ബ്രോഷറില്‍ ഫോട്ടോ വെച്ചില്ലെന്ന് പറഞ്ഞ് മാറിനിന്നവര്‍ക്കാണ് നഷ്ടം. ലീഗ് ഗ്രൂപ്പിസത്തിനെതിരെ ആഞ്ഞടിച്ച് പി.എം.എ.സലാം

തളിപ്പറമ്പ്: തളിപ്പറമ്പ് മുസ്ലിംലീഗിലെ ഗ്രൂപ്പ്‌പോരിനെതിരെ ആഞ്ഞടിച്ച് സംസ്ഥാന ജന.സെക്രട്ടെറി അഡ്വ.പി.എം.എ.സലാം.

ബ്രോഷറില്‍ ഫോട്ടോ വെച്ചില്ലെന്ന് പറഞ്ഞ് സി.എച്ച്.സെന്റര്‍ സംഘടിപ്പിച്ച ഫാമിലി മീറ്റില്‍ വരാതിരുന്നത് ശരിയായില്ലെന്നും-വരാത്തവര്‍ക്ക് തന്നെയാണ് ഇതിന്റെ നഷ്ടമെന്നും അദ്ദേഹം ഉദ്ഘാടന പ്രസംഗത്തില്‍ ആരുടെയും പേരെടുത്ത് പരാമര്‍ശിക്കാതെ വിമര്‍ശിച്ചു.

ഒന്നിച്ച് ഇരുന്ന് സംസാരിച്ചാല്‍ തീരുന്ന പ്രശ്‌നം മാത്രമേ ഇവിടെ ഉള്ളൂവെന്നും അദ്ദേഹം പറഞ്ഞു.

പാര്‍ട്ടി ഒരു തീരുമാനമെടുത്താല്‍ കൂടെ നില്‍ക്കുന്നവരാവണം പാര്‍ട്ടി പ്രവര്‍ത്തകരെന്നും പി.എം.എ.സലാം പറഞ്ഞു.

വ്യക്തികള്‍ തമ്മിലുള്ള പോരിന് പാര്‍ട്ടിയില്‍ പ്രസക്തിയില്ലെന്നുംഅത് ഒരിക്കലും അംഗീകരിക്കില്ലെന്നും അദ്ദേഹം കര്‍ശനമായ ഭാഷയില്‍ തന്നെ പറഞ്ഞു.

ഉദ്ഘാടന പ്രസംഗത്തിന് ശേഷം സംസാരിക്കാനെത്തിയ പ്രവര്‍ത്തകരോടും ഇക്കാര്യത്തില്‍ പി.എം.എ.സലാം തന്റെ കര്‍ശനനിലപാടുകള്‍ വ്യക്തമാക്കി.

ഇന്ന് രാവിലെ മുതല്‍ വൈകുന്നേരം വരെ ഹജ്മൂസ് ഓഡിറ്റോറിയത്തില്‍ നടത്തിയ സി.എച്ച്.സെന്ററിന്റെ ഫാമിലി മീറ്റില്‍ നിന്നും തളിപ്പറമ്പ് നഗരസഭാ ചെയര്‍പേഴ്‌സന്‍ ഉള്‍പ്പെടെയുള്ള ഒരുവിഭാഗം മുസ്ലിംലീഗ് പ്രവര്‍ത്തകരാണ് വിട്ടുനിന്നത്.