1959 ല്‍ കല്യാണപരിശ്- 1975 ല്‍ സമ്മാനം.
1959 ഏപ്രില്‍ 7 ന് തമിഴില്‍ റിലീസായ സിനിമയാണ് കല്യാണ പരിശ്(വിവാഹ സമ്മാനം). ശ്രീധര്‍ രചനയും സംവിധാനവും നിര്‍വ്വഹിച്ച ഈ സിനിമയില്‍ ജമിനിഗണേശന്‍, ബി.സരോജദേവി, കെ.എ.തങ്കവേലു, വിജയകുമാരി എന്നിവരാണ് പ്രധാനവേഷത്തിലെത്തിയത്.
പ്രമുഖ ഗായകന്‍ എ.എം.രാജയാണ് സംഗീതസംവിധായകന്‍. ഈ സിനിമ തമിഴിലെ സൂപ്പര്‍ഹിറ്റായി മാറിയതിനാല്‍ നിരവധി ഭാഷകളില്‍ റീമേക്ക് ചെയ്യപ്പെട്ടു.
1975 മെയ് 30 നായിരുന്നു തമിഴില്‍ വെന്നിക്കൊടി പാറിച്ച ത്രികോണ പ്രേമകഥയുടെ മലയാളം റീമേക്ക് സമ്മാനം എന്ന പേരില്‍ റിലീസായത്.
തിരക്കഥയും സംഭാഷണവും എഴുതിയത് തോപ്പില്‍ ഭാസി. ശശികുമാര്‍ സംവിധാനം നിര്‍വ്വഹിച്ച ഈ സിനിമയില്‍ പ്രേംനസീര്‍, മധു, ജയഭാരതി, കവിയൂര്‍ പൊന്നമ്മ, അടൂര്‍ഭാസി, തിക്കുറിശി, ബഹദൂര്‍, ശങ്കരാടി, മാള അരവിന്ദന്‍, സുജാത, ശ്രീലത, ഗിരിജ, സ്വപ്‌ന, മുത്തയ്യ, പി.മാധവന്‍ എന്നിവരാണ് പ്രധാന താരങ്ങള്‍.
സി.ജെ.മോഹനാണ് ക്യാമറ, എഡിറ്റര്‍-കെ.ശങ്കുണ്ണി, കല-കെ.ബാലന്‍. പരസ്യ ഡിസൈന്‍-സിനി സോമു.
എവര്‍ഷൈന്‍ പ്രൊഡക്ഷന്‍സിന് വേണ്ടി തിരുപ്പതി ചെട്ടിയാര്‍ നിര്‍മ്മിച്ച സിനിമ വിതരണം ചെയ്തത് എവര്‍ഷൈന്‍ റിലീസാണ്.
വയലാറിന്റെ വരികള്‍ക്ക് ഈണം പകര്‍ന്നത് ദക്ഷിണാമൂര്‍ത്തി.
പ്രണയത്തില്‍ വില്ലനായി വന്നത് സ്വന്തം ചേച്ചിയാണെന്ന ദുര്യോഗമാണ് വാസന്തിക്കുണ്ടായത് (ജയഭാരതി). താന്‍ സ്‌നേഹിച്ച പുരുഷനെത്തന്നെയാണ് (നസീര്‍) ചേച്ചിയും (സുജാത) ഇഷ്ടപ്പെടുന്നതെന്ന് മനസിലാക്കിയ അനിയത്തി സ്വയം പിന്മാറി. വളര്‍ത്തി വലുതാക്കിയ ചേച്ചിയോടുള്ള കടപ്പാട്. ചേച്ചിയും കാമുകനും ഒന്നായി. വിധിവശാല്‍ ഒരു കുഞ്ഞിനെ സമ്മാനിച്ച് ചേച്ചി മരിച്ചു. അപ്പോള്‍ അനിയത്തിയും പഴയ കാമുകനും ഒന്നാകുമോ? ഇല്ല. കാമുകന്‍ അവളെ കണ്ടെത്തിയപ്പോഴേയ്ക്കും അവളുടെ വിവാഹം കഴിഞ്ഞിരുന്നു. വിവാഹസമ്മാനമായി കുഞ്ഞിനെ കൊടുത്തയക്കുന്നതോടെ സിനിമ അവസാനിക്കുന്നു.