അദ്ധ്യാപകരേ ആഴ്ചയില്‍ ഒരുദിവസം ഖാദി വസ്ത്രം ധരിക്കൂ ഖാദിമേഖലയെ രക്ഷിക്കൂ-പി.ജയരാജന്‍
കണ്ണൂര്‍: പരമ്പരാഗത വ്യവസായങ്ങളൊക്കെ പ്രതിസന്ധി നേരിടുന്ന കാലഘട്ടമാണിതെങ്കിലും ഖാദിയും കൈത്തറിയുമൊക്കെ സംരക്ഷിക്കാനുള്ള നടപടികളുമായാണ് സര്‍ക്കാര്‍ മുന്നോട്ടു പോകുന്നതെന്ന് ഖാദി ബോര്‍ഡ് വൈസ് ചെയര്‍മാന്‍ പി.ജയരാജന്‍ പറഞ്ഞു.
കേരള ഖാദിഗ്രാമ വ്യവസായ ബോര്‍ഡ് പയ്യന്നൂര്‍ ഖാദി കേന്ദ്രത്തിന്റെ ക്രിസ്മസ്-ന്യൂഇയര്‍ ഖാദിമേളയുടെ ജില്ലാതല ഉദ്ഘാടനം നിര്‍വ്വഹിച്ചുകൊണ്ട് അദേഹം പറഞ്ഞു.
സര്‍ക്കാര്‍ ജീവനക്കാര്‍ ആഴ്ചയില്‍ ഒരുദിവസം കൈത്തറി ഖാദിവ സ്ത്രങ്ങള്‍ ധരിക്കുന്നത് പോലെ അദ്ധ്യാപകരും ധരിക്കാന്‍ തയ്യാറായാല്‍ ഈ മേഖല രക്ഷപ്പെടുമെന്ന് ജയരാജന്‍ പറഞ്ഞു.
വൈസ് ചെയര്‍മാന്റെ ക്യാമ്പ് ഓഫീസ് മേയര്‍ ടി.ഒ.മോഹനന്‍ ഉദ്ഘാടനം ചെയ്തു.
മഹാത്മാ മന്ദിരത്തിനടുത്തുള്ള ഖാദി ഗ്രാമ സൗഭാഗ്യയില്‍ നടന്ന ചടങ്ങില്‍ കടന്നപ്പള്ളി രാമചന്ദ്രന്‍ എം.എല്‍.എ അദ്ധ്യക്ഷത വഹിച്ചു.
ആദ്യ വില്പന മുന്നോക്ക ക്ഷേമ കോര്‍പറേഷന്‍ ഡയരക്ടര്‍ കെ.സി.സോമന്‍നമ്പ്യാര്‍ക്ക് നല്കിക്കൊണ്ട് ജയരാജന്‍ നിര്‍വഹിച്ചു.
കോര്‍പറേഷന്‍ സ്റ്റാന്റിങ്ങ് കമ്മിറ്റി ചെയര്‍മാന്‍ സുരേഷ് ബാബു എളയാവൂര്‍, ടി.സി.മാധവന്‍ നമ്പൂതിരി എന്നിവര്‍ സംസാരിച്ചു.
ഈ മാസം 31 വരെ നടക്കുന്ന മേളയില്‍ ഖാദി വസ്ത്രങ്ങള്‍ക്ക് 30 ശതമാനം റിബേറ്റ് ലഭിക്കും