അതിയടത്ത് പുലിയിറങ്ങി.

പഴയങ്ങാടി: നെരുവമ്പ്രത്തെ റോഡുകളിലും, അതിയടത്തെ നാട്ടിടവഴികളിലും പുലികള്‍ ഇറങ്ങി.

ഓണാഘോഷത്തോടനുബന്ധിച്ച് അതിയടം ഫ്രന്റസ് ആണ് പുലിക്കളിയോടെ വേറിട്ട ഓണക്കാഴ്ചകള്‍ നാട്ടുകാര്‍ക്ക് സമ്മാനിച്ചത്.

പതിവ് കാഴ്ചകളില്‍ നിന്ന് വ്യത്യസ്തമായി നാട്ടിലിറങ്ങിയ പുലികള്‍ നാട്ടുകാര്‍ക്കും കൗതുകമായി.

കാസര്‍കോട് കോട്ടിക്കുളം ആദിശക്തി പുലിക്കളി സംഘവും, നാട്ടിലെ കലാകാരന്മാര്‍ ഉള്‍പ്പെടെ ഇരുപത്തിരണ്ടോളം പുലികളാണ് ഓണാഘോഷത്തിന് മാറ്റുകൂട്ടാന്‍ ഇറങ്ങിയത്.

അടുത്തില കെ പി ഗോപി പണിക്കരുടെ നേതൃത്വത്തിലുള്ള വാദ്യ സംഘവും പുലിക്കളിക്ക് കൊഴുപ്പേകി.

ബിജു ഏഴോത്തിന്റെതായിരുന്നു ചമയവും, യഥാര്‍ഥ പുലികളെ വെല്ലുന്ന വേഷവും.

അതിയടം മുച്ചിലോട്ടുകാവ് കുളത്തിനു സമീപത്തു നിന്നു തുടങ്ങി പാലോട്ടുകാവ് പരിസരം, മാടപ്പുറം, വീരഞ്ചിറ, നെരുവമ്പ്രം എന്നിവിടങ്ങളിലൂടെ ചുറ്റിയാണ് അതിയടം ഇ എം എസ് വായനശാലയിലെ സമാപന കേന്ദ്രത്തില്‍ എത്തിയത്.

മാവേലിയുടെയും, വാമനന്റെയും ദൃശ്യങ്ങളും ഘോഷയാത്രയില്‍ അണിനിരന്നത് ആകര്‍ഷകമായി.

ഓണപ്പായസവും വിതരണം ചെയ്തു. സമാപന പരിപാടികള്‍ ചെറുതാഴം പഞ്ചായത്ത് പ്രസിഡന്റ് എം.ശീധരന്‍ ഉദ്ഘാടനം ചെയ്തു. പി.രവീന്ദ്രന്‍ അധ്യക്ഷത വഹിച്ചു.

കോവിഡ് കാലത്ത് സ്തുത്യര്‍ഹമായ സേവനം നല്‍കിയ െ്രെകംബ്രാഞ്ച് എസ് ഐ കെ.ഷാജുവിനെയും എഴുത്തുകാരി താര അതിയടത്തെയും കണ്ണൂര്‍ കലാവേദി അനുമോദിച്ചു.

പഴയങ്ങാടി എസ്.ഐ രൂപ മധുസൂദനന്‍ സമ്മാനങ്ങള്‍ വിതരണം ചെയ്തു. പരിയാരം പ്രസ്‌ക്ലബ്ബ് പ്രസിഡന്റ് ടി.വി.പത്മനാഭന്‍ മാസ്റ്റര്‍, ഡോ.എം മുകുന്ദന്‍ നമ്പ്യാര്‍, കെ ഭാഗ്യനാഥന്‍ എന്നിവര്‍ സംസാരിച്ചു.

കെ.കെ.വി മനോജ് സ്വാഗതവും, സി.സി.മനോഹരന്‍ നന്ദിയും പറഞ്ഞു. കരോക്കെ ഗാനമേളയും അരങ്ങേറി.