രോഗികൾ വട്ടം കറങ്ങുന്നു. മെഡിക്കൽ കോളേജിലെ ഒ.പി.കൗണ്ടറുകളുടെ എണ്ണം കൂട്ടണം-ആവശ്യമായ ഇരിപ്പിടങ്ങള്‍ വേണം.

പരിയാരം: കണ്ണൂര്‍ ഗവ.മെഡിക്കല്‍ കോളേജില്‍ ഒ.പി.കൗണ്ടറുകളുടെ എണ്ണംകൂട്ടുകയും രജിസ്‌ട്രേഷന്‍ സമയം ദീര്‍ഘിപ്പിക്കുകയും ചെയ്യണമെന്ന ആവശ്യം ശക്തമായി.

ശരാശരി പ്രതിദിനം 1200 രോഗികളെത്തുന്ന മെഡിക്കല്‍ കോളേജില്‍ മണിക്കൂറുകളോളം ക്യൂവില്‍ നിന്നാല്‍ മാത്രമേ രോഗികള്‍ക്കോ കൂടെവരുന്നവര്‍ക്കോ ഒ.പി.ടിക്കറ്റെടുക്കാന്‍ സാധിക്കുന്നുള്ളൂ.

ഒ.പി.രജിസ്‌ട്രേഷന് രണ്ടാം നിലയില്‍ വെറും രണ്ട് കൗണ്ടറുകള്‍ മാത്രമാണിപ്പോഴുള്ളത്. രോഗികളും കൂട്ടിരിപ്പുകാരും ക്യൂവില്‍നിന്ന് തളരുകയാണ്.

കൂടെയുള്ളയാള്‍ ക്യൂവില്‍ നില്‍ക്കുമ്പോള്‍ രോഗികള്‍ക്ക് ഒന്ന് ഇരിക്കാനുള്ള സൗകര്യം പോലും ഇല്ലാതായിരിക്കുകയാണ്.

മൂന്നാംനിലയിലും മറ്റു സ്ഥലങ്ങളിലും നേരത്തെ ഉണ്ടായിരുന്ന ഒ.പി.കൗണ്ടര്‍ നിര്‍ത്തലാക്കുകയും ചെയ്തു.

12 മണിവരെ മാത്രമാണിപ്പോള്‍ ഒ.പി.രജിസ്‌ട്രേഷന്‍ നടത്തുന്നതെന്നതിനാല്‍ പലരും കടുത്ത ബുദ്ധിമുട്ട് അനുഭവിക്കുകയാണ്.

ഒരു ഡോക്ടറുടെ ചികില്‍സ തേടിയതിന് ശേഷം മറ്റൊരു ഒ പിയിലെ ഡോക്ടറെ കാണുന്നതിന് വീണ്ടും റജിസ്റ്റര്‍ ചെയ്യുന്നതിനുള്ള ബുദ്ധിമുട്ടുകളും രോഗികളെ വട്ടം കറക്കുകയാണ്.

ഒ പി രജിസ്‌റേഷന്‍ സമയം ദീര്‍ഘിപ്പിക്കുകയും കൗണ്ടറുകളുടെ എണ്ണം വര്‍ദ്ധിപ്പിക്കുകയും വേണമെന്നാവശ്യപ്പെട്ട് പൊതുപ്രവര്‍ത്തകന്‍ കെ.പി.മൊയ്തു പ്രിന്‍സിപ്പാളിന് നിവേദനം നല്‍കി.

രോഗികള്‍ക്കും കൂടെ വരുന്നവര്‍ക്കും ഇരിക്കാന്‍ ഇപ്പോള്‍ തീരെ സൗകര്യമില്ല, ആവശ്യമായ ഇരിപ്പിടങ്ങളും ഒരുക്കണമെന്ന് നിവേദനത്തില്‍ ആവശ്യപ്പെട്ടിട്ടുണ്ട്.

ഇവിടെ ജോലി ചെയ്യുന്ന ജീവനക്കാര്‍ക്കുപോലും തങ്ങളുടെ ബന്ധുക്കള്‍ക്കോ മറ്റ് വേണ്ടപ്പെട്ടവര്‍ക്കോ ഒ.പി.രജിസ്‌ട്രേഷന്‍ നടത്താനും വളരെ പ്രയാസം നേരിടുകയാണ്.

നേരത്തെ മെഡിക്കല്‍ കോളേജുമായി ബന്ധപ്പെട്ട് നിരവധി ജനകീയവിഷയങ്ങളില്‍ ഇടപെട്ട് കെ.പി.മൊയ്തു സര്‍ക്കാറിന്റെയും മനുഷ്യാവകാശ കമ്മീഷന്‍ ഉള്‍പ്പടെയുള്ളവര്‍ക്ക് പരാതി നല്‍കി പരിഹാരമുണ്ടാക്കിയിരുന്നു.