രാജന്‍ പറഞ്ഞ കഥ-മണിസ്വാമിയേയും കുടുംബബന്ധത്തേയും തകര്‍ത്തെറിഞ്ഞ സിനിമ-

 

ഇന്ത്യയുടെ ഇരുണ്ട നാളുകളായി അറിയപ്പെടുന്ന അടിയന്തിരാവസ്ഥക്കാലത്തെ അതിക്രങ്ങള്‍ക്ക് കയ്യും കണക്കുമില്ല. പോലീസിന്റെയും ഭരണകൂടത്തിന്റെയും പീഡനങ്ങള്‍ക്കിരയായി മരണപ്പെട്ടവര്‍ നിരവധിയാണ്. കലാപ്രവര്‍ത്തനങ്ങള്‍ക്കും കര്‍ശനമായി വിലക്കുകള്‍ ഉണ്ടായിരുന്ന കാലത്ത് കോണ്‍ഗ്രസ് പാര്‍ട്ടി വിട്ട് ജനതാപാര്‍ട്ടിയില്‍ ചേര്‍ന്ന അമൃത് നഹാത നിരക്കഥയെഴുതി സംവിധാനം ചെയ്ത കിസാ കുര്‍സി കാ(കസേരയുടെ കഥ)എന്ന സിനിമയെ ചൊല്ലി നിരവധി പ്രശ്‌നങ്ങളുണ്ടായി. സിനിമ സെന്‍സര്‍ബോര്‍ഡ് നിരോധിക്കുകയും പോലീസ് പ്രിന്റ് പിടിച്ചെടുത്ത് കത്തിക്കുകയും ചെയ്തു.   ശബാനആസ്മി, രാജ് ബബ്ബര്‍, ഉത്പല്‍ദത്ത് എന്നിവരാണ് പ്രധാന വേഷങ്ങളിലെത്തിയത്. സഞ്ജയ് ഗാന്ധിയും അന്നത്തെ വാര്‍ത്താ വിതരണ മന്ത്രിയായിരുന്ന വിദ്യാചരണ്‍ ശുക്ലയും സിനിമക്കെതിരെ ശക്തമായ പ്രതികാര നടപടികളാണ് സ്വീകരിച്ചത്. 1975 ല്‍ ചിത്രീകരിച്ച സിനിമ ജനതാപാര്‍ട്ടി സര്‍ക്കാറിന്റെ കാലത്ത് 1978 ജനുവരി 16 നാണ് റിലീസ് ചെയ്തത്.
മറ്റൊരു സിനിമ 1976 ജൂണ്‍ 16 ന് അടിയന്തരാവസ്ഥക്കാലത്ത് തന്നെ റിലീസ് ചെയ്ത പി.എ.ബക്കര്‍ സംവിധാനം ചെയ്ത കബനീനദി ചുവന്നപ്പോള്‍ ആയിരുന്നു. നക്‌സലൈറ്റ് സിനിമയായി വിശേഷിപ്പിക്കപ്പെടുന്ന കബനീനദി ചുവന്നപ്പോള്‍ വിവാദങ്ങള്‍ ഏറെ ഉണ്ടാക്കിയെങ്കിലും അടിയന്തിരാവസ്ഥക്കാലത്ത് റിലീസായെന്ന് മാത്രമല്ല, സംസ്ഥാന സര്‍ക്കാറിന്റെ അവാര്‍ഡുകള്‍ക്ക് അര്‍ഹമാവുകയും ചെയ്തു.

ഇത്രയും പറഞ്ഞത് മുഖവുര-ഒരു സിനിമ അതിന്റെ നിര്‍മ്മാതാവിന്റെയും സംവിധായകന്റെയും കുടുംബജീവിതം തകര്‍ക്കുകയും പോലീസ് വേട്ടയില്‍ അദ്ദേഹത്തിന് വിലപ്പെട്ടതെല്ലാം നഷ്ടമാവുകയും ചെയ്ത കഥയാണ് ഇനി പറയുന്നത്.

