മോഷ്ടാക്കളുടെ സ്വര്‍ഗരാജ്യം-പരിയാരം

പരിയാരം: മോഷ്ടാക്കളുടെ സ്വര്‍ഗം എന്ന പേരില്‍ അറിയപ്പെടുന്ന പ്രദേശമേത് എന്ന ചോദ്യത്തിന് മുലകുടി മാറാത്ത കുഞ്ഞുപോലും പറയുന്ന ഉത്തരമെന്തായിരിക്കും? സംശയിക്കണ്ട, പരിയാരം തന്നെ.

പരിയാരം പോലീസ് സ്‌റ്റേഷനില്‍ എല്ലാം കുഴഞ്ഞുമറിയുന്നു, പ്രമാദമായ കേസന്വേഷണങ്ങള്‍ പൂര്‍ണമായും നിലച്ചു.

എസ്.എച്ച്.ഒ പ്രമോഷായി പോയിട്ട് ആറ് മാസം പിന്നിട്ടിട്ടും പുതിയ നിയമനം നടത്തുകയോ മറ്റൊരാളെ ചുമതല ഏല്‍പ്പിക്കുകയോ ചെയ്തിട്ടില്ല.

ഇപ്പോള്‍ പരിയാരം പോലീസ് പരിധിയില്‍ മോഷണം ഒരു സംഭവമേ അല്ലാതായി.

പോലീസ് ഏതെങ്കിലും കള്ളനെ പിടിച്ചാല്‍ മാത്രമാണിപ്പോള്‍ സംഭവം. കടന്നപ്പള്ളി-പാണപ്പുഴ പഞ്ചായത്തിലെ ചെറുവിച്ചേരി, ഭൂദാനം ഭാഗങ്ങളില്‍ മോഷണങ്ങള്‍ കൂടിവരികയാണ്.

ചെറുവിച്ചേരി പുതിയ ഭഗവതി ക്ഷേത്രത്തിലെ സ്റ്റീല്‍ ഭണ്ഡാരങ്ങള്‍ തകര്‍ത്ത് കാണിക്ക പണം മോഷണം പോയി.

ഭൂദാനത്ത് മുത്തപ്പന്‍ മടപ്പുരയില്‍ ഭണ്ഡാരം തകര്‍ത്ത് പണം കവര്‍ന്നു. സമീപത്തുള്ള ഓട്ടോ ഡ്രൈവര്‍ ബൈജു മുരിക്കാലിന്റെ വീട് തുറന്ന് 3000 രൂപയോളം കവരുകയും രേഖകള്‍, ഉപകരണങ്ങള്‍ എന്നിവ വാരി വലിച്ചിടുകയും ചെയ്തു.

പിലാത്തറ കൈരളീ നഗറിലെ ബാലകൃഷ്ണന്റെ വീടിന്റെ വാതില്‍ കള്ളന്‍മാര്‍ തകര്‍ക്കാന്‍ ശ്രമിച്ചെങ്കിലും വീട്ടുകാര്‍ ഉണര്‍ന്നതിനാല്‍ ഓടിരക്ഷപ്പെടുകയായിരുന്നു.

കഴിഞ്ഞ ആഴ്ച്ച കണ്ടോന്താറിലെ എക്കാല്‍ വേണുവിന്റെ തട്ടുകടയില്‍ പൂട്ട് പൊളിച്ച് മോഷണശ്രമം നടത്തിയിരുന്നു.

പരിയാരം പോലീസ് സ്ഥലം സന്ദര്‍ശിച്ചു. പെരുകി വരുന്ന മോഷണത്തില്‍ ജനങ്ങളുടെ ആശങ്കയകറ്റി അന്വേഷണം ഊര്‍ജിതമാക്കണമെന്ന് വാര്‍ഡ് അംഗം എന്‍.കെ.സുജിത്ത് ആവശ്യപ്പെട്ടു.

പരിയാരത്തെ പിടികിട്ടാ മോഷണങ്ങളുടെ കണക്കുകളിതാ- കണ്ണൂര്‍ ഗവ.മെഡിക്കല്‍ കോളേജിലെ കാത്ത്‌ലാബ് തകര്‍ത്ത സംഭവത്തിലെ പ്രതികളെ ഇതേവരെ അറസറ്റ് ചെയ്തിട്ടില്ല.

