പെരുഞ്ചെല്ലൂരിനെ ഭക്തി നിര്‍ഭരമാക്കി മൂഴിക്കുളം ഹരികൃഷ്ണന്‍ ഹംസധ്വനിയില്‍ ലയിച്ച് നീലകണ്ഠ അബോഡ്

തളിപ്പറമ്പ്: സംഗീത കച്ചേരിയില്‍ ഒരു രാഗം ഒരു കീര്‍ത്തനം പല ഭാവം എന്ന ആനന്ദ സമര്‍പ്പണ്‍ കച്ചേരിയുടെ ഭാഗമായി ചിറവക്ക് നീലകണ്ഠ അബോഡിലെ പതിനാറാമത്തെ കച്ചേരിയില്‍ നാദോപാസനയുമായി മൂഴിക്കുളം ഹരികൃഷ്ണന്‍.

കര്‍ണ്ണാടക സംഗീതത്തിലെ 29-ാമത് മേളകര്‍ത്താരാഗമായ ശങ്കരാഭരണത്തില്‍ നിന്നും ജന്യമായ ഹംസധ്വനി രാഗത്തില്‍ കര്‍ണ്ണാടക സംഗീതത്തിലെ ത്രിമൂര്‍ത്തികളിലെ മുത്തുസ്വാമി ദീക്ഷിതര്‍ ചിട്ടപ്പെടുത്തിയ കര്‍ണാടക സംഗീതത്തിലെ ഏറ്റവും പ്രശസ്തമായ വാതാപി ഗണപതിം ഭജേ ഹം എന്ന കൃതി ആലപിച്ചപ്പോള്‍ വിനായക ചതുര്‍ഥി ദിനത്തില്‍ ആസ്വാദകര്‍ക്ക് ഭക്തി, സ്‌നേഹം, സന്തോഷം എന്നീ ഭാവങ്ങളാണ് അനുഭവപെട്ടത്.

ഈ രാഗത്തില്‍ രാഗാലാപനം, താനം, കീര്‍ത്തനം, നിരവല്‍,സ്വരവിസ്താരം എന്നിവ ഉള്‍പ്പെടുത്തി രണ്ടു മണിക്കൂറോളം സ്വയം ആസ്വദിച്ച് അദ്ദേഹം ആലപിച്ചു.

ശ്രേഷ്ഠസംഗീതത്തിന്റെ ഉന്നത ശൈലങ്ങളിലേക്ക് അനായാസം പറന്നു കയറിയ ഗായകനും, യുവ വയലിന്‍ പ്രതിഭ ഡോ.സായ് പ്രസാദും ചേര്‍ന്ന് പെരുഞ്ചെല്ലൂരിലെ സംഗീത ആസ്വാദകര്‍ക്ക് എന്നത്തേയും പോലെ മറക്കാനാവാത്ത അനുഭൂതിയായി.

വിജയ് നീലകണ്ഠന്‍ ആമുഖ പ്രഭാഷണം നടത്തി. പി.പി.മോഹനന്‍ കലാകാരന്മാരെ പൊന്നാട അണിയിച്ചു ആദരിച്ചു.