നാടിനു വിപത്തായ് ചെങ്കല്‍ കൊള്ള; സമരത്തിനൊരുങ്ങി നാട്ടുകാര്‍.

ആലക്കാട്: ചെങ്കല്‍ ഖനനം ഒരു പ്രദേശത്തിന്റെ മുഴവന്‍ ശാപമായി മാറുന്നതായി ആക്ഷേപം.

കണ്ണൂരിലെ മലയോര പ്രദേശമായ പയ്യന്നൂര്‍ താലൂക്കില്‍ ഉള്‍പ്പെട്ട കടന്നപ്പള്ളി-പാണപ്പുഴ പഞ്ചായത്തിലെ പാണപ്പൂഴ വില്ലേജിലും,എരമം-കുറ്റൂര്‍ ഗ്രാമ പഞ്ചായത്തിലെ വെള്ളോറ വില്ലേജിലും ഉള്‍പ്പെട്ട ആലക്കാട് പാലുവള്ളി, കോയിപ്ര കൂടിച്ചേരുന്ന

ഏക്കര്‍ കണക്കിന് സ്വാകാര്യ വ്യക്തികളുടെയും റവന്യൂഭൂമി ഉള്‍പ്പെടെ കയ്യേറി ചെങ്കല്‍ ഖനനം. വര്‍ഷങ്ങളായി നാട്ടുകാര്‍ കളക്ടര്‍ ഉള്‍പ്പെടെ റവന്യൂ പഞ്ചായത്ത് അധികാരികളുടെ ശ്രദ്ധയില്‍ പെടുത്തിയിട്ടും ശാശ്വത പരിഹാരമില്ല.

എരമം-കുറ്റൂര്‍ പഞ്ചായത്ത് ഓഫിസില്‍ പരാതി വാങ്ങാന്‍ പോലും ഉദ്യോഗസ്ഥര്‍ മടി കാണിക്കുകയാണെന്നും, വെള്ളോറ വില്ലേജ് ഓഫീസില്‍ നിന്നും നാളിതുവരെ സ്ഥലം സന്ദര്‍ശിക്കാന്‍ പോലും സാധിച്ചിട്ടില്ലെന്നും നാട്ടുകാര്‍ പറയുന്നു.

ജിയോളജി-റവന്യൂ വകുപ്പുകളുടെ യാതൊരു അനുമതിയുമില്ലാതെ ഈ ഭാഗത്ത് പ്രവര്‍ത്തിക്കുന്നത് അമ്പതിലധികം ക്വാറികളാണ്. നൂറ് അടി താഴ്ച്ചയില്‍ കുഴി എടുത്തിട്ടും മൂടാതെ അപകടം പതിയിരിക്കുന്ന പത്തോളം പണകള്‍ ഉണ്ടായിട്ടും ഉദ്യോഗസ്ഥരുടെ ഒത്താശയോടെയാണ് ക്വാറി മാഫിയ പ്രവര്‍ത്തിക്കുന്നതെന്നാണ് നാട്ടുകാരുടെ ആരോപണം.

ഖനനം കാരണം സ്വസ്ഥമായി ജീവിക്കാന്‍ പറ്റാത്ത അവസ്ഥയാണെന്നും പ്രദേശവാസികള്‍ പറയുന്നു.

നിരവധി ജൈവവൈവിധ്യങ്ങളുടെ കലവറയായ പാലുവള്ളി, ആലക്കാട്, ഊരടി തുടങ്ങിയ മലപ്രദേശങ്ങളിലേക്ക് നടന്നെത്തിയാല്‍ ചോര പടര്‍ന്നപോലെ ചെങ്കല്‍ ക്വാറികള്‍ കാണാം. കൃത്യമായ രേഖകളോ അതിരുകളോ അനുമതിയോ ഇല്ലാതെ പ്രവര്‍ത്തിക്കുന്നവയാണ് ഏറെയും. നോക്കെത്താ ദൂരത്തോളം കല്ലുകള്‍ മുറിച്ചെടുക്കുകയാണ്.

തിമിരി ദേവസ്വത്തിന്റെ സ്ഥലം കൂടാതെ മിച്ചഭൂമിയിലും യാതൊരു രേഖകളുമില്ലാത്ത സ്വകാര്യ ഭൂമിയിലും രാപ്പകലില്ലാതെ ഖനനം നടക്കുന്നു. വരുന്നവര്‍ വരുന്നവര്‍ അതിരിട്ട് തിരിച്ച് സ്ഥലം കൈവശപ്പെടുത്തുകയാണ്.

പറക്കുളങ്ങള്‍ പോലും നടുകെ പിളര്‍ത്തി കൊണ്ട് പോകുമ്പോളും അധികാരികളുടെ മൗനം അപകടകരമാണ്. പൊടിയും ശബ്ദവും ഒരു വശത്ത്. കിണറ്റിലെവെള്ളം കലങ്ങുന്നതിനാലുള്ള ദുരിതം മറുവശത്ത്.

റോഡിലൂടെ ചീറപ്പായുന്ന ലോറികള്‍ അപകട ഭീഷണി ഉയര്‍ത്തുന്നെന്നും നാട്ടുകാര്‍ പറയുന്നു. ജനകീയ കമ്മറ്റി മുന്‍കയ്യെടുത്ത് സമരവുമായി മുന്നോട്ട് പോവാനാണ് നാട്ടുകാരുടെ തീരുമാനം.