ഈ കേസില്‍ അന്വേഷണം പൂര്‍ണമായും നിലച്ചിരിക്കയാണ്. ഏപ്രില്‍ 20 ന് നടന്ന സംഭവത്തില്‍ മെയ് ആറിനാണ് ഫോറന്‍സിക് സയന്‍സ് ലബോറട്ടറിയിലെ സയന്റിഫിക് ഓഫീസര്‍ പരിശോധന നടത്തിയത്.

26 ന് പരിശോധനാ റിപ്പോര്‍ട്ട് സമര്‍പ്പിച്ചിട്ടും ഈ കേസില്‍ ഒരിഞ്ച് പോലും മുന്നോട്ടുപോകാന്‍ പോലീസിന് സാധിച്ചിട്ടില്ല.

പരിയാരത്ത് ആകെ നടക്കുന്നത് വാഹനപരിശോധനയും രണ്ടോ മൂന്നോ ഗ്രാം കഞ്ചാവ് പിടിക്കുന്ന അതിസാഹസങ്ങളും മാത്രമാണെന്നാണ് ആക്ഷേപം.

കഴിഞ്ഞ ഒന്നര വര്‍ഷത്തെ കാലയളവില്‍ കാലത്തിനിടയില്‍ പരിയാരം പോലീസ് സ്‌റ്റേഷന്‍ പരിധിയില്‍ നിരവധി മോഷണങ്ങള്‍ നടന്നുവെങ്കിലും ഒന്നില്‍ പോലും പ്രതികളെ പിടിക്കാന്‍ സാധിച്ചിട്ടില്ല.

കോവിഡ് കാലത്ത് രണ്ട് ക്ഷേത്രക്കവര്‍ച്ചകളും ഒരു വീട് കുത്തിത്തുറന്ന് കവര്‍ച്ചയും ഉള്‍പ്പെടെ നടന്നുവെങ്കിലും പ്രതികള്‍ കാണാമറയത്തുതന്നെയാണ്.

വിളയാങ്കോട്ടെ സദാശിവപുരം ശിവക്ഷേത്രത്തില്‍ 2020 മാര്‍ച്ച് 15 ന് നടന്ന മോഷണത്തില്‍ അഞ്ച് ലക്ഷം രൂപയോളം വിലമതിക്കുന്ന ശീവേലി പഞ്ചലോഹ വിഗ്രഹവും വിഗ്രഹത്തില്‍ ചാര്‍ത്തുന്ന സ്വര്‍ണം, വെള്ളി ആഭരണങ്ങളും നഷ്ടപ്പെട്ടിരുന്നു.

മോഷ്ടാക്കള്‍ ഇതര സംസ്ഥാന തൊഴിലാളികളാണെന്ന് തിരിച്ചറിഞ്ഞുവെങ്കിലും ബംഗാളില്‍ ബംഗ്ലാദേശ് അതിര്‍ത്തിയില്‍ താമസിക്കുന്ന മോഷ്ടാക്കളെ പിടികൂടാന്‍ ലോക്ഡൗണ്‍ കാരണം സാധിച്ചിട്ടില്ലെന്നാണ് പോലീസ് പറയുന്നത്.

കോവിഡ് മാറിയിട്ടും പോലീസ് അന്വേഷണം ഒന്നുമായില്ല. കഴിഞ്ഞ വര്‍ഷം ജൂണ്‍ ആറിനാണ് നരീക്കാംവള്ളി പഴിച്ചിയിലെ ആനപ്പള്ളി വീട്ടില്‍ ഷാജിനമ്പ്യാരുടെ വീട്ടില്‍ നിന്ന് പന്ത്രണ്ടര പവന്‍ സ്വര്‍ണവും 30,000 രൂപയും വെള്ളിനാണയങ്ങളും രണ്ട് കാമറകളും കവര്‍ച്ച ചെയ്തത്.

കവര്‍ച്ച നടത്തിയ മോഷ്ടാക്കള്‍ വീടിനും വലിയ നാശനഷ്ടങ്ങളാണ് വരുത്തിയത്. മുന്‍വശത്തേത് ഉള്‍പ്പെടെ അഞ്ച് വാതിലുകള്‍ പൂര്‍ണമായി തകര്‍ത്തിരുന്നു.

