ഫാഷന്‍ ഗോള്‍ഡ് തട്ടിപ്പ്: എം.സി.കമുറുദ്ദീനും പൂക്കോയതങ്ങള്‍ക്കും എതിരെ 2 കേസുകള്‍ കൂടി.

ചന്തേര: ഫാഷന്‍ ഗോള്‍ഡ് തട്ടിപ്പില്‍ മുന്‍ എം.എല്‍.എ എം.സി.കമുറുദ്ദീന്റെയും പങ്കാളിയുടെയും പേരില്‍ വീണ്ടും കേസുകള്‍.

പടന്ന കൈപ്പാട് പള്ളിച്ചുമ്മാടെ വി.കെ.ഷബീറലിയുടെയും(60) കാവുന്തലയിലെ മുനീറ മന്‍സിലില്‍ എം.മുനീറയുടെയും(58) പരാതികളിലാണ് കേസ്.

ഷബീറലിയില്‍ നിന്നും 2016 ജൂണ്‍ ഒന്നിന് കൂടുതല്‍ ലാഭവിഹിതം തരാമെന്ന് തെറ്റിദ്ധരിപ്പിച്ച് 8 ലക്ഷം രൂപ നിക്ഷേപമായി സ്വീകരിച്ച ഇവര്‍ 4 ലക്ഷം രൂപ തിരിച്ചുനല്‍കുകയും ബാക്കി നാലുലക്ഷം നല്‍കാതെ വഞ്ചിക്കുകയും ചെയ്തുവെന്നാണ് പരാതി.

പടന്ന എടച്ചാക്കൈയിലെ എം.സി.കമറുദ്ദീന്‍(61), പങ്കാളി മാണിയാട്ടെ ടി.കെ.പൂക്കോയതങ്ങള്‍(64) എന്നിവരുടെ പേരില്‍ ഹോസ്ദുര്‍ഗ് ജുഡീഷ്യല്‍ ഒന്നാംക്ലാസ് മജിസ്‌ട്രേട്ട് കോടതിയുടെ നിര്‍ദ്ദേശപ്രകാരമാണ് ചന്തേര പോലീസ് കേസെടുത്തത്.

മുനീറ 2-13 മാര്‍ച്ച് 3 ന് 10 ലക്ഷം രൂപ നിക്ഷേപിച്ചതില്‍ മുതലോ ലാഭവിഹിതമോ നല്‍കിയില്ലെന്നാണ് പരാതി.

ഫാഷന്‍ ഗോള്‍ഡ് ഇന്റര്‍നാഷണല്‍ തട്ടിപ്പില്‍ പോലീസ് നേരത്തെ നിരവധി കേസുകള്‍ രജിസ്റ്റര്‍ ചെയ്തിരുന്നു.