സൂക്ഷിക്കുക-ഈ വണ്‍വേ അനധികൃതം-അനാവശ്യം-ഉത്തരവാദപ്പെട്ടവര്‍ കാണുന്നില്ലേ?

പിലാത്തറ: പിലാത്തറ മാതമംഗലം റൂട്ടില്‍ അനധികൃത വണ്‍വേ.

വണ്ണാത്തിപ്പുഴക്ക് കുറുകെ കോടികള്‍ ചെലവഴിച്ച് നിര്‍മ്മിച്ച പുതിയ പാലവും ആപ്രോച്ച്റോഡും മാര്‍ച്ച് 9 നാണ് മന്ത്രി പി.എ മുഹമ്മദ്റിയാസ് കൊട്ടിഘോഷിച്ച് ഉദ്ഘാടനം ചെയ്തത്.

ഇതോടെ ബസുകള്‍ ഉള്‍പ്പെടെ എല്ലാ വാഹനങ്ങളും പാലത്തിലൂടെയാണ് സര്‍വീസ് നടത്തിയിരുന്നത്.

ചന്തപ്പുരയില്‍ നിന്നും പുതിയ ആപ്രോച്ച്റോഡ് വഴിയാണ് ബസുകള്‍ സര്‍വീസ് നടത്തിയത്.

പൊടുന്നനെ മാതമംഗലം ഭാഗത്ത് പുതിയ പാലത്തിന് സമീപം പുതിയപാലം വഴിയുള്ള റോഡ് വണ്‍വേ ആക്കി മാറ്റിയതായി ഒരു ബോര്‍ഡ് പ്രത്യക്ഷപ്പെട്ടു.

ഇതോടെ മാതമംഗലം ഭാഗത്തേക്കുള്ള ബസുകളെല്ലാം വീണ്ടും പഴയ പാലം വഴി സര്‍വീസ് നടത്തിത്തുടങ്ങി. മാതമംഗലം ഭാഗത്തുനിന്നും പിലാത്തറയിലേക്കുള്ള ബസുകള്‍ പുതിയ പാലം വഴി പോവുകയും ചെയ്തു.

ഒരു രാഷ്ട്രീയപാര്‍ട്ടിയുടെ പ്രാേദശിക നേതൃത്വത്തിന്റെ സമ്മര്‍ദ്ദം കാരണമാണ് ബസുകള്‍ ഇത്തരത്തില്‍ ഓടിത്തുടങ്ങിയതെന്നാണ് വിവരം.

പഴയപാലം കാലഹരണപ്പെട്ട് ഉപേക്ഷിക്കപ്പെട്ടതായതിനാല്‍ ഇതുവഴി ബസ് സര്‍വീസ് നടത്തിയാല്‍ എന്തെങ്കിലും അപകടം ഉണ്ടായാല്‍ ഉത്തരവാദിത്വം ഏറ്റെടുക്കേണ്ടി വരുമെന്നതിനാല്‍ പാലത്തിന് സമീപം വെച്ച ബോര്‍ഡ് അധികൃതരുടെ സമ്മര്‍ദ്ദം കാരണം ഒരു മാസം മുമ്പ് നീക്കം ചെയ്തിരുന്നു.

ബസുകള്‍ വഴിമാറിയതോടെ പഞ്ചായത്ത് ഓഫീസ്, കടന്നപ്പള്ളി-പാണപ്പുഴ സര്‍വീസ് സഹകരണബേങ്ക് ഹെഡ് ഓഫീസ് എന്നിവിടങ്ങളിലേക്കുള്ള ആളുകള്‍ക്ക് ബുദ്ധിമുട്ടാണെന്ന് പറഞ്ഞാണ് ഇതുവഴി വണ്‍വേ ആക്കിയതെന്ന് ബന്ധപ്പെട്ടവര്‍ പറയുന്നു.

എന്നാല്‍ ഇതുവഴിയുള്ള ബസ് ഗതാഗതം അനധികൃതമാണെന്നാണ് അധികൃതര്‍ പറയുന്നത്. എന്തെങ്കിലും അപകടം നടന്നാല്‍ ഇന്‍ഷൂറന്‍സ് തുക കിട്ടാന്‍ ബുദ്ധിമുട്ടായേക്കുമെന്നാണ് വിവരം.