നിര്‍ത്തിയ കെ.എസ്.ആര്‍.ടി.സി സര്‍വീസ് പുനരാരംഭിക്കണം-ജംഷീര്‍ ആലക്കാട്.
പിലാത്തറ: തളിപ്പറമ്പ്-പൂവം-കൂവേരി-ചപ്പാരപ്പടവ്-എടക്കോം വഴി ഏര്യം റൂട്ടില്‍ സര്‍വ്വീസ് നടത്തുന്ന കെ.എസ്.ആര്‍.ടി.സി ബസ് നിര്‍ത്തിയത് പുന:പരിശോധിക്കണമെന്ന ആവശ്യം ശക്തമാവുന്നു.
ബസ് സര്‍വീസ് നിര്‍ത്തിവെക്കരുതെന്ന് ആവശ്യപ്പെട്ട് കടന്നപ്പള്ശളഇ-പാണപ്പുഴ ഗ്രാമപഞ്ചായത്തംഗം ജംഷീര്‍ ആലക്കാട് ഗതാഗതമന്ത്രിക്ക് നിവേദനം നല്‍കി.
കണ്ണൂര്‍ ഡിപ്പോയില്‍ നിന്നും ( 6.15 ആലക്കോട് സര്‍വ്വീസ് ഷെഡ്യൂള്‍) രാവിലെ 10.10 ന് തളിപ്പറമ്പില്‍ നിന്ന് ഏര്യത്തേക്കും തിരിച്ച് 11.20 ന് ഏര്യത്ത് നിന്ന് തളിപ്പറമ്പിലേക്കും സര്‍വ്വീസ് നടത്തിയിരുന്ന ഈ ബസ് സ്വകാര്യ ബസ് സര്‍വീസിന് വേണ്ടിയാണ് നിര്‍ത്തിവെച്ചതെന്നാണ് നാട്ടുകാരുടെ പരാതി.
സാധാരണക്കാരില്‍ സാധാരണക്കാരായ ജനങ്ങള്‍ക്ക് ചപ്പാരപ്പടവ് ഗവണ്‍മെന്റ് ആശുപത്രി, തളിപ്പറമ്പ് ഗവണ്‍മെന്റ് ഹോസ്പിറ്റല്‍, ലൂര്‍ദ്ദ് ഹോസ്പിറ്റല്‍, സഹകരണ ആശുപത്രി,
പരിയാരം മെഡിക്കല്‍ കോളേജ് എന്നിവിടങ്ങളിലേക്കും സര്‍ സയ്യിദ് കോളേജ് ഉള്‍പ്പെടെ വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ പോകുന്ന വിദ്യാര്‍ത്ഥികള്‍, തൊഴിലാളികള്‍ എന്നിവര്‍ക്ക് സൗകര്യപ്രദമായ സമയത്താണ് ബസ് ഓടിയിരുന്നത്.
ശരാശരി മെച്ചപ്പെട്ട കളക്ഷന്‍ ലഭിക്കുന്ന സര്‍വീസ് നിര്‍ത്തലാക്കരുതെന്ന് നിവേദനത്തില്‍ ആവശ്യപ്പെട്ടിട്ടുണ്ട്.