തിരുവനന്തപുരം സ്വദേശിനിക്ക് കണ്ണൂര്‍ ഗവ. മെഡിക്കല്‍ കോളേജില്‍ സങ്കീര്‍ണ്ണ ശസ്ത്രക്രിയ
പരിയാരം: പതിമൂന്നാമത്തെ വയസ്സില്‍ വീഴ്ചയിലുണ്ടായ ഗുരുതര പരിക്ക് മൂലം വലതുകാലില്‍ ഇടുപ്പെല്ലിന് ക്ഷതം സംഭവിച്ച തിരുവനന്തപുരം ആറ്റിങ്ങലിലെ വീട്ടമ്മയ്ക്ക് തന്റെ അറുപത്തിമൂന്നാം വയസ്സില്‍ വര്‍ഷങ്ങള്‍ നീണ്ട ദുരിതജീവിതത്തിന് ശേഷം കണ്ണൂര്‍ ഗവ. മെഡിക്കല്‍ കോളേജില്‍ നിന്ന് പുനര്‍ജ്ജന്മം.
വീട്ടുജോലികള്‍ ചെയ്തു കുടുംബം പോറ്റുന്ന ഗിരിജയാണ് കണ്ണൂര്‍ ഗവ കോളേജ് പരിയാരത്തെ അസ്ഥിരോഗവിഭാഗം ഡോക്ടര്‍മാരുടെ വദഗ്ദ്ധചികിത്സ കൊണ്ട് പുതിയ ജീവിതത്തിലേക്ക് നടന്നുകയറിയത്.
അസ്ഥിരോഗവിഭാഗം മേധാവി ഡോ.സുനില്‍, ഡോ.റിയാസ്, ഡോ.അന്‍സാരി, അനസ്‌തേഷ്യ വിഭാഗം മേധാവി ഡോ.അജിതിന്റെ നേതൃത്വത്തിലുള്ള ഡോക്ടര്‍മാര്‍ മറ്റു ഓപ്പറേഷന്‍ തീയേറ്റര്‍ ജീവനക്കാര്‍ എന്നിവരടങ്ങുന്ന മെഡിക്കല്‍ ടീം ഈ മാസം അഞ്ചിനാണ് ഗിരിജയുടെ വലതു കാലില്‍ ഇടുപ്പെല്ല് പൂര്‍ണ്ണമായും മാറ്റിവച്ചുകൊണ്ടുള്ള (ടോട്ടല്‍ ഹിപ് റീപ്ലേസ്‌മെന്റ് ) ശസ്ത്രക്രിയ നടത്തിയത്.
ഫെബ്രുവരി 28-നാണ് രോഗിയെ കണ്ണൂര്‍ ഗവ. മെഡിക്കല്‍ കോളേജില്‍ അഡ്മിറ്റ് ചെയ്തത്. ചെറുപ്പത്തില്‍ സംഭവിച്ച വീഴ്ച്ചയുടെ ആഘാതത്താല്‍ വലത്തുകാലിലെ ഇടുപ്പെല്ലിന് ക്ഷതം വന്ന് ദ്രവിച്ച് തിരിഞ്ഞുപോയ നിലയിലായിരുന്നു രോഗിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.
മാര്‍ച്ച് 5-നാണ് ഇവരെ സങ്കീര്‍ണ്ണമായ ശസ്ത്രക്രിയയ്ക്ക് വിധേയയാക്കിയത്.
ശസ്ത്രക്രിയ്ക്ക് ആവശ്യമുള്ള ഇംപ്ലാന്റ്, മരുന്നുകള്‍, ഭക്ഷണം, താമസം എല്ലാം തന്നെ പൂര്‍ണ്ണമായും സൗജന്യമായാണ് ലഭ്യമാക്കിയതെന്ന് ആശുപത്രി സൂപ്രണ്ട് ഡോ.കെ.സുദീപ് അറിയിച്ചു.
സ്വകാര്യ ആശുപത്രികളില്‍ ഭീമമായ തുക ചെലവ് വരുമ്പോഴാണ് കണ്ണൂര്‍ ഗവ. മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ഒരു രൂപ പോലും ചെലവ് വരാതെ ചികിത്സ ലഭ്യമാക്കിയത്.
മൂന്നാഴ്ചത്തെ ആശുപത്രി വാസത്തിനുശേഷം കഴിഞ്ഞ ദിവസം(20.03.2025) വൈകീട്ടോടെ രോഗിയെ നാട്ടിലേക്ക് കൊണ്ടുപോയി.
കണ്ണൂര്‍ ഗവ. മെഡിക്കല്‍ പ്രിന്‍സിപ്പല്‍ ഡോ.സൈറു ഫിലിപ്പ്, സൂപ്രണ്ട് ഡോ. സുദീപ്, ശസ്ത്രക്രിയക്ക് നേതൃത്വം നല്‍കിയ ഡോക്ടര്‍മാര്‍ എന്നിവരോടുള്ള സ്‌നേഹവും കടപ്പാടും രോഗിയുടെയും കുടുംബാംഗങ്ങളുടെയും വാക്കുകളില്‍ പ്രകടമായിരുന്നു.
സങ്കീര്‍ണമായ ശസ്ത്രക്രിയ കഴിഞ്ഞ രോഗി ആയതിനാല്‍ മെഡിക്കല്‍ കോളേജ് ഓര്‍ത്തോവിഭാഗം സര്‍ജന്‍ ഡോ.അന്‍സാരിയും ആംബുലന്‍സില്‍ രോഗിയെ അനുഗമിച്ചിരുന്നു.