ക്ഷേത്രവരുമാനം കൈപ്പിടിയിലൊതുക്കാനുള്ള സി.പി.എം നീക്കം എന്തുവിലകൊടുത്തും ചെറുക്കും-കെ.പി.ശശികല ടീച്ചര്‍.
തളിപ്പറമ്പ്: ടി ടി കെ ദേവസ്വം പ്രസിഡണ്ടിനെ അയോഗ്യനാക്കി ക്ഷേത്ര ഭരണം സമ്പൂര്‍ണ്ണമായി പിടിച്ചെടുത്ത് ശ്രീരാജരാജേശ്വര ക്ഷേത്രമടക്കമുള്ള ക്ഷേത്രങ്ങളിലെ വരുമാനം തങ്ങളുടെ കൈപ്പിടിയില്‍ ഒതുക്കാനുള്ള സിപിഎം സര്‍ക്കാരിന്റെ നീക്കം ഭക്തജനങ്ങളെ അണിനിരത്തി നേരിടുമെന്ന് ഹിന്ദു ഐക്യവേദി സംസ്ഥാന അധ്യക്ഷ കെ.പി.ശശികല ടീച്ചര്‍ പറഞ്ഞു.
ഹിന്ദു ഐക്യവേദി ശ്രീരാജരാജേശ്വര ക്ഷേത്രത്തിന് മുന്നില്‍ നടത്തിയ ഭക്തജന കൂട്ടായ്മ ഉദ്ഘാടനം ചെയ്യുകയായിരുന്നു അവര്‍.
ക്ഷേത്രഭരണ കാര്യങ്ങള്‍ സുതാര്യമായി നിര്‍വ്വഹിക്കുന്നതിന്റെ ഭാഗമായി നിയമവിരുദ്ധമായി എക്‌സിക്യുട്ടീവ് ഓഫീസര്‍ ചുമതലയില്‍ തുടര്‍ന്ന് വന്ന വ്യക്തിയെ സ്ഥാനത്ത് നിന്ന് മാറ്റിയതില്‍ പ്രകോപിതരായ ഭരണക്കാര്‍ പ്രസിഡന്റിനെ സ്ഥാനഭ്രഷ്ട്ടനാക്കാന്‍ നീക്കം നടത്തുന്നതില്‍ നിന്ന് തന്നെ സര്‍ക്കാറിന്റെ സമീപനം വ്യക്തമാണ്.
ഹൈക്കോടതി ഉത്തരവ് പോലും പാലിക്കാതെ യാതൊരു മാനദണ്ഡങ്ങളും സ്വീകരിക്കാരെ നിയമന അഴിമതികളും സാമ്പത്തിക ക്രമക്കേടുകളും നടത്തിയതിനെതിരെ നിരവധി പരാതികള്‍ നല്‍കിയിട്ടും യാതൊരു അന്വേഷണവും നടത്താന്‍ തയ്യാറായിട്ടില്ലാത്ത സര്‍ക്കാരാണ് സാമ്പത്തിക ക്രമക്കേട് തടഞ്ഞ ടി.ടി.കെ ദേവസ്വം പ്രസിഡന്റിനെ സ്ഥാനത്ത് നിന്ന് പുറത്താക്കാന്‍ ശ്രമിക്കുന്നത്.
കേരള സര്‍ക്കാറിന്റെ ഓഡിറ്റ് വകുപ്പ് തന്നെ കണ്ടെത്തിയ ലക്ഷക്കണക്കിന് രൂപയുടെ ധനാഹരണ തുകകള്‍ ബന്ധപ്പെട്ടവരില്‍ നിന്നും തിരിച്ചുപിടിക്കണമെന്ന് സര്‍ക്കാറിലേക്ക് റിപ്പോര്‍ട്ട് സമര്‍പ്പിച്ചിട്ടും യാതൊരു നടപടിയും സ്വീകരിക്കാന്‍ സര്‍ക്കാര്‍ തയ്യാറായിട്ടില്ല.
യാത്രപ്പടി ഇനത്തില്‍ പോലും സി.പി.എം അനുകൂലികള്‍ ക്ഷേത്രധനം ചോര്‍ത്തുകയാണെന്ന് ശശികല ടീച്ചര്‍ ആരോപിച്ചു.
നിയമവിരുദ്ധമായ എല്ലാനടപടികളെയും നിയമപരമായി നേരിടുന്നതിന് ഏതറ്റംവരെയും പോകുമെന്നും അവര്‍ പറഞ്ഞു. ഹിന്ദു ഐക്യവേദി തളിപ്പറമ്പ് താലൂക്ക് പ്രസിഡന്റ് ഇ.വി.ഗണേഷ് അദ്ധ്യക്ഷത വഹിച്ചു.
സി.സുരേന്ദ്രന്‍ നമ്പ്യാര്‍ ആമുഖ ഭാഷണം നടത്തി. ബി.ഡി.ജെ.എസ് സംസ്ഥാന ജന.സെക്രട്ടറി കെ.ഷൈന്‍, മഹിളാ ഐക്യവേദി സംസ്ഥാന വര്‍ക്കിങ് പ്രസിഡന്റ് എം.പി.രാഗിണി ടീച്ചര്‍, ഹിന്ദു ഐക്യവേദി സംസ്ഥാന സെക്രട്ടറി പി.വി.ശ്യാംമോഹന്‍, ക്ഷേത്ര സംരക്ഷണ സമിതി ജില്ല അദ്ധ്യക്ഷന്‍ അഡ്വ.എം.വിനോദ്, ടി.സുകേഷ് എന്നിവര്‍ സംസാരിച്ചു.
ഹിന്ദു ഐക്യവേദി തളിപ്പറമ്പ് താലൂക്ക് ജനറല്‍ സെക്രട്ടറി എം.വി. സജീവ്കുമാര്‍ സ്വാഗതവും താലൂക്ക് സെക്രട്ടറി കെ.വി.ഉണ്ണികൃഷ്ണന്‍ നന്ദിയും പറഞ്ഞു.