ആര്‍ക്കും എന്തും ചെയ്യാം, ആരും ചോദിക്കാനില്ല-തളിപ്പറമ്പിലേക്ക് വരൂ.

തളിപ്പറമ്പ്: ആര്‍ക്കും എന്തും ചെയ്യാം, ആരും ചോദിക്കാനില്ല-തളിപ്പറമ്പിലേക്ക് വരൂ.

പട്ടാപ്പകല്‍ നടന്നുപോകുന്ന സ്ത്രീകളുടെ മാലപൊട്ടിക്കല്‍, തനിച്ച് താമസിക്കുന്ന വയോധികയെ വീട്ടില്‍ കയറി ആക്രമിച്ച് സ്വര്‍ണമാല കവര്‍ച്ച, മദ്യപിച്ച് എവിടെയും എങ്ങിനെയും നടക്കാം-കിടക്കാം, എവിടെയും എങ്ങിനെ വേണമെങ്കിലും വാഹനങ്ങള്‍ പാര്‍ക്ക് ചെയ്യാം, റോഡ് കയ്യേറി അനധികൃതമായി കച്ചവടം നടത്താം, ഓപ്പറേഷന്‍ തൂഫാനില്‍ അകപ്പെടുന്നവരെ പോലും വെള്ളപൂശിയെടുക്കാം—

തുടങ്ങി തളിപ്പറമ്പ് നഗരം അരാജകത്വത്തിന്റെ നിര്‍മ്മാണ-സംഭരണ കേന്ദ്രമായി മാറുകയാണെന്ന് ആരെങ്കിലും കുറ്റപ്പെടുത്തിയാല്‍ അവരെ തള്ളിപ്പറയാന്‍ ആവില്ല.

മോഷ്ടാവിന്റെ സി.സി ടിവി ദൃശ്യം കണ്ടാല്‍പോലും പ്രതികളെ കണ്ടെത്താന്‍ പോലീസിന് സാധിക്കുന്നില്ല.

കഴിഞ്ഞ ആറുമാസത്തിലേറെയായി തളിപ്പറമ്പിന്റെ അവസ്ഥ ഇങ്ങനയൊക്കെയാണ്.

നഗരം മൊത്തത്തില്‍ കുത്തഴിഞ്ഞ നിലയിലാണ്. നിയമപാലകരായ പോലീസാണെങ്കില്‍ പഴയകാലത്തെ പ്രേംനസീര്‍ സി.ഐ.ഡി സിനിമപോലെയാണ്, വില്ലനെ നായകന്‍ കാലപുരിക്കയച്ച ശേഷം മാത്രമേ ഇവര്‍ സ്ഥലത്തെത്തുകയുള്ളൂ എന്നതാണ് സ്ഥിതി.

മോഷ്ടാക്കളെയും സമൂഹവിരുദ്ധരേയും പിടിക്കുന്നില്ലെന്നത് അവിടെ നില്‍ക്കട്ടെ, തളിപ്പറമ്പ് മെയിന്റോഡിലൂടെ സമാധാനത്തോടെ മനുഷ്യന് നടന്നുപോകാനുള്ള സംവിധാനം പോലും ഒരുക്കാന്‍ പോലീസിന് സാധിക്കുന്നില്ല.

ഇത് പൂര്‍ണമായും പോലീസിന്റെ കുറ്റമായി പറയുന്നില്ലെങ്കിലും പോലീസ് ചെയ്യേണ്ടത് ചെയ്യുന്നില്ല.

കഴിഞ്ഞ ആറ് മാസത്തിനിടെ രജിസ്റ്റര്‍ ചെയ്ത മോഷണക്കേസുകളില്‍ ഒരു ശതമാനം പോലും തെളിയിക്കാന്‍ സാധിച്ചിട്ടില്ല.

ബന്ധപ്പെട്ട അധികൃതര്‍ ഉണര്‍ന്നുപ്രവര്‍ത്തിക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.