മാതൃമലയാളം മധുരമലയാളം പുരസ്‌ക്കാരം സമര്‍പ്പണം മാര്‍ച്ച് 19 ന് മന്ത്രി എം.വി.ഗോവിന്ദന്‍ മാസ്റ്റര്‍ നിര്‍വ്വഹിക്കും-
തളിപ്പറമ്പ്: മലയാള ഭാഷയുടെ പ്രചാരണം ലക്ഷ്യമിട്ട് ആരംഭിച്ച മാതൃമലയാളം മധുരമലയാളത്തിന്റെ പ്രഥമ അക്ഷരജ്യോതി പുരസ്‌ക്കാരം ടി.പി.ഭാസ്‌ക്കര പൊതുവാളിന് സമ്മാനിക്കും.
തദ്ദേശ സ്വയംഭരണ-എക്‌സൈസ് വകുപ്പ് മന്ത്രി എം.വി.ഗോവിന്ദന്‍ മാസ്റ്റര്‍ 19 ന് ശനിയാഴ്ച രാവിലെ 9 മണിക്ക് മക്തബ്ബ് ഹാളില്‍വെച്ച്
നടക്കുന്ന ചടങ്ങില്‍ (തളിപ്പറമ്പ് പോലീസ് സ്‌റ്റേഷന് എതിര്‍വശം) രപുരസ്‌ക്കാരം സമ്മാനിക്കുമെന്ന് മാതൃമലയാളം മധുര മലയാളം ദേശീയ ജനറല്‍ സെക്രട്ടറി കെ.സി.മണികണ്ഠന്‍ നായര്‍ അറിയിച്ചു.
കൂട്ടായ്മയിലെ കഥകളുടെ തമ്പുരാട്ടി ശ്രീകുമാരി ടീച്ചര്‍ക്ക് മുന്‍പ് പ്രഖ്യാപിച്ച പുരസ്‌ക്കാരവും ചടങ്ങില്‍ സമ്മാനിക്കും.
കരിവെള്ളൂര്‍ മുരളി ചടങ്ങില്‍ അധ്യക്ഷത വഹിക്കും. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സി.എം.കൃഷ്ണന്‍ വിശിഷ്ടാതിഥിയായിരിക്കും.
പ്രഫ.ഇ.കുഞ്ഞിരാമന്‍ മുഖ്യാതിഥിയാവും. അഡ്വ.എം.കെ.വേണുഗോപാല്‍, പി.വി.സതീഷ്‌കുമാര്‍, സതീശന്‍ തില്ലങ്കേരി എന്നിവര്‍ പ്രസംഗിക്കും. കെ.സി.മണികണ്ഠന്‍നായര്‍ സ്വാഗതവും സെക്രട്ടറി പി.ടി.മുരളീധരന്‍ നന്ദിയും പറയും.
മലയാള ഭാഷയുടെ പ്രചുര പ്രചാരണാര്‍ത്ഥം രൂപീകരിക്കപ്പെട്ട കൂട്ടായ്മയാണ് മാതൃമലയാളം മധുരമലയാളം. ശ്രേഷ്ഠഭാഷയുടെ സൗന്ദര്യം ലോകത്തേയും പ്രത്യേകിച്ച് മലയാളികളില്‍ എത്തിച്ച് ആസ്വാദനമികവ് കൂട്ടാന്‍ ഉതകുന്ന സര്‍വ്വവിധ പ്രവര്‍ത്തനങ്ങളിലും കൂട്ടായ്മ പ്രവര്‍ത്തിക്കുക എന്നതാണ് ലക്ഷ്യം.
പ്രളയവും മഹാമാരിയും ഭൂമുഖത്തെ സര്‍വ്വചരാചരങ്ങളിലും വിതച്ച ദുരവസ്ഥ സ്വാഭാവികമായും കൂട്ടായ്മയേയും ബാധിച്ചു.
മാറിയ സാഹചര്യം പ്രയോജനപ്പെടുത്താനായി മാതൃഭാഷാദിനത്തില്‍ ഉദിച്ച ഒരു ആശയമാണ് ഭാഷക്കായ് പ്രയത്‌നിച്ചവര്‍ക്ക്, / പ്രവര്‍ത്തിക്കുന്നവര്‍ക്ക് ഒരു പുരസ്‌ക്കാരം നല്‍കണമെന്നത്.
മലയാളഭാഷാ പാഠശാലയുടെ സ്ഥാപകനും ഡയരക്ടറുമായ ടി.പി. ഭാസ്‌ക്കര പൊതുവാള്‍ എന്നത് ആദ്യം പരിഗണിക്കേണ്ട പേരായതിനാല്‍ അദ്ദേഹത്തിനു തന്നെ പ്രഥമ പുരസ്‌ക്കാരം നല്‍കാന്‍ ഉന്നതാധികാര സമിതി തീരുമാനിക്കുകയായിരുന്നു.
ഉന്നതാധികാരസമിതി അധ്യക്ഷന്‍ ഹൈക്കോടതി മുന്‍ ജഡ്ജി എ.വി.രാമകൃഷ്ണപിള്ള, മാതൃമലയാളം മധുരമലയാളം ദേശീയ പ്രസിഡന്റ് ഡോ.സി.വി. ആനന്ദബോസ് ഐ എ എസ് (ഏകാംഗ തൊഴില്‍ കമ്മീഷന്‍, ഭാരത സര്‍ക്കാര്‍),
ഉപദേശക സമിതി അദ്ധ്യക്ഷന്‍ .പി.ചന്ദ്രശേഖരന്‍ ഐ പി എസ് (മുന്‍ ഡി ജി പി), ഉപാദ്ധ്യക്ഷന്‍ കരിവെള്ളൂര്‍ മുരളി (കവി, ഗാനരചയിതാവ്, നാടകകൃത്ത്, പ്രഭാഷകന്‍) എന്നിവരും ഈ ആശയത്തെ അംഗീകരിച്ചു.
എ.വി.രാമകൃഷ്ണപിള്ള, ആനന്ദബോസ് ഐ എ എസ്, പി.ചന്ദ്രശേഖരന്‍ ഐ പി എസ്, കെ.സി.മണികണ്ഠന്‍ നായര്‍ എന്നിവര്‍ കൈയ്യൊപ്പ് ചാര്‍ത്തിയ പ്രശസ്തിപത്രം, പൊന്നാട, മെമെന്റോ എന്നിവയാണ് പുരസ്‌ക്കാരത്തില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്.