തളിപ്പറമ്പിലെ വെള്ളാന ഓഫീസില്‍ വാഹനകരാര്‍ വിവാദവും
തളിപ്പറമ്പ്: പിന്‍വാതില്‍ നിയമനങ്ങളിലൂടെയും റിട്ടയര്‍ചെയ്ത വയോധികരായ ജീവനക്കാരെ അനാവശ്യമായി തിരുകികയറ്റി ലക്ഷങ്ങള്‍ ധൂര്‍ത്തടിക്കുന്നതിലൂടെയും കുപ്രസിദ്ധമായ തളിപ്പറമ്പിലെ വെള്ളാന ഓഫീസായി അറിയപ്പെടുന്ന ലാന്റ് അക്വിസിഷന്‍ സ്‌പെഷ്യല്‍ ഡെപ്യൂട്ടി കളക്ടര്‍ ഓഫീസില്‍ നിന്നും പുതിയ വെള്ളാനക്കഥകള്‍ പുറത്ത്.
ലാന്റ് അക്വിസിഷന്‍ സ്‌പെഷ്യല്‍ ഡെപ്യൂട്ടി കളക്ടര്‍ ഓഫീസിലേക്ക് കരാര്‍ അടിസ്ഥാനത്തില്‍ ഡ്രൈവര്‍ സഹിതം വാഹനം ആവശ്യപ്പെട്ട് ക്വട്ടേഷന്‍ ക്ഷണിച്ചിരുന്നു.
ഇതില്‍ പ്രതിമാസം 31,320 രൂപ ക്വാട്ട് ചെയ്ത കൊയ്യം സ്വദേശി കൊയിലേരിയന്‍ ഹൗസില്‍ പി.സുരേഷിന്റെ ക്വട്ടേഷനാണ് അംഗീകരിച്ചിരുന്നത്.
ജൂലായ്-17 ന് വാഹനവുമായി തളിപ്പറമ്പ് മിനി സിവില്‍ സ്റ്റേഷനില്‍ പ്രവര്‍ത്തിക്കുന്ന ലാന്റ് അക്വിസിഷന്‍ സ്‌പെഷ്യല്‍ ഡെപ്യൂട്ടി കളക്ടര്‍ ഓഫീസില്‍ ഹാജരാവാന്‍ സുരേഷിന് രേഖാമൂലം അറിയിപ്പും ലഭിച്ചിരുന്നു.
വാഹനത്തിന്റെ എയര്‍കണ്ടീഷണറിന് അറ്റകുറ്റപ്പണിയുള്ളതിനാല്‍ അത് തീര്‍ത്ത് വാഹനം ഹാജരാക്കാമെന്ന് സുരേഷ് ഡെപ്യൂട്ടി കളക്ടര്‍ ഓഫീസില്‍ നേരിട്ടെത്തി അറിയിക്കുകയും സ്ഥാപനത്തിലെ ജൂനിയര്‍ സൂപ്രണ്ട് അത് അംഗീകരിക്കുകയും ചെയ്തിരുന്നു.
എന്നാല്‍ നേരത്തെ ഇവിടെ വാഹനം നല്‍കിയിരുന്ന കെ.രാജനും ക്വട്ടേഷന്‍ നല്‍കിയിരുന്നുവെങ്കിലും അദ്ദേഹം 31,400 രൂപ ക്വാട്ട് ചെയ്തതിനാല്‍ കരാര്‍ ലഭിച്ചിരുന്നില്ല.
രാജന്‍ സുരേഷിനെ ഫോണില്‍ വിളിച്ച് നീ എന്റെ പണി കളഞ്ഞില്ലേ എന്ന് പറഞ്ഞതായി സുരേഷ് പറയുന്നു.
വാഹനത്തിന്റെ എ.സി റിപ്പേര്‍ പൂര്‍ത്തിയാക്കി വണ്ടി ഹാജരാക്കിയപ്പോഴാണ് കളി നടന്നത് സുരേഷിന് മനസിലായത്.
വാഹനം ഹാജരാക്കാന്‍ ഒരു ദിവസം വൈകി എന്ന പേരില്‍ രാജന് തന്നെ കരാര്‍ നല്‍കാന്‍ ഡെപ്യൂട്ടി കളക്ടര്‍ ഓഫീസിലെ ചിലര്‍ ഒത്തുകളിച്ചപ്പോഴാണ് കുറഞ്ഞ തുക ക്വാട്ട് ചെയ്ത സുരേഷ് പുറത്തായത്.
ഡെപ്യൂട്ടി കളക്ടര്‍ ഓഫീസില്‍ നേരത്തെ വാഹന കരാറിന് ക്വട്ടേഷന്‍ സമര്‍പ്പിക്കാന്‍ അപേക്ഷകര്‍ ഉണ്ടാവാത്തതിനാല്‍ വര്‍ഷങ്ങളായി രാജന്‍ തന്നെയാണ് വാഹനം നല്‍കിയിരുന്നത്.
പുതിയ ഡെപ്യൂട്ടി കളക്ടര്‍ വന്നതോടെയാണ് പൊതു ക്വട്ടേഷന്‍ ക്ഷണിച്ചത്.
ഇത് തന്ത്രപൂര്‍വ്വം അട്ടിമറിച്ചാണ് ചില താല്‍ക്കാലിക ജീവനക്കാര്‍ ഉള്‍പ്പെടെയുള്ള കോക്കസ് രാജന് തന്നെ വാഹനകരാര്‍ ഉറപ്പിച്ചുകൊടുത്തത് എന്നാണ് വിമര്‍ശനം.
ക്രമക്കേട് നടത്തുന്നതിനായി ഇത് സംബന്ധിച്ച് നല്‍കിയ നോട്ടീസില്‍ സുരേഷിന്റെ തുക 31,32എന്ന്
മാത്രം അച്ചടിക്കുകയും മറ്റുള്ളവരുടെ തുക കൃത്യമായി രേഖപ്പെടുത്തുകയും ചെയ്തിട്ടുണ്ട്.
എംപ്ലോയിമെന്റ് എക്‌സ്‌ചേഞ്ചിനെ നോക്കുകുത്തിയാക്കി പത്രപരസ്യം പോലും ചെയ്യാതെ നാല് താല്‍ക്കാലിക ഡാറ്റ എന്‍ട്രി ഓപ്പറേറ്റര്‍മാരെ പിന്‍വാതില്‍ നിയമനം നടത്തിയതിലും വയോധികരായ മൂന്ന് റിട്ടയര്‍ ചെയ്ത ഉദ്യോഗസ്ഥരെ നിയമിച്ചതിലും ക്രമക്കേട് നടന്നത് സംബന്ധിച്ച് വിജിലന്‍സില്‍ ഉള്‍പ്പെടെ പരാതികള്‍ നിലനില്‍ക്കുന്ന ഈ ഓഫീസില്‍ വലിയതോതില്‍ സര്‍ക്കാര്‍ പണം ധൂര്‍ത്തടിക്കുന്നത് തെളിയിക്കുന്നതാണ് ഈ സംഭവങ്ങള്‍.

