ഇല്ലാക്കഥ പ്രചരിപ്പിച്ച് കോറോംഗ്രാമത്തെ അപമാനിച്ചെന്ന് പരാതി-ബി.ജെ.പി കോഴിക്കോട് ജില്ലാ പ്രസിഡന്റ് ടി.പി.ജയചന്ദ്രന്‍ മാസ്റ്ററുടെ പേരില്‍ പയ്യന്നൂരില്‍ കേസ്.
പയ്യന്നൂര്‍: ഇല്ലാത്തകഥകള്‍ പ്രചരിപ്പിച്ച് കോറോം നാടിനെ അപമാനിച്ചു, ബി.ജെ.പി.കോഴിക്കോട് ജില്ലാ പ്രസിഡന്റിന്റെ പേരില്‍ പയ്യന്നൂര്‍ പോലീസ് കേസെടുത്തു.

കോഴിക്കോട് നരിക്കുനി സ്വദേശി ടി.പി.ജയചന്ദ്രന്‍ മാസ്റ്റര്‍ക്കെതിരെയാണ് ഐ.പി.സി 153 പ്രകാരം കേസെടുത്തത്.
ജൂലായ്-18 ന് മീഡിയാവണ്‍ ചാനലിലാണ് മണിപ്പൂര്‍ പ്രശ്‌നം സംബന്ധിച്ച ചര്‍ച്ചക്കിടയില്‍ പയ്യന്നൂര്‍ കോറോം പ്രദേശത്ത് മുന്നൂറോളം വരുന്ന സി.പി.എം സംഘം രണ്ട് ദളിത് യുവതികളെ മാനസികമായും ശാരീരികമായും പീഡിപ്പിച്ചതെന്ന് ജയചന്ദ്രന്‍ മാസ്റ്റര്‍ പറഞ്ഞത്.
ഇവരുടെ പേരുംകളും അദ്ദേഹം വെളിപ്പെടുത്തിയിരുന്നു.
എന്നാല്‍ ഈ പേരിലുള്ള ദളിത് യുവതികല്‍ പ്രദേശത്ത് ഇല്ലെന്ന് മാത്രമല്ല, അങ്ങനെയൊരു സംഭവമേ നടന്നിട്ടില്ലെന്നതിനാല്‍ നാടിനെ അപമാനിക്കാനും മന:പൂര്‍വ്വം കലാപം സൃഷ്ടിക്കാനുമാണ് ഇത്തരത്തില്‍ വ്യാജമായ കാര്യങ്ങള്‍ പ്രചരിപ്പിച്ചതെന്ന് നാട്ടുകാര്‍ ആരോപിക്കുന്നു.
പ്രദേശത്തെ ദളിത് വിഭാഗങ്ങള്‍ ശക്തമായ പ്രതിഷേധവുമായി രംഗത്തുവന്നതിനെ തുടര്‍ന്നാണ് സി.പി.എം കോറോം ലോക്കല്‍ സെക്രട്ടെറി എം.അമ്പു പയ്യന്നൂര്‍ പോലീസില്‍ പരാതി നല്‍കിയത്.
എന്നാല്‍ ഒരു വിഭാഗത്തേയും അപമാനിക്കുന്ന വിധത്തില്‍ ചാനല്‍ ചര്‍ച്ചയില്‍ ഒന്നും തന്നെ പറഞ്ഞിട്ടില്ലെന്നും കേസിനെ നേരിടുമെന്നും ജയചന്ദ്രന്‍ മാസ്റ്റര്‍ കണ്ണൂര്‍ ഓണ്‍ലൈന്‍ ന്യൂസിനോട് പറഞ്ഞു.
