രാജ്‌മോഹന്‍ ഉണ്ണിത്താന്‍ എം.പി ഒറന്നിടത്തുചാലിലെ ലേബര്‍ ക്യാമ്പ് സന്ദര്‍ശിച്ചു

പിലാത്തറ: ദേശീയപാത വികസന പ്രവൃത്തി കരാറുകാരായ മേഘ കണ്‍സ്ട്രക്ഷന്‍സിന്റെ കുളപ്പുറം ഒറന്നിടത്തുചാലിലെ ലേബര്‍ ക്യാമ്പിലെ മാലിന്യം പ്രശ്‌നവും ദേശീയ പാത വികസനവുമായി ബന്ധപ്പെട്ട ജനങ്ങളുടെ പ്രശ്‌നങ്ങളും പരിഹരിക്കണമെന്ന് രാജ്‌മോഹന്‍ ഉണ്ണിത്താന്‍
എം.പി.ആവശ്യപ്പെട്ടു. ഒറന്നിടത്തുചാലിലെ ക്യാമ്പ് സന്ദര്‍ശിച്ച ശേഷം സംസാരിക്കുകയായിരുന്നു എം.പി. ഒറന്നിടത്തുചാലിലെ തൊഴിലാളികള്‍ താമസിക്കുന്ന സ്ഥലത്താണ് രൂക്ഷമായ മാലിന്യ പ്രശ്‌നമുള്ളത്. കുളിക്കാനും അലക്കുവാനും മറ്റും ഉപയോഗിച്ച വെള്ളം പൊതുവഴിയിലേക്ക് ഒഴുക്കിവിടുന്നതായും പൊതു ഇടങ്ങളില്‍ മലമൂത്ര വിസര്‍ജനം നടത്തുന്നതായും പരാതി ഉയര്‍ന്നിരുന്നു. പ്രവൃത്തിയുമായി ബന്ധപ്പെട്ട്
നിരവധി വാഹനങ്ങള്‍ കടന്നുപോകുന്നതിനാല്‍ രൂക്ഷമായ പൊടി ശല്യവും പ്രശ്‌നമായിരുന്നു. പ്രശ്‌നങ്ങള്‍ എം.പി. അധികൃതരുമായി ചര്‍ച്ച നടത്തി. ക്യാമ്പിലെ മാലിന്യം പ്രശ്‌നവും ദേശീയപാത വികസനവുമായി ബന്ധപ്പെട്ട ജനങ്ങളുടെ പ്രശ്‌നങ്ങളും പരിഹരിക്കണമെന്ന്
രാജ്‌മോഹന്‍ ഉണ്ണിത്താന്‍ എം.പി. ആവശ്യപ്പെട്ടു. റോഡരികില്‍ സി.സി.ടി.വി. ക്യാമറകള്‍ സ്ഥാപിക്കാനും പൊടിശല്യം കുറയ്ക്കാന്‍ റോഡ് നനയ്ക്കാനും റോഡരികില്‍ ലൈറ്റുകള്‍ സ്ഥാപിക്കാനും തീരുമാനിച്ചിട്ടുണ്ടെന്ന് അധികൃതര്‍ പറഞ്ഞു. വരുണ്‍ കൃഷ്ണന്‍, യു.രാമചന്ദ്രന്‍, നിതിന്‍ കോക്കാട്, കെ.രാമദാസ്, സരീഷ് പുത്തൂര്‍, നൂര്‍ അഹമ്മദ്, വിജയന്‍ കുട്ടിനേഴുത്ത്, ചന്ദ്രിക സതീഷ് എന്നിവരും എം.പി.ക്കൊപ്പം ഉണ്ടായിരുന്നു.