കാരുണ്യ സ്പര്‍ശം അവാര്‍ഡ്-അഗതികളുടെ സഹോദരിമാര്‍ക്ക്.

കണ്ണൂര്‍: ബി പോസിറ്റീവ് ചാരിറ്റബിള്‍ സൊസൈറ്റിയുടെ 2023-ലെ കാരുണ്യ സ്പര്‍ശം അവാര്‍ഡ് അഗതികളുടെ സഹോദരിമാര്‍ക്ക്(എസ്.ഡി.സിസ്റ്റേഴ്‌സ്).

25,001 രൂപയും പ്രശസ്തിപത്രവുമാണ് അവാര്‍ഡ്.

മെയ് 13-ന് തലശ്ശേരി ആര്‍ച്ച് ബിഷപ്പ് മാര്‍ ജോസഫ് പാംപ്ലാനി അവാര്‍ഡ് സമ്മാനിക്കും.

സൊസൈറ്റിയുടെ സ്ഥാപകനായിരുന്നു ജോര്‍ജ് ജോസഫ് അര്‍ത്തനാക്കുന്നേലിന്റെ സ്മരണയ്ക്കായി 2022 മുതലാണ് അവാര്‍ഡ് ഏര്‍പ്പെടുത്തിയത്.

രണ്ടാം ചരമവാര്‍ഷിക ദിനമായ മെയ് 13-ന് വായാട്ടുപറമ്പില്‍ നടക്കുന്ന സമ്മേളനത്തിലാണ് അവാര്‍ഡ് സമ്മാനിക്കുന്നത്.

അഗതികളുടെ സഹോദരിമാര്‍ ജാതിമത ഭേദമില്ലാതെ അഗതികള്‍ക്കും അശരണര്‍ക്കും നല്‍കുന്ന കരുണാര്‍ദ്രമായ സേവനം വിലയിരുത്തിയാണ് അവാര്‍ഡ് നല്‍കുന്നതെന്ന് അവാര്‍ഡ് നിര്‍ണയ കമ്മിറ്റി വിലയിരുത്തി.

60 വയസ്സ് കഴിഞ്ഞ അഗതികളെയും, കാന്‍സര്‍ പോലുള്ള മാരകരോഗങ്ങള്‍ ബാധിച്ച് ചികിത്സ ഫലിക്കാതെ ഉപേക്ഷിക്കപ്പെട്ടവരെയും അവരുടെ ജീവിതത്തിന്റെ അവസാന കാലഘട്ടങ്ങളില്‍ പരിചരിച്ച് ശുശ്രൂഷിച്ച് സേവനം നടത്തുന്നു.

അവരുടെ പ്രാഥമിക കാര്യങ്ങള്‍ തൊട്ട് കുളിപ്പിക്കല്‍, ഭക്ഷണം കൊടുക്കല്‍, മരുന്ന് നല്‍കല്‍ എല്ലാം സിസ്റ്റേഴ്‌സ് സ്വന്തമായിട്ടാണ് ചെയ്യുന്നത്.

ഏതു ജാതിയിലും മതത്തിലും പെട്ടവരായാലും അവരുടെ വിശ്വാസം അനുസരിച്ച് പ്രാര്‍ത്ഥിക്കാനും അവസാന നാളുകളില്‍ വേണ്ട ശുശ്രൂഷ ചെയ്യാനും ഈ അഗതികളുടെ സഹോദരിമാര്‍ എപ്പോഴും സന്നദ്ധരാണ്.

പൊതു ജനങ്ങള്‍ നല്‍കുന്ന സംഭാവനകളല്ലാതെ യാതൊരു സഹായവും ഇവര്‍ക്ക് ലഭിക്കുന്നില്ല.

റവ.ഡോ.തോമസ് തെങ്ങുംപള്ളിയുടെ നേതൃത്വത്തിലുള്ള കമ്മറ്റിയാണ് ഈ വര്‍ഷത്തെ അവാര്‍ഡ് നിര്‍ണയിച്ചത്.

കഴിഞ്ഞവര്‍ഷം കാരുണ്യ സ്പര്‍ശം അവാര്‍ഡ് തെരുവില്‍ നിന്ന് കണ്ടെടുത്ത നൂറിലധികം മാനസികരോഗികളെ പരിചരിക്കുന്ന ആശാന്‍ കവലയിലെ തിരുരക്താശ്രമത്തിനാണ് നല്‍കിയത്.

2011-മുതല്‍ പ്രവര്‍ത്തിക്കുന്ന ബി പോസിറ്റീവ് ചാരിറ്റബിള്‍ സൊസൈറ്റി പരിസ്ഥിതി സംരക്ഷണം,

വിദ്യാഭ്യാസ-രോഗി പരിചരണ മേഖലയില്‍ സുത്യര്‍ഹമായ സേവനമാണ് നടത്തിവരുന്നതെന്ന് സൊസൈറ്റി പ്രസിഡന്റ് ഡി.പി.ജോസ്, ഉപദേശക സമിതി ചെയര്‍മാന്‍ തോമസ് ജേക്കബ്, സെക്രട്ടറി സിബി മാത്യു,

ട്രഷറര്‍ ചാക്കോച്ചന്‍ മരുതാനിക്കാട്, ഡയറക്ടര്‍മാരായ സജി തെക്കകൊട്ടാരം, ചാരിറ്റി ഡയറക്ടര്‍ ജോസ് വി.ജോസഫ് എന്നിവര്‍ അറിയിച്ചു.