പാളയാട് പാലം പുതുക്കിപ്പണിയാന്‍ 35 ലക്ഷം–കല്ലിങ്കീല്‍ ചോദിച്ചു; മാഷ് കൊടുത്തു.

 

തളിപ്പറമ്പ്: പാളയാട് പാലം ഇനി വേറെ ലെവലാകും. പാലം പുതുക്കിപ്പണിയാന്‍ എം.വി.ഗോവിന്ദന്‍ മാസ്റ്റര്‍ എം.എല്‍.എ അദ്ദേഹത്തിന്റെ അസ്തി വികസന ഫണ്ടില്‍ നിന്ന് 35 ലക്ഷം രൂപ അനുവദിച്ചു.

നഗരസഭാ വൈസ് ചെയര്‍മാനും പാലയാട് വാര്‍ഡ് കൗണ്‍സിലറുമായ കല്ലിങ്കീല്‍ പത്മനാഭന്റെ അഭ്യര്‍ത്ഥന പ്രകാരമാണ് തുക അനുവദിച്ചത്.

തളിപ്പറമ്പില്‍ നിന്നും മാന്തംകുണ്ട് വഴി പുളിമ്പറമ്പിലേക്കുള്ള ഈ റോഡിന്റെ വികസനത്തിന് ഏറ്റവും വലിയ തടസമായിരുന്നു ഈ പാലം.

തളിപ്പറമ്പ് പഞ്ചായത്തായിരിക്കെ 1969 ലാണ് പാലം നിര്‍മ്മിച്ചത്.

അന്നത്തെ കോണ്‍ഗ്രസ് വാര്‍ഡ് മെമ്പര്‍ കല്ലിങ്കീല്‍ നാരായണന്‍ മുന്‍കൈയെടുത്താണ് പാലം നിര്‍മ്മിച്ചത്.

55 വര്‍ഷം പഴക്കമുള്ള ഈ പാലത്തിന് പിന്നീട് യാതൊരുവിധ അറ്റകുറ്റപ്പണികളും നടത്തിയിരുന്നില്ല.

തളിപ്പറമ്പിന്റെ വികസനത്തിന് നിര്‍ണായകമാണ് പാളയാട് പാലത്തിന്റെ പുനര്‍നിര്‍മ്മാണമെന്ന് കല്ലിങ്കീല്‍ പത്മനാഭന്‍ പറഞ്ഞു.

ഇത് കൂടാതെ പുഴക്കുളങ്ങര അംഗന്‍വാടിക്ക് പുതിയ കെട്ടിടം നിര്‍മ്മിക്കാന്‍ 25 ലക്ഷവും, ചിറവക്ക് രാജരാജേശ്വരക്ഷേത്രം റോഡ് സൗന്ദര്യവല്‍ക്കരണത്തിന് 30 ലക്ഷം, കുറുമാത്തൂര്‍ പഞ്ചായത്തിലെ വണ്ണാരപ്പാറ-അണ്ടിക്കളം റോഡ് അഭിവൃദ്ധിപ്പെടുത്താന്‍ 25 ലക്ഷം രൂപയും അനുവദിച്ചിട്ടുണ്ട്.