പരിയാരം സ്‌ക്വാഡ് വരും, സി.സി.ടി.വി കാമറകള്‍ പരിശോധിക്കും-പോലീസിന്റെ പിടിപ്പുകേടെന്ന് ജനം.

പരിയാരം: പത്ത് കിലോമീറ്റര്‍ പരിധിയിലെ സി.സി.ടി.വി ക്യാമറാ ദൃശ്യങ്ങല്‍ പരിശോധിക്കുമെന്നും, അന്വേഷണത്തിന് പ്രത്യേക സ്‌ക്വാഡിനെ നിയോഗിക്കുമെന്നും റൂറല്‍ ജില്ലാ പോലീസ് മേധാവി എം.ഹേമലത.

മോഷണം നടന്ന പരിയാരം ചിതപ്പിലെപൊയിലിലെ ഡോ.ഷക്കീര്‍അലിയുടെ വീട്ടില്‍സന്ദര്‍ശനം നടത്തിയശേഷം മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു പോലീസ് മേധാവി.

പരിയാരം പോലീസ് സ്‌റ്റേഷനിലെ എസ്.ഐ ഉള്‍പ്പെടെയുള്ള പോലീസുദ്യോഗസ്ഥരുമായി അവര്‍ ചര്‍ച്ച നടത്തി.

22 ദിവസം മുമ്പ് പളുങ്ക്ബസാറില്‍ നടന്ന മോഷണത്തിന്റെ ഞെട്ടല്‍ മാറുന്നതിന് മുമ്പായി അതേ രീതിയില്‍ വയോധികയെ കെട്ടിയിട്ട് കവര്‍ച്ച നടന്നതോടെ പ്രദേശവാസികള്‍ മൊത്തം പരിഭ്രാന്തിയിലാണ്.

22 ദിവസം കഴിഞ്ഞിട്ടും മോഷ്ടാക്കളെ പിടികൂടാന്‍ സാധിക്കാത്ത് അന്വേഷണ ഉദ്യോഗസ്ഥരുടെ കഴിവുകേടാണെന്ന നാട്ടുകാരുടെ പരാതി ശരിവെക്കുന്ന മട്ടിലാണ് കാര്യങ്ങള്‍.

പരിയാരം പോലീസ് സ്‌റ്റേഷനിലെ എസ്.ഐ ഉള്‍പ്പെടെയുള്ളവരുടെ പിടിപ്പുകേടാണ് 24 മോഷണക്കേസുകളിലെ അന്വേഷണം മരവിക്കാന്‍ കാരണമെന്നാണ് ജനങ്ങളുടെ പരാതി.

ഡി.ജി.പി, മുഖ്യമന്ത്രി എന്നിവര്‍ക്ക് നാട്ടുകാര്‍ പരാതികള്‍ നല്‍കിയിട്ടുണ്ട്.

കാര്യക്ഷമതയുള്ള പോലീസ് ഉദ്യോഗസ്ഥരെ പരിയാരത്ത് നിയമിക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.