പത്മരാജന്റെയും അശോകന്റെയും പെരുവഴിയമ്പലം @45
പത്മരാജന്‍ കഥയും തിരക്കഥയും സംഭാഷണവുംഎഴുതി സംവിധാനം നിര്‍വ്വഹിച്ച ആദ്യത്തെ സിനിമയാണ് 1979 ജൂണ്‍ 8 ന് 45 വര്‍ഷം മുമ്പ് റിലീസ് ചെയ്ത പെരുവഴിയമ്പലം.
ശ്രീഭദ്രാമൂവീസിന്റെ ബാനറില്‍ പ്രേംപ്രകാശ് നിര്‍മ്മിച്ച ഈ ബ്ലാക്ക്ആന്റ് വൈറ്റ് ചിത്രത്തിന്റെ ക്യാമറാമാന്‍ കണ്ണന്‍ നാരായണനാണ്.
എഡിറ്റര്‍ രവികിരണ്‍. എ.കുമാരസ്വാമി ആന്റ് കമ്പനിയാണ് വിതരണം ചെയ്തത്. ഭരതനാണ് പരസ്യ ഡിസൈനര്‍.
ഭരത്‌ഗോപി, അശോകന്‍, കെ.പി.എ.സി.ലളിത, ജോസ് പ്രകാശ്, കെ.പി.എ.സി അസീസ്, രമേഷ്, സുകുമാരി.ശാന്തകുമാരി, അടൂര്‍ഭവാനി, കൃഷ്ണന്‍കുട്ടി നായര്‍, എന്‍.എല്‍.ബാലകൃഷ്ണന്‍, പ്രേംപ്രകാശ്, പി.പത്മരാജന്‍, ഗീത എന്നിവരാണ് അഭിനേതാക്കള്‍.
കാവാലം എഴുതിയ ഹരികഥക്ക് എം.ജി.രാധാകൃഷ്ണന്‍ സംഗീതം നല്‍കി. ഹരിപ്പാട് സരസ്വതിയമ്മയും ജയലക്ഷ്മി ശ്രീനിവാസനുമാണ് രായകര്‍. എം.ജി.രാധാകൃഷ്ണനും ഗുണസിംഗുമാണ് പശ്ചാത്തല സംഗീതം.
വാണിയന്‍ കുഞ്ചുവിന്റെ മകന്‍ രാമന്‍ ഗ്രാമത്തില്‍ ജീവിക്കുന്ന ഒരു സാധാരണ പയ്യനായിരുന്നു. തന്റെ സഹോദരി ഭാഗ്യത്തിന്റെ കൂടെയാണ് അവന്‍ ജീവിക്കുന്നത്. അങ്ങിനെയിരിക്കെയാണ് പ്രഭാകരന്‍ പിള്ള എന്ന നീചന്‍ ഭാഗ്യത്തെ നശിപ്പിക്കുകയും രാമനെ ക്രൂരമായി മര്‍ദിക്കുകയും ചെയ്യുന്നത്.
ഒടുവില്‍ രാമന്‍ തിരിച്ചടിക്കുകയും സംഘട്ടനത്തിനോടുവില്‍ പ്രഭാകരന്‍ പിള്ളയെ കൊല്ലുകയും ചെയ്യുന്നു. പോലീസിന്റെ കണ്ണില്‍ പെടാതെ ഒളിച്ചു താമസിക്കുവാന്‍ രാമനെ സഹായിക്കുന്നത് ഒരു ചായക്കടക്കാരനും ദേവയാനി എന്ന വേശ്യയുമാണ്.
രാമന്റെ ധീരകൃത്യം കാരണം പ്രഭാകരന്‍ പിള്ളക്ക് പകരം അയാളാകുന്നു നാട്ടില്‍ പുരുഷത്വത്തിന്റെ പ്രതീകം.
പക്ഷെ താന്‍ കൊന്ന പ്രഭാകരന്‍ പിള്ളയുടെ മക്കളെ കാണുന്നതോടെ രാമന്‍ തന്റെ പ്രവൃത്തിയില്‍ പശ്ചാത്താപവിവശനായി തീരുന്നു. ഇതാണ് കഥയുടെ പശ്ചാത്തലം.
രാമനായി അശോകനും പ്രഭാകരന്‍ പിള്ളയായി ജോസ് പ്രകാശുമാണ് അഭിനയിച്ചത്.