മഴവെള്ള സംഭരണി ഉപയോഗശൂന്യം-ബസ്റ്റാന്റ് കം ഷോപ്പിംഗ് കോംപ്ലക്‌സാക്കണമെന്ന് നാട്ടുകാര്‍.

പരിയാരം: മഴവെള്ളസംഭരണി ഉപയോഗശൂന്യമായി കാടുകയറി, ഷോപ്പിംഗ് കോംപ്ലക്‌സ് കം ബസ്റ്റാന്റാക്കി മാറ്റണമെന്ന ആവശ്യം ശക്തമായി.

2004 ലാണ് 50 ലക്ഷം രൂപ ചെലവഴിച്ച് പരിയാരം മെഡിക്കല്‍ കോളേജ് പരിസരത്ത് ജില്ലാ സഹകരണ ബാങ്കിന്റെ സഹായത്തോടെ സഹകരണ ശതാബ്ദി സ്മാരകമായി ഒരു കോടി ലിറ്റര്‍ സംഭരണശേഷിയുള്ള മഴവെള്ളസംഭരണി പണിതത്.

ഉദ്ഘാടനം ചെയ്ത വര്‍ഷം തന്നെ അടിഭാഗം വിണ്ടുകീറി ചോര്‍ച്ച വന്നതോടെ 2008 ല്‍ 12 ലക്ഷം രൂപയോളം മുടക്കി മഴവെള്ള സംഭരണിക്ക് പ്ലാസ്റ്റിക്ക് ഷീറ്റ് വിരിച്ചു.

എന്നാല്‍ തുടര്‍ന്ന് യാതൊരു അറ്റകുറ്റപ്പണികളും നടത്താതെ വന്നതോടെ സംഭരണി ഉപയോഗശൂന്യമായി.

മഴക്കാലത്ത് കുറച്ച് വെള്ളം കെട്ടിക്കിടക്കുന്നതിലപ്പുറം മാലിന്യം നിറഞ്ഞ് കൊതുകുവളര്‍ത്തുകേന്ദ്രമായി മാറിയിരിക്കയാണ്.

പുതിയ ദേശീയപാത നിര്‍മ്മാണം നടന്നുവരുന്ന സാഹചര്യത്തില്‍ മഴവെള്ള സംഭരണിയുടെ ദേശീയപാത ഭാഗത്തെ തിട്ട പൊളിച്ചുമാറ്റി ഇവിടെ ബസ്റ്റാന്റ് കം ഷോപ്പിംഗ് കോംപ്ലക്‌സ് നിര്‍മ്മിക്കണമെന്ന ആവശ്യമാണ് നാട്ടുകാര്‍ മുന്നോട്ടുവെക്കുന്നത്.

ഇത് സംബന്ധിച്ച് മുഖ്യമന്ത്രിക്ക് നിവേദനവും നല്‍കിയിട്ടുണ്ട്.