തെരുവ് വിളക്കുകള്‍ കത്താത്ത പ്രശ്‌നം-ഭരണ-പ്രതിപക്ഷങ്ങള്‍ തുല്യ ദു:ഖിതര്‍.

തളിപ്പറമ്പ്: തെരുവ് വിളക്കുകള്‍ കത്താത്ത പ്രശ്‌നത്തിന് പരിഹാരമുണ്ടാവാത്തതിനെതിരെ നഗരസഭാ കൗണ്‍സില്‍ യോഗത്തില്‍ ഭരണ-പ്രതിപക്ഷ ഭേദമില്ലാതെ എല്ലാവര്‍ക്കും പരാതി.

അറ്റകുറ്റപ്പണികള്‍ക്ക് കരാറെടുത്തവര്‍ സമയബന്ധിതമായി റിപ്പേര്‍ പൂര്‍ത്തിയാക്കാന്‍ തയ്യാറാകാത്തത് കാരണം പൊതുജനങ്ങളെ അഭിമുഖീകരിക്കാനുള്ള ബുദ്ധിമുട്ടുകളും ആശങ്കകളും എല്ലാവരും കൗണ്‍സില്‍ യോഗത്തില്‍ നടന്ന ചര്‍ച്ചയില്‍ പങ്കുവെച്ചു.

വിവിധ നഗരസഭകളിലെ തെരുവുവിളക്കുകളുടെ അറ്റകുറ്റപ്പണികളുടെ കരാറെടുത്ത ഏജന്‍സികള്‍ യഥാസമയം പണി പൂര്‍ത്തീകരിക്കുന്നില്ലെന്നാണ് പരാതി.

സ്വന്തം കയ്യില്‍ നിന്ന് പണമെടുത്ത് ബള്‍ബുകള്‍ വാങ്ങി പരാതി പരിഹരിച്ച കാര്യവും കൗണ്‍സിലര്‍മാര്‍ പങ്കുവെച്ചു.

തെരുവ് വിളക്കുകള്‍ പൂര്‍ണമായി എല്‍.ഇ.ഡി ആകുന്നതോടെ മാത്രമേ പ്രശ്‌നങ്ങള്‍ക്ക് പരിഹാരമാകൂവെന്ന് വൈസ് ചെയര്‍മാന്‍ കല്ലിങ്കീല്‍ പത്മനാഭന്‍ യോഗത്തില്‍ പറഞ്ഞു.

തൃച്ചംബരം ഉല്‍സവം അടുത്തെത്തിയിട്ടും മന്ന ജംഗ്ഷനില്‍ നിന്നും തൃച്ചംബരത്തേക്കുള്ള റോഡ് കുണ്ടും കുഴിയും നിറഞ്ഞുകിടക്കുകയാണെും ഇതിന് അടിയന്തിരമായി പരിഹാരം കാണണമെന്നും തൃച്ചംബരം കൗണ്‍സിലര്‍ പി.വി.സുരേഷ് ആവശ്യപ്പെട്ടു.

അടിയന്തിര പ്രാധാന്യത്തോടെ ഇതിന് പരിഹാരം കാണുമെന്ന് പൊതുമരാമത് സ്ഥിരം സമിതി ചെയര്‍മാന്‍ പി.പി.മുഹമ്മദ് നിസാര്‍ ഇതിന് മറുപടിയായി പറഞ്ഞു.

പുതിയ ബസ് കാത്തിരിപ്പുകേന്ദ്രം നിര്‍മ്മിക്കാനായി എം.വി.ഗോവിന്ദന്‍ മാസ്റ്റര്‍ എം.എല്‍.എ 30 ലക്ഷം രൂപ അനുവദിച്ചത് പ്രകാരം ഊരാളുങ്കല്‍ ലേബര്‍ സൊസൈറ്റി തയ്യാറാക്കിയ രൂപരേഖ നഗരസഭ അംഗീകരിച്ചിട്ടില്ലെന്നും എല്ലാവിധ ആധുനിക സൗകര്യങ്ങളുമുള്ള ബസ് കാത്തിരിപ്പുകേന്ദ്രം തന്നെ പണിയണമെന്നതിനാല്‍ ഇത് മാറ്റം വരുത്തി തയ്യാറാക്കാന്‍ ആവശ്യപ്പെട്ടതായി പി.പി.മുഹമ്മദ് നിസാര്‍ പറഞ്ഞു.

ചെയര്‍പേഴ്‌സന്‍ മുര്‍ഷിദ കൊങ്ങായി അധ്യക്ഷത വഹിച്ചു.

ഒ.സുഭാഗ്യം, കെ.അബ്ദുല്‍സലീം, പി.സി.നസീര്‍, എം.കെ.ഷബിത, കെ.വല്‍സരാജന്‍, പി.വി.സുരേഷ്, സി.പി.മനോജ്, ഇ.കുഞ്ഞിരാമന്‍, വി.വിജയന്‍, ഡി.വനജ, എം.പി.സജീറ, സി.വി.ഗിരീശന്‍, കെ.രമേശന്‍, പി.വല്‍സല, കെ.എം.ലത്തീഫ് എന്നിവര്‍ ചര്‍ച്ചകളില്‍ പങ്കെടുത്തു.

വിവിധ വിഷയങ്ങളിലുള്ള 50 അജണ്ടകള്‍ കൗണ്‍സില്‍ യോഗംഅംഗീകരിച്ചു.