നഗരസഭാ വൈസ് ചെയര്‍മാന്‍ സ്ഥാനത്തുനിന്നുകൂടി കല്ലിങ്കീല്‍ പുറത്തേക്ക്-എം.എന്‍.പൂമംഗലം പുതിയ മണ്ഡലം പ്രസിഡന്റായേക്കും-

തളിപ്പറമ്പ്: കല്ലിങ്കീല്‍ പത്മനാഭനെ തളിപ്പറമ്പ് നഗരസഭാ വൈസ് ചെയര്‍മാന്‍ സ്ഥാനത്തുനിന്നും മാറ്റും.

സര്‍വീസ് സഹകരണ ബാങ്കില്‍ 27 ന് പുതിയ പ്രസിഡന്റായി അഡ്വ.ടി.ആര്‍.മോഹന്‍ദാസ് തെരഞ്ഞെടുക്കപ്പെട്ട ശേഷമായിരിക്കും വൈസ് ചെയര്‍മാന്‍ സ്ഥാനത്തുനിന്നും കല്ലിങ്കീലിനെ മാറ്റുകയെന്നാണ് സൂചന.

നിലവില്‍ കോണ്‍ഗ്രസില്‍ നിന്നും സസ്‌പെന്റ് ചെയ്യപ്പെട്ട കല്ലിങ്കീല്‍ പാര്‍ട്ടി നിര്‍ദ്ദേശം ധിക്കരിച്ച് ബാങ്ക് ഡയരക്ടര്‍ സ്ഥാനത്ത് തുടരുന്നതിനാല്‍ പാര്‍ട്ടിക്ക് ലഭിച്ച വൈസ് ചെയര്‍മാന്‍ സ്ഥാനത്തുനിന്നും പൂറത്താക്കണമെന്നാണ് പാര്‍ട്ടി തീരുമാനം.

രാജിവെക്കാത്തപക്ഷം അവിശ്വാസത്തിലൂടെ പുറത്താക്കാനാണ് ആലോചന.

പാര്‍ട്ടി വിപ്പ് ലംഘിച്ചാല്‍ കൗണ്‍സിലര്‍ സ്ഥാനത്തുനിന്നുതന്നെ അയോഗ്യനാവുകയും ചെയ്യും.

നിലവിലെ സാഹചര്യത്തില്‍ കല്ലിങ്കീലിനെ പാര്‍ട്ടിയില്‍ തിരിച്ചെടുക്കേണ്ട എന്ന തീരുമാനത്തിലാണ് ഡി.സി.സി നേതൃത്വം.

ഇതോടൊപ്പം തളിപ്പറമ്പ് മണ്ഡലം കോണ്‍ഗ്രസ് കമ്മറ്റിയിലും മാറ്റമുണ്ടായേക്കും. നിലവില്‍ നേരത്തെയുണ്ടായിരുന്ന മണ്ഡലം കമ്മറ്റി വിഭജിച്ച് ഈസ്റ്റ് മണ്ഡലം കമ്മറ്റി പ്രവര്‍ത്തിച്ചിരുന്നു.

ഇത് ഒഴിവാക്കി രണ്ട് കമ്മറ്റികളും ലയിപ്പിച്ച് ബ്ലോക്ക് സെക്രട്ടെറിയും മുതിര്‍ന്ന നേതാവുമായ എം.എന്‍.പൂമംഗലത്തെ മണ്ഡലം പ്രസിഡന്റാക്കുന്ന കാര്യവും നേതൃത്വത്തിന്റെ പരിഗണനയിലാണ്.