരിക്കാതെയാണ് സിനിമ റിലീസ് ചെയ്തത്. അടൂര്‍ഭാസി, ജോസ്, കൊട്ടാരക്കര, ശ്രീലത, ടി.പി.മാധവന്‍, ഷണ്‍മുഖംപിള്ള, കെ.പി.എ.സി.അസീസ്, ശാന്തി, ബാലന്‍ തിരുമല എന്നിവരാണ് അഭിനേതാക്കള്‍. ബാലചന്ദ്രമേനോന്‍ തന്നെയാണ് തിരക്കഥയും സംഭാഷണവും എഴുതിയത്. ക്യാമറ-വിപിന്‍ദാസ്. എഡിറ്റര്‍-എ.സുകുമാരന്‍, കലാസംവിധാനം-അമ്പിളി. പരസ്യം സിതാര. ശ്രീലക്ഷ്മിപ്രിയ പ്രൊഡക്ഷന്‍സ് നിര്‍മ്മിച്ച സിനിമ വിതരണം ചെയ്തത് ഡിന്നി ഫിലിംസ്.
മലയാളത്തിലെ ആദ്യത്തെ മാന്ത്രിക നോവല്‍ എന്ന ഖ്യാതിയുള്ള കലികയുടെ ചലച്ചിത്രാവിഷ്‌ക്കാരം. ക്ഷതമേറ്റ സ്ത്രീയുടെ പകരം വീട്ടലാണ് കഥ. മോഹനചന്ദ്രന്‍ എന്ന പേരിലറിയപ്പെട്ട ബി.എം.സി നായരുടെ കുങ്കുമം വാരികയില്‍ പ്രസിദ്ധീകരിച്ച നോവല്‍ സിനിമയാക്കിയത് ബാലചന്ദ്രമേനോന്‍. ഷീലയാണ് കലികയുടെ വേഷം അവതരിപ്പിച്ചത്. പൂമൊട്ട് എന്നാണ് കലിക എന്ന വാക്കിനര്‍ത്ഥം. കുട്ടിയായിരുന്നപ്പോള്‍ ബന്ധുവിനാല്‍ പീഡിപ്പിക്കപ്പെട്ട സ്ത്രീയുടെ പ്രതികാരം മന്ത്ര-പ്രേതഭാവഹാദികളോടെ നിറവേറ്റുന്ന കഥാപാത്രമാണ് ഷീലയുടേത്.
ബാലചന്ദ്രമേനോന്റെ മൂന്നാമത്തെ ചിത്രമായിരുന്നു കലിക. ‘രാധ എന്ന പെണ്‍കുട്ടി’ നിര്‍മ്മിച്ച ബിഎ രാജാകൃഷ്ണനാണ് കലിക നിര്‍മ്മിച്ചത്. ദേവദാസ് എഴുതിയ ഗാനങ്ങള്‍ക്ക് ദേവരാജന്റെ സംഗീതം.
കഥാസംഗ്രഹം അന്തികഴിഞ്ഞ നേരത്ത് കള്ളുഷാപ്പിലിരുന്ന് അമ്മന്‍കാവിലൂടെ ഒറ്റയ്ക്ക് പോകുമെന്ന് വീമ്പടിച്ച ഒരാളുടെ മൃതദേഹമാണ് പിറ്റേന്ന് കണ്ടത്. അമ്മന്‍കാവില്‍ ഒഴിഞ്ഞു കിടക്കുന്ന പുരയിടം വില്‍ക്കാന്‍ ഉടമസ്ഥന്‍ സദന്‍ (വേണു നാഗവള്ളി) എത്തുന്നു. സുഹൃത്തുക്കള്‍ സക്കറിയയും ജോസഫും ഇക്കയും (ശ്രീനാഥ്, സുകുമാരന്‍, ബാലന്‍ കെ.നായര്‍) കൂടെ ചേരുന്നുണ്ട്. സംസ്‌കൃത മന്ത്രങ്ങള്‍ തര്‍ജ്ജമ ചെയ്യാന്‍ അവര്‍ കലിക ടീച്ചറുടെയടുത്ത് പോകുന്നു. സിഗരറ്റ് വലിക്കുന്ന ജോസഫിനെ (സുകുമാരന്‍) കുട്ടി എന്ന് വിളിച്ച് ഗുണദോഷിക്കുന്നുണ്ട് ടീച്ചര്‍. ജോസഫ് പിന്നീട് ടീച്ചറെ പ്രണയാതുരതയോടെ സമീപിക്കുന്നു. എന്നാല്‍ തന്റെ രഹസ്യം പറത്തറിയുമെന്ന് കരുതി കലിക അയാളെ കൊല്ലുന്നു.
മന്ത്രശക്തിയാല്‍ കന്യകാത്വം വീണ്ടെടുത്ത കലിക മന്ത്രസിദ്ധി ദുരുപയോഗപ്പെടുത്താന്‍ തുടങ്ങിയതോടെ സുഹൃത്തുക്കളുടെ നേതൃത്വത്തില്‍ കലികയുടെ മന്ത്രശക്തി ഇല്ലാതാക്കാന്‍ പൂജ ടക്കുന്നു. കലികയുടെ കന്യകാത്വം നശിപ്പിച്ച് നിര്‍വീര്യയാക്കാന്‍ ദീര്‍ഘകാലം ബ്രഹ്‌മചര്യം അനുഷ്ഠിക്കുന്നവനേ കഴിയൂ. സുഹൃദ് സംഘത്തിലെ ഇക്കാക്കയ്ക്കാണ് (ബാലന്‍ കെ നായര്‍) ആ ദൗത്യം! കലികയെ സ്വീകരിക്കാന്‍ അയാള്‍ ഒരുക്കമാണ്. പക്ഷെ അതിന് കാത്തുനില്‍ക്കാതെ കലിക ആത്മഹത്യ ചെയ്യുന്നു.