കരിമ്പം കുണ്ടത്തില്‍കാവ് കളിയാട്ടം ജനുവരി 15 മുതല്‍ 19 വരെ.

കരിമ്പം: കരിമ്പം കുണ്ടത്തില്‍കാവ് പുതിയഭഗവതി ക്ഷേത്രം പ്രതിഷ്ഠാദിന കളിയാട്ട മഹോല്‍സവം ജനുവരി 15 മുതല്‍ 19 വരെ വിവിധ പരിപാടികളോടെ ആഘോഷിക്കും.

15 ന് വൈകുന്നേരം 4.30 ന് കണിച്ചാമല്‍ ആലയില്‍പടിയില്‍ നിന്നും ശിങ്കാരിമേളത്തിന്റെ അകമ്പടിയോടെ കലവറനിറക്കല്‍ ഘോഷയാത്ര.

രാത്രി 7 ന് സാംസ്‌ക്കാരിക പരിപാടികള്‍ മയ്യില്‍ പോലീസ് ഇന്‍സ്‌പെക്ടര്‍ ടി.പി.സുമേഷ് ഉദ്ഘാടനം ചെയ്യും.

കുറുമാത്തൂര്‍ പഞ്ചായത്തംഗം ടി.പി.പ്രസന്ന ടീച്ചര്‍ പങ്കെടുക്കും.

രാത്രി എട്ടിന് കേരളാ ഫോക്‌ലോര്‍ അക്കാദമി അവാര്‍ഡ് ജേതാവ് സുരേഷ് പള്ളിപ്പാറ നയിക്കുന്ന കണ്ണൂര്‍ റിഥം ഓര്‍ക്കസ്ട്രയുടെ ഗാനമേള അരങ്ങേറും.

ധനലക്ഷ്മി ഫെര്‍ട്ടിലൈസേഴ്‌സ് ഉടമ എം.ജയരാജ്, മാണി പ്രകാശന്‍ കരിമ്പം എന്നിവരാണ് പരിപാടിയുടെ സ്‌പോണ്‍സര്‍മാര്‍.

16 ന് രാവിലെ പ്രതിഷ്ഠാദിനത്തില്‍ തന്ത്രി ഇ.പി.ഹരിജയന്തന്‍ നമ്പൂതിരിയുടെ മുഖ്യകാര്‍മികത്വത്തില്‍ പ്രതിഷ്ഠാദിന പൂജകള്‍. ഉച്ചക്ക് 2 ന് ശേഷം കാവില്‍ കയറല്‍.

വൈകുന്നേരം പുതിയ ഭഗവതിയുടെ ഉച്ചത്തോറ്റം, മേലേരികൂട്ടല്‍, വീരന്‍ ദൈവത്തിന്റെ തോറ്റം, കായക്കഞ്ഞി വിതരണം, അന്തിത്തോറ്റവും കൂടിയാട്ടവും.

തുടര്‍ന്ന് വീരന്‍, വീരകാളി തെയ്യങ്ങളുടെ പുറപ്പാട്. 17 ന് പുലര്‍ച്ചെ മേലേരി കയ്യേല്‍ക്കല്‍, പുതിയഭഫാഗവതിയുടെ പുറപ്പാട്, ഭദ്രകാളിയുടെ പുറപ്പാട്, ഉച്ചക്ക് മരക്കലത്തമ്മയുടെയും മൂത്ത ഭഗവതിയുടെയും തോറ്റം.

വൈകുന്നേരം 7 ന് ക്ഷേത്ര മാതൃസമിതി അവതരിപ്പിക്കുന്ന തിരുവാതിരയും കുട്ടികളുടെ വിവിധ പരിപാടികളും.

18 ന് രാവിലെ 10.30 ന് മൂത്ത ഭഗവതിയുടെ പുറപ്പാട്, വൈകുന്നേരം 5 ന് കാരന്‍ ദൈവത്തിന്റെ പുറപ്പാട്, 6 ന് ഇളംകോലം, രാത്രി 9 ന് രുളികന്‍ ദൈവത്തിന്റെ വെള്ളാട്ടം, വിഷ്ണുമൂര്‍ത്തിയുടെ തോറ്റം,

രാത്രി 11 ന് കാഴ്ച്ചവരവും കരിമരുന്ന് പ്രയോഗവും. നമ്പോലന്‍ നമ്പോലത്തിയും.

സമാപന ദിനമായ 19 ന് പുലര്‍ച്ചെ ഗുളികന്‍ ദൈവത്തിന്റെ പുറപ്പാട്. രാവിലെ തോറ്റംപാട്ട്, 9 മണിക്ക് കാരന്‍ ദൈവം, നാഗേനിയമ്മ, വിഷ്ണുമൂര്‍ത്തി, മാപ്പിളത്തെയ്യങ്ങല്‍. തുടര്‍ന്ന് വലിയ തമ്പുരാട്ടിയുടെ പുറപ്പാട്. കളിയാട്ട ദിവസങ്ങളില്‍ അന്നദാനവും ഉണ്ടായിരിക്കുമെന്ന് സംഘാടകര്‍ അറിയിച്ചു.