അറുപതുകാരിയായ അമ്മയെ ബലാത്സംഗം ചെയ്ത കേസില്‍ 38കാരന് ജീവപര്യന്തം ശിക്ഷ

ലഖ്നൗ: അറുപതുകാരിയായ അമ്മയെ ബലാത്സംഗം ചെയ്ത കേസില്‍ 38കാരന് ജീവപര്യന്തം ശിക്ഷ. ഉത്തര്‍പ്രദേശ് ഫാസ്റ്റ് ട്രാക്ക് കോടതിയാണ് ശിക്ഷ വിധിച്ചത്. 51,000 രൂപ പിഴയും കോടതി ചുമത്തിയിട്ടുണ്ട്. ഒന്നരവര്‍ഷം മുമ്പാണ് അമ്മയെ ബലാത്സംഗം ചെയ്തതായി പ്രതിയുടെ സഹോദരന്‍ പരാതി നല്‍കിയത്.

മകന്‍ തന്നെ ബലാത്സംഗം ചെയ്തുവെന്ന് കരഞ്ഞുകൊണ്ടാണ് 60കാരിയായ സ്ത്രീ കോടതിയില്‍ മൊഴി നല്‍കിയത്. വയലിലേയ്ക്ക് കൊണ്ടുപോയി അവിടെവെച്ച് ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെടാന്‍ നിര്‍ബന്ധിക്കുകയായിരുന്നുവെന്നാണ് അമ്മയുടെ മൊഴി. കൈകൂപ്പി അപേക്ഷിച്ചിട്ടും മകന്‍ തന്നെ ബലാത്സംഗം ചെയ്യുകയായിരുന്നുവെന്നായിരുന്നു കോടതിയില്‍ നല്‍കിയ മൊഴിയില്‍ പറയുന്നത്. ബോധം നഷ്ടപ്പെട്ടിരുന്നുവെന്നും മൊഴിയിലുണ്ട്. തിരികെ ബോധം വന്നപ്പോള്‍ ആരോടെങ്കിലും പറഞ്ഞാല്‍ കൊന്നുകളയുമെന്ന് ഭീഷണിപ്പെടുത്തിയെന്നും അമ്മ കോടതിയില്‍ പറഞ്ഞു. വീട്ടിലെത്തിയപ്പോള്‍ എല്ലാ രാത്രിയിലും മകനൊപ്പം ഉറങ്ങാനും ആവശ്യപ്പെട്ടു. ഇവരുടെ ഭര്‍ത്താവ് 10 വര്‍ഷം മുമ്പ് മരിച്ചു.

ഇവരുടെ ശരീരത്തില്‍ ബാഹ്യമോ ആന്തരികമോ ആയ മുറിവുകളൊന്നും ഇല്ലെന്നും ബലാത്സംഗത്തിന്റെ ലക്ഷണങ്ങള്‍ ഇല്ലെന്നുമാണ് ഡോക്ടറുടെ റിപ്പോര്‍ട്ട്. എങ്കിലും പരാതിക്കാരിയുടെ മൊഴിയില്‍ അവിശ്വസിക്കേണ്ടതില്ലെന്നാണ് കോടതി ചൂണ്ടിക്കാട്ടിയത്. പീഡനത്തിന് ഇരയായ സ്ത്രീയുടെ മൊഴിയാണ് കണക്കാക്കേണ്ടതെന്ന മുന്‍ വിധികളും കോടതി വിധിന്യായത്തില്‍ പറഞ്ഞു.

കുറ്റം ചെയ്തിട്ടില്ലെന്നും താന്‍ നിരപരാധിയാണെന്നും സ്വത്ത് തട്ടിയെടുക്കാന്‍ വേണ്ടി കെട്ടിച്ചമച്ച കേസാണിതെന്നും പ്രതി പൊലീസിന് നല്‍കിയ മൊഴിയില്‍ പറഞ്ഞെങ്കിലും ഇത് തെളിയിക്കാന്‍ പ്രതിഭാഗത്തിന് കഴിഞ്ഞില്ല. സ്വത്ത് ലഭിക്കാന്‍ വേണ്ടി മാത്രം ഒരു അമ്മയും തന്റെ മകന്‍ തന്നെ ബലാത്സംഗം ചെയ്തുവെന്ന ആരോപിക്കില്ലെന്ന് കോടതി പറഞ്ഞു. ബലാത്സംഗത്തിന് പുറമെ ഭീഷണിപ്പെടുത്തിയതിന് 1000 രൂപയും ശിക്ഷ വിധിച്ചു.