കൂടാതെ നാല് ബെഡ്‌റൂമുകളിലേയും അലമാരകളും തകര്‍ത്ത സംഘം നാലേകാല്‍ ലക്ഷം രൂപ വിലമതിക്കുന്ന സ്വര്‍ണാഭരണങ്ങളും ഒരു ലക്ഷം രൂപ വിലവരുന്ന കാമറകളും നൂറിലേറെ വെള്ളിനാണയങ്ങളും ഉള്‍പ്പെടെ ആറര ലക്ഷം രൂപയുടെ സാധനങ്ങളാണ് കൊണ്ടുപോയത്.

ഏതാണ്ട് നാലുലക്ഷത്തിലേറെ രൂപയുടെ നാശനഷ്ടമാണ് വീടിന് സംഭവിച്ചത്. ഉദ്ദേശം പത്തരലക്ഷം രൂപയുടെ നഷ്ടമാണ് വീട്ടുകാര്‍ക്കുണ്ടായത്.

കഴിഞ്ഞ വര്‍ഷം ജൂണ്‍ ഒന്‍പതിനാണ് കൈതപ്രം തൃക്കുറ്റ്യേരി കൈലാസനാഥക്ഷേത്രത്തില്‍ കവര്‍ച്ച നടന്നത്.

ശ്രീകോവിലിന്റെയും ഓഫീസിന്റേയും പൂട്ട് തകര്‍ത്ത് അകത്ത് കയറിയ മോഷ്ടാവ് നാല് ഭണ്ഡാരങ്ങള്‍ തകര്‍ക്കുകയും മറ്റൊരു ഭണ്ഡാരം എടുത്തുകൊണ്ടുപോകുകയും ചെയ്തിരുന്നു.

നേരത്തെ നിരവധി തവണ കവര്‍ച്ച നടന്നിട്ടുള്ള ക്ഷേത്രത്തില്‍ സ്ഥാപിച്ചിരുന്ന സി സി ടിവി കാമറ തകര്‍ക്കുകയും ഓഫീസിനകത്ത് വെച്ചിരുന്ന മോണിറ്ററും റിക്കാര്‍ഡ് സിസ്റ്റവും എടുത്തുകൊണ്ടുപോകുകയും ചെയ്തു.

ഭണ്ഡാരവും സി സി ടി വി സംവിധാനവും കുറച്ചു ദിവസങ്ങള്‍ക്ക് ശേഷം തൊട്ടടുത്ത കിണറ്റില്‍ നിന്ന് കണ്ടെടുത്തതില്‍ മാത്രം ഒതുങ്ങിയിരിക്കയാണ് കേസന്വേഷണം.

കഴിഞ്ഞ ഒരാഴ്ച്ചക്കുള്ളില്‍ മോഷണങ്ങളുടെ പരമ്പര തന്നെയാണ് പരിയാരത്ത് നടന്നുകൊണ്ടിരിക്കുന്നത്. കഴിഞ്ഞ നവംബര്‍ 5 ന് മെഡിക്കല്‍ കോളേജില്‍ നിന്ന് 7 മൊബൈല്‍ഫോണുകളും തൊട്ടടുത്ത ദിവസം കുപ്പത്തും ഇരിങ്ങലിലുമായി രണ്ട് വീടുകളില്‍ നിന്ന് 29 പവനും 30,000 രൂപയും മോഷണം പോയിരുന്നു.

ഈ കേസുകളിലൊന്നും പ്രതികളെ പിടികൂടാന്‍ പോലീസിന് കഴിഞ്ഞിട്ടില്ല. പട്ടാപ്പകല്‍ കടയിലിരുന്ന പെണ്‍കുട്ടിയെ വാഹനത്തില്‍ കടത്തിക്കൊണ്ടുപോകാന്‍ ശ്രമിച്ചിട്ട് ആഴ്ച്ച മൂന്ന് കഴിഞ്ഞിട്ടും പോലീസ് വാപൊളിച്ചിരിക്കുകയാണ്.

സി.സി.ടി.വിയുണ്ടോ   ശ്രമിച്ചുനോക്കാം എന്ന് ലജ്ജയില്ലാതെ പറയുന്ന അവസ്ഥയിലെത്തിയിരിക്കയാണ് പരിയാരം പോലീസ്.