ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ ആറാംഘട്ട വോട്ടെടുപ്പ് ഇന്ന്.

ന്യൂഡല്‍ഹി: ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ ആറാംഘട്ട വോട്ടെടുപ്പ് ഇന്ന്.

ആറ് സംസ്ഥാനങ്ങളിലും രണ്ട് കേന്ദ്രഭരണ പ്രദേശങ്ങളിലുമായി 58 മണ്ഡലങ്ങളിലാണ് തെരഞ്ഞെടുപ്പ് നടക്കുന്നത്.

ഡല്‍ഹിയിലെയും ഹരിയാനയിലെയും എല്ലാ സീറ്റുകളിലും ഈ ഒറ്റഘട്ടത്തിലാണ് വോട്ടെടുപ്പ് നടക്കുക.

കൂടാതെ ഇതോടൊപ്പം ഒഡീഷയിലെ 42 നിയമസഭാ സീറ്റുകളിലേക്കുള്ള വോട്ടെടുപ്പും നടക്കും.

889 സ്ഥാനാര്‍ത്ഥികളാണ് ആറാം ഘട്ടത്തില്‍ ജനവിധി തേടുന്നത്.

ഉത്തര്‍പ്രദേശില്‍ 14 മണ്ഡലങ്ങളിലും പശ്ചിമബംഗാളിലും ബിഹാറിലും എട്ടു മണ്ഡലങ്ങളിലും ആണ് ഇന്ന് വോട്ടെടുപ്പ് നടക്കുന്നത്.

മെഹബൂബ മുഫ്തി, മനോഹര്‍ലാല്‍ ഖട്ടാര്‍, മേനക ഗാന്ധി, അഭിജിത് ഗംഗോപാധ്യായ, കനയ്യകുമാര്‍ എന്നിവരാണ് ആറാംഘട്ടത്തില്‍ ജനവിധി തേടുന്ന പ്രമുഖര്‍.

ലോക്‌സഭാ തിരഞ്ഞെടുപ്പിന്റെ 5 ഘട്ടങ്ങള്‍ പൂര്‍ത്തിയായപ്പോള്‍ 428 മണ്ഡലങ്ങളിലായി 66.39% പേര്‍ വോട്ടു രേഖപ്പെടുത്തി.

2019 ല്‍ ഇത് 68%. 2024ല്‍ പോളിങ് ശതമാനത്തില്‍ നേരിയ കുറവുണ്ടായിട്ടും ബൂത്തിലെത്തിയവരുടെ എണ്ണത്തില്‍ വര്‍ധനയുണ്ടായി.

ജൂണ്‍ ഒന്നിനാണ് ഏഴാം ഘട്ട വോട്ടെടുപ്പ്. ജൂണ്‍ നാലിന് ഫലപ്രഖ്യാപനം.