സത്യപ്രതിജ്ഞ കര്‍ത്തവ്യപഥില്‍ ജൂണ്‍-9 ന്-
ന്യൂഡല്‍ഹി: ലോക്സഭാ തിരഞ്ഞെടുപ്പില്‍ ബിജെപി നേതൃത്വംനല്‍കുന്ന എന്‍ഡിഎ മുന്നണി വിജയിച്ചാല്‍ സര്‍ക്കാരിന്റെ സത്യപ്രതിജ്ഞ ജൂണ്‍ ഒമ്പതിന് നടത്താന്‍ ആലോചനയെന്ന് റിപ്പോര്‍ട്ട്. ഡല്‍ഹിയിലെ കര്‍ത്തവ്യപഥില്‍ ആയിരിക്കും സത്യപ്രതിജ്ഞാ ചടങ്ങ്. ചടങ്ങിന് ഏര്‍പ്പെടുത്തേണ്ട ക്രമീകരണങ്ങളെ സംബന്ധിച്ച ചര്‍ച്ചകള്‍ സര്‍ക്കാര്‍ തലത്തില്‍ ആരംഭിച്ചതായുമാണ് റിപ്പോര്‍ട്ട്.
ജൂണ്‍ നാലിന് തിരഞ്ഞെടുപ്പ് ഫലം പുറത്തുവന്നതിന് ശേഷമേ സത്യപ്രതിജ്ഞാ ചടങ്ങ് സംബന്ധിച്ച ഔദ്യോഗിക പ്രഖ്യാപനം ഉണ്ടാകൂ. സത്യപ്രതിജ്ഞ ചടങ്ങുകള്‍ തത്സമയം സംപ്രേക്ഷണം ചെയ്യാന്‍ 100 ക്യാമറകള്‍ ഉപയോഗിക്കുമെന്നും കേന്ദ്രസര്‍ക്കാര്‍ വൃത്തങ്ങളെ ഉദ്ധരിച്ച് റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു. എല്ലാ തയാറെടുപ്പുകളും സ്റ്റാന്‍ഡേര്‍ഡ് പ്രോട്ടോക്കോള്‍ പ്രകാരമായിരിക്കുമെന്ന് പ്രസാര്‍ ഭാരതി സിഇഒ ഗൗവ് ദ്വിവേദി പറഞ്ഞു.
സത്യപ്രതിജ്ഞാ ചടങ്ങിന് ഏര്‍പ്പെടുത്തേണ്ട ക്രമീകരണങ്ങള്‍ സംബന്ധിച്ച് മേയ് 24 ന് കേന്ദ്ര വാര്‍ത്താവിതരണ മന്ത്രാലയത്തില്‍ നടന്ന യോഗത്തില്‍ ചര്‍ച്ച നടന്നിരുന്നു. ദൂരദര്‍ശന്‍, ഓള്‍ ഇന്ത്യ റേഡിയോ എന്നിവയിലെ ഉദ്യോഗസ്ഥര്‍ യോഗത്തില്‍ ഈ യോഗത്തില്‍ പങ്കെടുത്തു. എന്നാല്‍, ഈ യോഗത്തില്‍ സത്യപ്രതിജ്ഞാ വേദിയോ തീയതിയോ സംബന്ധിച്ച് ഔദ്യോഗികമായ ഒരു അറിയിപ്പും നല്‍കിയിരുന്നില്ല. ഇതേക്കുറിച്ച് പ്രധാനമന്ത്രിയുടെ ഓഫിസും പ്രതികരിച്ചിട്ടില്ല.
കഴിഞ്ഞ രണ്ട് തവണയും പ്രധാനമന്ത്രി പദത്തിലേക്കുള്ള മോദിയുടെ സത്യപ്രതിജ്ഞാ ചടങ്ങ് നടന്നത് രാഷ്ട്രപതി ഭവനിലായിരുന്നു. 2014-ല്‍ മേയ് 26, തിങ്കളാഴ്ചയും 2019-ല്‍ മേയ് 30 വ്യാഴാഴ്ചയും ആയിരുന്നു സത്യപ്രതിജ്ഞാ ചടങ്ങ്. എന്നാല്‍, രാഷ്ട്രപതി ഭവനില്‍ സ്ഥലപരിമിതിയുണ്ട്. കഴിഞ്ഞതവണ സത്യപ്രതിജ്ഞാ ചടങ്ങില്‍ 8000 അതിഥികള്‍ക്ക് മാത്രമാണ് പങ്കെടുക്കാന്‍ സാധിച്ചത്. ഇത്തവണ അതില്‍ കൂടുതല്‍പേരെ ചടങ്ങിലേക്ക് ക്ഷണിക്കാനാണ് ബിജെപി തീരുമാനം. ഈ സാഹചര്യത്തില്‍ക്കൂടിയാണ് ചടങ്ങ് രാഷ്ട്രപതിഭവന് പുറത്തുനടത്താന്‍ ബിജെപി ആലോചിക്കുന്നത്.