പ്ലാസ്റ്റിക്ക് ഉല്‍പ്പന്ന നിര്‍മ്മാണ ഫാക്ടറിയില്‍ തീപിടുത്തം, 40 ലക്ഷത്തിന്റെ നഷ്ടം.

തളിപ്പറമ്പ്: ആന്തൂരില്‍ പ്ലാസ്റ്റിക്ക് ഉല്‍പ്പന്ന നിര്‍മ്മാണ ഫാക്ടറിക്ക് തീപിടിച്ചു, 40 ലക്ഷം രൂപയുടെ പ്രാഥമിക നഷ്ടം.

ഇന്നലെ ഉച്ചക്ക് ഒന്നോടെയായിശ്രുതിനിലയത്തില്‍ മണികണ്ഠന്റെ ഉടമസ്ഥതയിലുള്ള റെയിന്‍ബോ പാക്കേജിംഗ് എന്ന സ്ഥാപനത്തില്‍ തീപിടുത്തമുണ്ടായത്.

തീപിടുത്തം ഉണ്ടായ ഉടന്‍തന്നെ ജീവനക്കാര്‍ കെടുത്താന്‍ ശ്രമം നടത്തിയെങ്കിലും തീ ആളിപ്പടര്‍ന്നതോടെ അഗ്‌നിശമനസേനയെ വിളിക്കുകയായിരുന്നു.

തളിപ്പറമ്പ് അഗ്‌നിശമനനിലയത്തില്‍ നിന്നും സ്‌റ്റേഷന്‍ ഓഫീസര്‍ സി.പി.രാജേഷിന്റെ നേതൃത്വത്തിലെത്തിയ സേനാംഗങ്ങള്‍ ഒരുമണിക്കൂറോളം പരിശ്രമിച്ചാണ് തീയണച്ചത്.

ഷോര്‍ട്ട് സര്‍ക്യൂട്ടാണ് തീപിടുത്തത്തിന് കാരണമെന്നാണ് സൂചന. ഫാക്ടറിയില്‍ സൂക്ഷിച്ചിരുന്ന ജാറുകള്‍, ഡബ്ബ, പ്ലാസ്റ്റിക്ക് കവറുകള്‍

എന്നിവയും നിര്‍മ്മാണത്തിന് ഉപയോഗിക്കുന്ന ബ്യൂട്ടനോള്‍, കമ്പ്യൂട്ടറുകള്‍, ഫാക്ടറി മേല്‍ക്കൂര എന്നിവയും കത്തിനശിച്ചു.

തീപിടിച്ച കെട്ടിടത്തിന് അടുത്ത മുറിയില്‍ കോടികള്‍ വിലമതിക്കുന്ന യന്ത്രസാമഗ്രികള്‍ ഉണ്ടായിരുന്നത് സംരക്ഷിക്കാന്‍ അഗ്‌നിശമനസേനക്ക് സാധിച്ചു.

ഗ്രേഡ് അസി.സ്‌റ്റേഷന്‍ ഓഫീസര്‍മാരായ കെ.വി.സഹദേവന്‍, സി.വി.ബാലചന്ദ്രന്‍, രാജന്‍ പരിയാരന്‍, ഫയര്‍ ആന്റ് റെസ്‌ക്യൂ ഓഫീസര്‍മാരായ എ.എഫ്.ഷിജോ, സി.അഭിനേഷ്, എ.നവീന്‍കുമാര്‍,

വി.ആര്‍.നന്ദകുമാര്‍, പി.വി.ഗിരീഷ്, കെ.വി.രാജീവന്‍, എം.ഷനില്‍കുമാര്‍, ഹോംഗാര്‍ഡുമാരായ കെ.മധുസൂതനന്‍, കെ.സജീന്ദ്രന്‍, പി.വി.സുഗതന്‍, സി.വി.രവീന്ദ്രന്‍ എന്നിവരാണ് രണ്ട് യൂണിറ്റുകളിലായി എത്തിയ അഗ്‌നിശമനസംഘത്തില്‍ ഉണ്ടായിരുന്നു.