1965 ല്‍ പി.എന്‍.മേനോന്‍ സംവിധാനം ചെയ്ത ആദ്യത്തെ സിനിമ റോസി നിര്‍മ്മിച്ച് ചലച്ചിത്രരംഗത്തേക്ക് വന്ന വ്യക്തി ആണ് എം.കെ.വെങ്കിടാദ്രി എന്ന മണിസ്വാമി. 1964 ലാണ് റോസി നിര്‍മ്മിച്ചത്. യേശുദാസ് പാടിയ കെ.വി.ജോബ് ഈണം പകര്‍ന്ന അല്ലിയാമ്പല്‍ കടവിലന്നരയ്ക്കുവെള്ളം എന്ന് തുടങ്ങുന്ന ഗാനം ഈ സിനിമയിലാണ്. പാലക്കാട് സ്വദേശിയായ എം.കെ.മണി എം.വി.കൃഷ്ണയ്യരുടെയും തങ്കമ്മാളിന്റെയും പുത്രനായി 1936 ലാണ് ജനിച്ചത്. 1972 ല്‍ ക്രോസ് ബെല്‍റ്റ് മണി സംവിധാനം ചെയ്ത മനുഷ്യബന്ധങ്ങള്‍, 73 ല്‍ വിന്‍സെന്റ് സംവിധാനം ചെയ്ത ധര്‍മ്മയുദ്ധം തുടങ്ങി 7 സിനിമകള്‍ നിര്‍മ്മിച്ചു.
പ്രസിദ്ധ നടിയായ കവിയൂര്‍ പൊന്നമ്മയാണ് പത്‌നി. ഒരു മകളുണ്ട്. കമ്യൂണിസ്റ്റ് പ്രവര്‍ത്തകനായ മണിസ്വാമി അടിയന്തിരാവസ്ഥക്കെതിരെയുള്ള പ്രതിഷേധത്തിന്റെ ഭാഗമായിട്ടാണ് രാജന്‍ പറഞ്ഞ കഥ എന്ന സിനിമ നിര്‍മ്മിക്കാന്‍ തീരുമാനിച്ചത്. യതീന്ദ്രദാസാണ് തിരക്കഥ എഴുതിയത്. പോലീസിനെ ഭയന്ന് സംവിധാനം ചെയ്യാന്‍ ആളെ കിട്ടാതെവന്നതോടെ മണിസ്വാമി തന്നെ സംവിധായകനായി. അടിയന്തിരാവസ്ഥക്കാലത്തെ രാജന്റെ മരണവുമായി ബന്ധപ്പെട്ട സിനിമയില്‍ അന്നത്തെ പോലീസിന്റെ മര്‍ദ്ദനമുറകളായ ഉരുട്ടല്‍, ഗരുഡന്‍തൂക്കം തുടങ്ങി നിരവധി  അതിക്രമങ്ങള്‍ പച്ചക്ക് ചിത്രീകരിച്ചു. അടിയന്തിരാവസ്ഥക്ക് ശേഷം നടന്ന തെരഞ്ഞെടുപ്പിലും സംസ്ഥാനത്ത്
അധികാരം ലഭിച്ച കോണ്‍ഗ്രസ് ഈ സിനിമ റിലീസാവാതിരിക്കാന്‍ പോലീസിനെ ഉപയോഗിച്ച് മണിസ്വാമിക്ക് നേരെ പീഡനം തുടര്‍ന്നു. മദ്രാസില്‍ നിന്നും സെന്‍സര്‍ബോര്‍ഡ് സിനിമ ബോംബെയിലേക്കും പിന്നീട് ന്യൂഡെല്‍ഹിയിലേക്കും സിനിമ സെന്‍സറിംഗിന് വിട്ടു. ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ സെന്‍സര്‍ കത്രികക്ക് വിധേയമായ സിനിമയാണ് രാജന്‍ പറഞ്ഞ കഥ, 44 കട്ടുകള്‍. രാജനായി സുകുമാരനും സഞ്ജയ്ഗാന്ധിയുടെ വേഷത്തില്‍ ജനാര്‍ദ്ദനനും എത്തി. ജോസ് പ്രകാശാണ് ജയറാം പടിക്കലായി വേഷമിട്ടത്. എം.ജി.സോമന്‍, കവിയൂര്‍ പൊന്നമ്മ, ശങ്കരാടി, അബുസലിം, അബൂബക്കര്‍, ജമീല മാലിക് എന്നിവരാണ് പ്രധാനവേഷങ്ങളിലെത്തിയത്. എം.എസ്.മണി എഡിറ്റിംഗും പി.എസ്.നിവാസ് ക്യാമറയും കൈകാര്യം ചെയ്തു. പിഭാസ്‌ക്കരന്‍ എഴുതി ദേവരാജന്‍ ഈണം പകര്‍ന്ന ദൈവം നിന്നെ മരിക്കാന്‍ വിധിച്ചു, മാധുരി പാടിയ കുമാരി ഭഗവാന്റെ എന്നിവയാണ് ഗാനങ്ങള്‍.

1978 ല്‍ അച്ഛനോടൊപ്പം ഹരിഹര്‍ ടാക്കീസില്‍ പോയാണ് രാജന്‍ പറഞ്ഞ കഥ കണ്ടത്. ഹൃദയം നുറുങ്ങുന്ന പോലീസ് അതിക്രമങ്ങള്‍ ചിത്രീകരിച്ച സിനിമയുടെ നിരവധി രംഗങ്ങള്‍ സെന്‍സര്‍ ബോര്‍ഡ് കീറിമുറിച്ചതിനാല്‍ സിനിമ വേണ്ടത്ര അസ്വാദനപ്രീതി നേടിയില്ല. ഏറെ പ്രതീക്ഷ പുലര്‍ത്തിയ പ്രേക്ഷകര്‍ക്ക് അവിയല്‍ പരുവത്തിലുള്ള പരസ്പര ബന്ധമില്ലാത്ത വിധത്തിലുള്ള സിനിമയാണ് ലഭിച്ചത്. നാല് മാസമാണ് സിനിമക്ക് സെന്‍സര്‍ ബോര്‍ഡിന്റെ അനുമതി ലഭിക്കാനായി മണിസ്വാമി അലയേണ്ടി വന്നത്. സാമ്പത്തികമായി സിനിമ വലിയ പരാജയമായി മാറി.

1978 ല്‍ തന്നെ കാക്കനാടന്റെ തിരക്കഥയുടെ അടിസ്ഥാനത്തില്‍ ആഴി അലയാഴി എന്നൊരു സിനിമകൂടി മണിസ്വാമി നിര്‍മ്മിച്ച് സംവിധാനം ചെയതുവെങ്കിലും ആ സിനിമയും ശ്രദ്ധിക്കപ്പെട്ടില്ല. ഇതോടെ സാമ്പത്തികമായും മാനസികമായും തളര്‍ന്ന മണിസ്വാമി സിനിമാരംഗത്തുനിന്നും എന്നെന്നേക്കുമായി പിന്‍വാങ്ങി. കവിയൂര്‍ പൊന്നമ്മയുമായുള്ള കുടുംബബന്ധവും തകര്‍ന്നു. ഇതോടെയാണ് അദ്ദേഹം ഗുരുവായൂരില്‍ അഭയാര്‍ത്ഥിയായത്. 2011 ജൂണ്‍ 27 ന് നിര്യാതനായി. മകള്‍: ബിന്ദു മണിസ്വാമി.