നവീകരിച്ചിട്ട് വര്‍ഷം രണ്ടു കഴിഞ്ഞിട്ടും കരിമ്പം ഫാം റസ്റ്റ്ഹൗസ് അടഞ്ഞുതന്നെ.
തളിപ്പറമ്പ്: പണി പൂര്‍ത്തീകരിച്ചിട്ട് വര്‍ഷം രണ്ടു കഴിഞ്ഞിട്ടും ജില്ലാ കൃഷിഫാമിന്റെ റസ്റ്റ് ഹൗസ് തുറന്നുകൊടുത്തില്ല.
2020 ഏപ്രില്‍ മാസത്തില്‍ മുഴുവന്‍ പണിയും തീര്‍ത്തുവെങ്കിലും ഇന്നേവരെ റസ്റ്റ്ഹൗസില്‍ നിന്നും പത്തുപൈസയുടെ വരുമാനം പോലും ലഭിച്ചിട്ടില്ല.
അന്നത്തെ കൃഷിമന്ത്രി വി.എസ്.സുനില്‍കുമാറിനെ ഒരു ദിവസം ഇവിടെ താമസിപ്പിച്ച് ഉദ്ഘാടന പരിപാടി നടത്തിയശേഷം പൊതുജനങ്ങള്‍ക്ക് നിയന്ത്രിതമായി വാടകക്ക് നല്‍കാനാണ് ഉദ്ദേശിച്ചിരുന്നതെങ്കിലും കോവിഡ് ആയതിനാല്‍ മാറ്റിവെക്കുകയായിരുന്നു.
ഇന്ത്യയുടെ ആദ്യത്തെ പ്രധാനമന്ത്രി ജവഹര്‍ലാല്‍ നെഹ്‌റുവും മകള്‍ ഇന്ദിരാഗാന്ധിയും മുഖ്യമന്ത്രിയായിരുന്ന ഇ.എം.എസിനോടൊപ്പം 1958 ല്‍ ഇവിടെ താമസിച്ചിരുന്നു.
1990 ല്‍ കെയര്‍ടേക്കര്‍ വിരമിച്ചതോടെ അടച്ചുപൂട്ടിയ റസ്റ്റ്ഹൗസ് 2015 ലാണ് നവീകരിക്കാന്‍ തീരുമാനിച്ചത്.
86 ലക്ഷം രൂപ ചെലവില്‍ നവീകരിച്ച 119 വര്‍ഷം പഴക്കമുള്ള റസ്റ്റ് ഹൗസിന് ഇപ്പോള്‍ എയര്‍കണ്ടീഷന്‍ ചെയ്ത രണ്ട് മുറികളാണുള്ളത്.
ഇന്നത്തെ അവസ്ഥയില്‍ പ്രതിദിനം 10,000 രൂപയെങ്കിലും വാടകലഭിക്കാവുന്ന മുറികള്‍ വാടകക്ക് നല്‍കിയിരുന്നുവെങ്കില്‍ സര്‍ക്കാറിലേക്ക് വലിയ വരുമാനം ലഭിക്കുമായിരുന്നു.
വിശാലമായ വരാന്തയും ഡൈനിംഗ് ഹാളും സഹായികള്‍ക്കുള്ള രണ്ട് മുറികളും ഉള്‍പ്പെടുന്ന് ഈ ബ്രിട്ടീഷ് നിര്‍മ്മിത ബംഗല്‍വ് സഞ്ചാരികളെ മോഹിപ്പിക്കുന്നതാണ്.
ഒരുകാലത്ത് ജില്ലയിലെത്തുന്ന പ്രഗല്‍ഭരായ വ്യക്തിത്വങ്ങലെല്ലാം താമസിച്ചിരുന്ന ഈ ബംഗല്‍വ് ഫാം ടൂറിസത്തിന്റെ ഭാഗമാക്കിമാറ്റുമെന്ന ജില്ലാ പഞ്ചായത്തിന്റെ നേരത്തെയുള്ള വാഗ്ദാനം പാലിക്കണമെന്നാണ് നാട്ടുകാര്‍ ആവശ്യപ്പെടുന്നത്.
ഫാമിലെ മാമ്പഴക്കാലം ഉപയോഗപ്പെടുത്തി മാമ്പഴഫെസ്റ്റ് ഉള്‍പ്പെടെ വിവിധ പദ്ധതികള്‍ ഇതുമായി ബന്ധപ്പെട്ട് ആലോചിച്ചിരുന്നുവെങ്കിലും ഒന്നും തന്നെ നടപ്പിലായിട്ടില്ല.