കാട്ടാനക്കൂട്ടം കൃഷി നശിപ്പിച്ചതിന്റെ ഉത്തരവാദിത്വം വനംവകുപ്പിന്- കേരള കോണ്‍ഗ്രസ് (എം)

 

ആലക്കോട്: ഉദയഗിരി പഞ്ചായത്തിലെ മാമ്പൊയിലില്‍ കാട്ടാനക്കൂട്ടം വ്യാപകമായി കൃഷി നശിപ്പിച്ചതിന്റെ ഉത്തരവാദിത്വം വനംവകുപ്പിന് മാത്രമാണെന്ന് കേരള കോണ്‍ഗ്രസ് (എം) കണ്ണൂര്‍ ജില്ലാ പ്രസിഡന്റ് ജോയി കൊന്നക്കല്‍ ആരോപിച്ചു. ജനവാസ മേഖലകള്‍ക്ക് സമീപമെത്തി കാട്ടാനക്കൂട്ടം മണിക്കൂറുകളോളം തമ്പടിച്ചിട്ടും അവയെ വനത്തിനുള്ളിലേക്ക് തുരത്താന്‍ വനപാലകര്‍ യാതൊന്നും ചെയ്തില്ല. വനാതിര്‍ത്തി പ്രദേശങ്ങളില്‍ ദുരന്തങ്ങള്‍ സംഭവിച്ചു കഴിയുമ്പോള്‍ മാത്രമാണ് ഫോറസ്റ്റ് ഉദ്യോഗസ്ഥര്‍ എത്തുന്നത്. വന്യജീവികളെ തുരത്താനോ പ്രതിരോധിക്കാനോ ശ്രമിക്കുന്ന നാട്ടുകാര്‍ക്കെതിരെ വന്യജീവി സംരക്ഷണ നിയമപ്രകാരം കേസെടുക്കും. ഇക്കാരണത്താല്‍ വന്യമൃഗങ്ങളെയും വനപാലകരെയും ഒരുപോലെ ഭയന്നാണ് കര്‍ഷകര്‍ ജീവിക്കുന്നത്. നിലവാരമില്ലാത്ത ബാറ്ററികള്‍ ഉപയോഗിക്കുന്നതിനാലും യഥാസമയം അവ ചാര്‍ജ് ചെയ്യാത്തതിനാലും വനാതിര്‍ത്തികളില്‍ സ്ഥാപിച്ചിട്ടുള്ള സോളാര്‍ വേലികള്‍ നോക്കുകുത്തികളാണ്. വനംവകുപ്പില്‍ നടക്കുന്ന അഴിമതി കാരണമാണ് പ്രതിരോധ സംവിധാനങ്ങള്‍ ഉപകാരപ്പെടാതെ പോകുന്നതെന്നാണ് കര്‍ഷകര്‍ പരാതി പറയുന്നത്. ആരും സംരക്ഷിക്കാതില്ലാത്തവരായി വനമേഖലയോട് ചേര്‍ന്ന് താമസിക്കുന്ന കര്‍ഷകര്‍ മാറിയിരിക്കുന്നു. മൃഗങ്ങള്‍ക്കുള്ള പരിഗണന പോലും മനുഷ്യര്‍ക്ക് ലഭിക്കുന്നില്ല. ഈ സ്ഥിതി അനുവദിക്കാനാവില്ല. പതിനായിരക്കണക്കിന് രൂപയുടെ കൃഷിനാശമാണ് മാമ്പൊയില്‍ ഉണ്ടായിരിക്കുന്നത്. കര്‍ഷകര്‍ക്ക് വനം വകുപ്പ് അടിയന്തര നഷ്ടപരിഹാരത്തുക അനുവദിക്കണമെന്നും ജോയി കൊന്നക്കല്‍ ആവശ്യപ്പെട്ടു.

കേരള കോണ്‍ഗ്രസ് എം ചെയര്‍മാന്‍ ജോസ് കെ മാണി എം പി യുടെ നിര്‍ദ്ദേശ പ്രകാരമാണ് പ്രതിനിധി സംഘം കാട്ടാനകളിറങ്ങി കൃഷി നശിപ്പിച്ച കൃഷിയിടങ്ങള്‍ സന്ദര്‍ശിച്ചത്.

ജില്ലാ പ്രസിഡണ്ട് ജോയി കൊന്നക്കല്‍, സംസ്ഥാന ജനറല്‍ സെക്രട്ടറി സജി കുറ്റിയാനിമറ്റം, ജില്ലാ സെക്രട്ടറി കെ.ടി.സുരേഷ്‌കുമാര്‍, നിയോജകമണ്ഡലം പ്രസിഡന്റ് ബിജു പുതുക്കള്ളില്‍,

പഞ്ചായത്ത് വൈസ് പ്രസിഡന്റ് ബിന്ദു ഷാജു, പഞ്ചായത്ത് മെമ്പര്‍ സിജോ ജോര്‍ജ്, ജോയി പള്ളിപ്പറമ്പില്‍, തോമസ് ഇടക്കര കണ്ടത്തില്‍, റെജി പൈകട, ജോബി പാറയില്‍ എന്നിവരാണ് സന്ദര്‍ശനം നടത്തിയത്.