കൈ ഒടിഞ്ഞിട്ടും പൊരുതിക്കയറി മുഹമ്മദ് അദ്‌നാന്‍ ജില്ലാ കായികമേളയുടെ താരമായി മാറി.
കരിമ്പം.കെ.പി.രാജീവന്‍
തളിപ്പറമ്പ്: പരിശീലനത്തിനിടയില്‍ വീണ് ഇടതുകൈ ഒടിഞ്ഞിട്ടും മുഹമ്മദ് അദ്‌നാന്‍ പൊരുതിക്കയറി, സംസ്ഥാന കായികമേളയിലേക്ക് അര്‍ഹത നേടി.
മാങ്ങാട്ടുപറമ്പിലെ കെ.എ.പി സ്‌റ്റേഡിയത്തില്‍ ഇന്ന് ആരംഭിച്ച കണ്ണൂര്‍ ജില്ലാ അത്‌ലറ്റിക് ചാമ്പ്യന്‍ഷിപ്പ് 2022-23 ലാണ് സബ് ജൂനിയര്‍ വിഭാഗത്തില്‍ ഈ കൊച്ചുമിടുക്കന്റെ അസാധാരണ പ്രകടനം അരങ്ങേറിയത്.
കൂത്തുപറമ്പ് നിര്‍മ്മലഗിരി റാണിജെയ് ഹയര്‍സെക്കണ്ടറി സ്‌കൂള്‍ എട്ടാംക്ലാസ് വിദ്യാര്‍ത്ഥിയായ അദ്‌നാന്‍ നവംബര്‍ 7 നാണ് ഒരു കിലോഗ്രം ഡിസ്‌കസ്‌ത്രോയില്‍ സബ് ജില്ലാ കായികമേള പരിശീലനം നേടുന്നതിനിടയില്‍ വീണുപരിക്കേറ്റത്.
എന്നാല്‍ വീഴ്ച്ചയുടെ പരിക്കിനെ അതിജീവിച്ചാണ് സബ്ജില്ലാ കായികമേളയില്‍ ഒന്നാം സ്ഥാനം നേടി ജില്ലാ കായികമേളയിലേക്ക് അര്‍ഹത നേടിയത്.
അധ്യാപകരുടെ നിര്‍ദ്ദേശത്തെ തുടര്‍ന്ന് ജില്ലാ കായികമേളയില്‍ പങ്കെടുക്കുന്നതിനായി പൂര്‍ണ വിശ്രമത്തിലായിരുന്നു അദ്‌നാന്‍.
ഇന്ന് മാങ്ങാട്ടുപറമ്പ് കെ.എ.പി സ്‌റ്റേഡിയത്തില്‍ നടന്ന മല്‍സരത്തില്‍ 27.63 മീറ്റര്‍ ദൂരത്തില്‍ ആദ്യമല്‍സരത്തില്‍ എറിഞ്ഞ്
ഒന്നാം സ്ഥാനം നേടിയ അദ്‌നാന് രണ്ടാം മല്‍സരത്തില്‍ എറിഞ്ഞ ഡിസ്‌ക്കസ് 30 മീറ്ററോളം പോയെങ്കിലും പുറത്തേക്കായതിനാല്‍ രണ്ടാം സ്ഥാനം കൊണ്ട് തൃപ്തിപ്പെടേണ്ടിവന്നു.
സുഹൃത്തും സഹപാഠിയുമായ എസ്.ഋഷികേശിനാണ് 27.73 മീറ്ററില്‍ ഒന്നാം സ്ഥാനം ലഭിച്ചത്.
പരിക്കേറ്റില്ലായിരുന്നുവെങ്കില്‍ അദ്‌നാന് തന്നെ ഒന്നാം സ്ഥാനം ലഭിക്കുമായിരുന്നുവെന്ന് കായികാധ്യാപകന്‍ രാജേഷ് പറയുന്നു.
കൂത്തുപറമ്പ് മവ്വേരി അജ്‌വയില്‍ പ്രവാസിയായ പി.എം.ഷൗക്കത്തലിയുടെയും വി.എ.ഫായിസയുടെയും മൂന്ന്
മക്കളില്‍ ഇളയവനാണ് മുഹമ്മദ് അദ്‌നാന്‍. സംസ്ഥാന കായികമേളയില്‍ ഒന്നാം സ്ഥാനം നേടിയെടുക്കുമെന്ന വാശിയിലാണ് അദ്‌നാന്‍.