സഭായോഗം വാര്‍ഷികത്തിന് ധര്‍മ്മജാഗരണസഭയോടെ സമാപനം, ശ്രീകാന്ത്ഭട്ടതിരി പുതിയ അദ്ധ്യക്ഷന്‍.

പിലാത്തറ: അഞ്ച് ദിവസമായി ചെറുതാഴം കണ്ണിശ്ശേരി കാവില്‍ നടന്നുവന്ന ശ്രീരാഘവപുരം സഭായോഗത്തിന്റെ വേദഭജനത്തിനും വാര്‍ഷികസഭക്കും ധര്‍മ്മജാഗരണസഭയോടെ സമാപനമായി.

സംസ്‌കൃത സര്‍വ്വകലാശാല പയ്യന്നൂര്‍ കേന്ദ്രം ഡയരക്ടര്‍ ഡോ.കൊമ്പങ്കുളം വിഷ്ണു സോമയാജിയുടെ അദ്ധ്യക്ഷതയില്‍ നടന്ന ചടങ്ങില്‍ ഡോ.കാരക്കാട് കേശവന്‍ നമ്പൂതിരി (വാഗ്ജാഗരണം), ഡോ. കേണല്‍ വാരണാസി വാമനന്‍ നമ്പൂതിരി( കര്‍മ്മജാഗരണം), ടി.വി. മാധവന്‍ നമ്പൂതിരി (സംഘശക്തി), കെ.പി. മധുസൂദനന്‍ അയ്യര്‍ (നിയമപരിരക്ഷ) എന്നീ വിഷയങ്ങളില്‍ പ്രഭാഷണം നടത്തി.

യജുര്‍വ്വേദസംഹിതാപഠനം പൂര്‍ത്തികരിച്ച കുട്ടികള്‍ക്ക് സംഹിതാസ്വാദ്ധ്യായി ബിരുദദാനം ആചാര്യന്‍ ബ്രഹ്മശ്രീ. ആമല്ലൂര്‍ സംഗമേശന്‍ നമ്പൂതിരിയും തൈത്തിരീയശാഖാപഠനം പൂര്‍ത്തിയാക്കിയവര്‍ക്ക് വേദസ്വാദ്ധ്യായി ബിരുദദാനം ആചാര്യന്‍ ശ്രോത്രിയരത്‌നം പന്തല്‍ വൈദികന്‍ ദാമോദരന്‍ നമ്പൂതിരിയും നിര്‍വ്വഹിച്ചു.

സഭായോഗം നിര്‍ദ്ധന നാടോടികുടുംബത്തിന് നിര്‍മ്മിച്ച് നല്‍കിയ സ്‌നേഹഭവനത്തിന്റെ താക്കോല്‍ ദാനം വി.ജെ.പി. ശംഭുനമ്പൂതിരി നിര്‍വ്വഹിച്ചു. ജഗദീഷ് ശ്രീധര്‍ കല്ലായി, ചേറ്റൂര്‍ വിനോദ് വിഷ്ണു നമ്പൂതിരി എന്നിവര്‍ സംസാരിച്ചു.

രാവിലെ വേദഭജനവേദിയില്‍ 108 വൈദികബ്രാഹ്മണര്‍ ലളിതാസഹസ്രനാമവും വിഷ്ണുസഹസ്രനാമവും ലക്ഷാര്‍ച്ചന നടത്തി. 17 വേദജ്ഞര്‍ ഋഗ്വേദം, യജുര്‍വ്വേദം, സാമവേദം എന്നിവ ചൊല്ലി സമര്‍പ്പിച്ചു.

തന്ത്രി കണ്ണിശ്ശേരി ശങ്കരന്‍ നമ്പൂതിരി കലശാഭിഷേകം ചെയ്തു.

സഭായോഗത്തിന്റെ പുതിയ അദ്ധ്യക്ഷനായി കാര ഭട്ടതിരി ഇല്ലത്ത് ശ്രീകാന്ത് ഭട്ടതിരിയെ തെരഞ്ഞെടുത്തു.