പി.ടി.തോമസ്-പ്രതിസന്ധികളില്‍ തളരാത്ത നേതാവ്.-മുല്ലപ്പള്ളി.

കണ്ണൂര്‍: പശ്ചിമഘട്ടം സംരക്ഷിക്കുന്നതിന് മാധവ് ഗാഡ്ഗില്‍ റിപ്പോര്‍ട്ടിനോട് അനുകൂലമായി പി.ടി.തോമസ് എടുത്ത ധീരമായ നിലപാട് പാരിസ്ഥിതിക വിഷയത്തില്‍ ഇന്ത്യന്‍ നാഷണല്‍

കോണ്‍ഗ്രസ് എക്കാലവും എടുത്തിട്ടുള്ള സമീപനങ്ങളുടെ തുടര്‍ച്ചയായിരുന്നുവെന്നും, നെഹ്‌റുവിന്റെയും ഇന്ദിരാഗാന്ധിയുടെയും കാഴ്ചപ്പാടുകള്‍ പി.ടിയെ ഏറെ സ്വാധീനിച്ചിട്ടുണ്ടെന്നും മുന്‍ കെ.പി.സി.സി. പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്‍.

സൈലന്റ്‌വാലി ഇന്ന് നിലനില്‍ക്കുന്നതിന് പ്രധാന കാരണം മുന്‍ പ്രധാനമന്ത്രി ഇന്ദിരാഗാന്ധി സ്വീകരിച്ച ശക്തമായ നിലപാട് കൊണ്ടാണന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

പ്രതിസന്ധികളില്‍ തളരാത്ത നേതാവായിരുന്നു പി.ടി.തോമസ് എന്നും മുല്ലപ്പള്ളി പറഞ്ഞു.

കണ്ണൂരില്‍ മാനവസംസ്‌കൃതി ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ പി.ടി.തോമസിന്റെ ഒന്നാം ചരമവാര്‍ഷികത്തിന്റെ ഭാഗമായി സംഘടിപ്പിച്ച അനുസ്മരണസമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

മാനവസംസ്‌കൃതി ജില്ലാ ചെയര്‍മാന്‍ ഇ.ടി.രാജീവന്‍ അദ്ധ്യക്ഷത വഹിച്ചു.

രാഷ്ടീയ നിരീക്ഷകന്‍ ഷാജി പാണ്ട്യാല മുഖ്യപ്രഭാഷണം നടത്തി.

കെ.പി.സി.സി ജനറല്‍ സെക്രട്ടറി അഡ്വ: സോണി സെബാസ്റ്റ്യന്‍, ഡി.സി.സി പ്രസിഡന്റ് അഡ്വ: മാര്‍ട്ടിന്‍ ജോര്‍ജ്ജ്, മാനവസംസ്‌കൃതി സംസ്ഥാന വൈസ് ചെയര്‍മാന്‍ എം.പ്രദീപ്കുമാര്‍, കണ്ണൂര്‍ കോര്‍പ്പറേഷന്‍ മേയര്‍ അഡ്വ: ടി.ഒ.മോഹനന്‍, മുന്‍ ജില്ലാ പ്രസിഡന്റ് രാജന്‍ പുതുശ്ശേരി എന്നിവര്‍ പ്രസംഗിച്ചു.

ജില്ലാ ജനറല്‍ സെക്രട്ടറി വി.വി.വിജയന്‍ സ്വാഗതവും
ട്രഷറര്‍ എന്‍.ആര്‍.മായന്‍ നന്ദിയും പറഞ്ഞു.