വെടിയുണ്ട രാധാകൃഷ്ണന്റെ നെഞ്ച് തുളച്ച് പുറത്തേക്ക് പോയി- തോക്ക് കണ്ടെടുത്തു.
പരിയാരം: കൈതപ്രത്ത് ഗുഡ്‌സ് ഓട്ടോ ഡ്രൈവര്‍ കെ.കെ.രാധാകൃഷ്ണന്റെ കൊലപാതകവുമായി ബന്ധപ്പെട്ട് പ്രതിയായ സന്തോഷിനെ സംഭവ സ്ഥലത്തെത്തിച്ച് പൊലീസ് തെളിവെടുത്തു.
തൊട്ടടുത്ത് രാധാകൃഷ്ണന്റെ ഭാര്യയുടെ അമ്മ വാടകയ്ക്ക് താമസിക്കുന്ന വീടിന്റെ പിന്‍ഭാഗത്തു നിന്നും വെടിവയ്ക്കാനുപയോഗിച്ച തോക്ക് കണ്ടെടുത്തു.
വെള്ളിയാഴ്ച്ച രാവിലെ മുതല്‍ തന്നെ ഫോറന്‍സിക് സംഘവും ഡോഗ് സ്‌ക്വാഡും കൊല നടന്ന വീട്ടിലും പരിസരത്തും പരിശോധന നടത്തിയെങ്കിലും വെടിവയ്ക്കാനുപയോഗിച്ച തോക്ക് കണ്ടെത്തിയിരുന്നില്ല.
വൈകുന്നേരത്തോടെ പ്രതിയുമായി പരിയാരം പൊലീസ് സംഭവ സ്ഥലത്ത് തെളിവെടുപ്പ് നടത്തി.
സമീപത്തെ വീടിന്റെ പിറകുവശത്ത് സൂക്ഷിച്ച നിലയില്‍ തോക്ക് കണ്ടെത്തി. സന്തോഷ് തന്നെയാണ് തോക്ക് പൊലീസിനു കാണിച്ചു കൊടുത്തത്.
ഫോറന്‍സിക് സംഘവും ഡോഗ് സ്‌ക്വാഡും കൊല നടന്ന വീട്ടിലും പരിസരത്തും രാവിലെ മുതല്‍ തന്നെ പരിശോധന നടത്തിയിരുന്നു.
വീട്ടില്‍ നിന്നും പൊലീസ് നായ മണം പിടിച്ച് കുറച്ചകലയുളള വണ്ണാത്തി പുഴയുടെ ഓരത്തു വരെ ചെന്നെത്തിയിരുന്നു.
ഇതേ തുടര്‍ന്ന് പുഴയോരത്ത് പൊലീസും നാട്ടുകാരും വിശദമായ തിരച്ചില്‍ നടത്തിയെങ്കിലും തോക്ക് കണ്ടെത്താനായിരുന്നില്ല.
നെഞ്ചത്ത് വെടിയുണ്ട തുളഞ്ഞു കയറി പുറത്തേക്ക് പോയതാണ് മരണകാരണമെന്ന് പോസ്റ്റ് മോര്‍ട്ടം റിപ്പോര്‍ട്ടിലുണ്ട്.
രാധാകൃഷ്ണന്റെ ഭാര്യയുമായുള്ള സൗഹൃദത്തിന് തടസ്സം നിന്നതാണ് കൊലയ്ക്ക് കാരണമെന്ന് സന്തോഷ് പൊലീസിന് മൊഴി നല്‍കി.
കൊല നടത്താനായി തന്നെയാണ് കൈതപ്രത്തെ പണി നടക്കുന്ന വീട്ടില്‍ എത്തിയതെന്നും സന്തോഷ് സമ്മതിച്ചിട്ടുണ്ട്.
വെള്ളിയാഴ്ച രാവിലെ രാധാകൃഷ്ണനെ ഫോണില്‍ വിളിച്ച് സന്തോഷ് ഭീഷണിപ്പെടുത്തിയതായും പൊലീസിനോട് സമ്മതിച്ചു.